കരൾ മാറ്റിവയ്ക്കാൻ റിയാദിലെ കിങ്​ ഫൈസൽ ആശുപത്രിയിൽ നടന്ന റോബോട്ടിക്​ ശസ്​ത്രക്രിയ

കരൾ മാറ്റിവയ്ക്കാൻ റോബോട്ടിക്​ ശസ്​ത്രക്രിയ; അപൂർവ നേട്ടം സ്വന്തമാക്കി റിയാദിലെ കിങ്​ ഫൈസൽ ആശുപത്രി

റിയാദ്​: ലോകത്ത്​ ആദ്യമായി റോബോട്ടിന്റെ സഹായത്തോടെ കരൾ മാറ്റിവയ്​ക്കൽ ശസ്​ത്ര​ക്രിയ വിജയകരമായി നടത്തി റിയാദിലെ കിങ്​ ഫൈസൽ സ്​പെഷ്യലിസ്​റ്റ്​ ആശുപത്രി ആൻഡ് റിസർച്ച് സെൻറർ. വളരെ അപൂർവമായി നടന്ന സമ്പൂർണ റോബോട്ടിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാണ്​ ഇത്​​. ഇതോടെ അഭൂതപൂർവമായ ഒരു മെഡിക്കൽ നേട്ടത്തിന്​ കൂടിയാണ്​ കിങ്​ ഫൈസൽ ​സ്​പെഷ്യലിസ്​റ്റ്​ ആശുപത്രി അർഹമായിരിക്കുന്നത്​.

കരൾ രോഗബാധിതനായ 60 വയസുള്ള സൗദി പൗര​നാണ് ശസ്​ത്രക്രിയക്ക്​ വിധേയനായത്​. ഈ ഗുണപരമായ നേട്ടം ലോകമെമ്പാടുമുള്ള രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന്​ ശസ്​ത്രക്രിയ സംഘം തലവനും ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ സെൻറർ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പ്രഫ. ഡയറ്റർ ബ്രൂറിങ്​ പറഞ്ഞു.

ആരോഗ്യസേവനത്തിൽ നൂതനസാ​ങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലും ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കിങ്​ ഫൈസൽ ആശുപത്രി നടത്തുന്ന ശ്രമങ്ങളുടെ വിജയമാണെന്നും ഇത്​ ചരിത്രപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ശേഷിയും പ്രയോജനപ്പെടുത്തുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ നൽകുന്ന മേഖലയിലെ ഓരോ രോഗിക്കും അനുയോജ്യമായ തെരഞ്ഞെടുപ്പായി മാറുന്നതിനുമുള്ള കിങ്​ ഫൈസൽ ആശുപത്രിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ്​ ഈ നേട്ടത്തെ കാണേണ്ടത്​.

ലോകത്തെ ഏറ്റവും പ്രമുഖമായ ആശുപത്രികളിൽ ഒന്നാണ് കിങ്​ ഫൈസൽ ആശുപത്രി ആൻഡ്​​ റിസർച്ച്​ സെൻറർ. 2023 ലെ ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെ പട്ടികയിൽ അടുത്തിടെ 20ാം സ്ഥാനവും പശ്ചിമേഷ്യയിലെ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്​.

Tags:    
News Summary - Saudi Arabia Achieves World's First Robotic-Assisted Whole Liver Transplant Success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.