'റോക്കട്രി ദി നമ്പി എഫക്ട്'; സുനിത വില്യംസിനെ കണ്ട് മാധവനും നമ്പി നാരായണനും

റോക്കട്രി; ദി നമ്പി എഫക്ട് സംവിധായകനും നായകനുമായ ആർ മാധവനും പ്രശസ്ത മലയാളി ശാസ്ത്രഞ്ജൻ നമ്പി നാരായണനും അമേരിക്കൻ പര്യടനത്തിനിടെ സുനിത വില്യംസുമായി കണ്ടുമുട്ടി. ബഹിരാകാശയാത്രക്ക് നാസ തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജയാണ് സുനിത വില്യംസ്. ആദ്യത്തേത് കല്പന ചൗള ആയിരുന്നു. സുനിതയും മാധവനും നമ്പി നാരായണനും ഒരുമിച്ച് നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. 

അതിനിടെ നമ്പി നാരായണന്റെ പേരിൽ യുഎസിലെ സ്റ്റാഫോർഡിൽ ഒരു ദിനവും ആചരിക്കാൻ തീരുമാനമായി. നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ' റോക്കട്രി ദി നമ്പി എഫക്ട്' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ആർ മാധവനും നമ്പി നാരായണനും യു.എസ് സന്ദർശിക്കവേയാണ് ടെക്‌സാസിലെ സ്റ്റാഫോർഡ് മേയർ സെസിൽ വില്ലിസ് ജൂൺ 3 നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചത്.

ഒപ്പം 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ആർ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റ് കയ്യടികൾ ഏറ്റുവാങ്ങിയിരുന്നു. ജൂൺ 3 എന്ന ദിവസം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൻ നമ്പി നാരായണന്റെ പേരിൽ അദ്ദേഹത്തിന് ആദരവ് അർപ്പിക്കാൻ ആയി മാറ്റിവെക്കപെടുമ്പോൾ റോക്കട്രി എന്ന ചിത്രത്തിനും അതൊരു അവിസ്മരണീയ നിമിഷമാണ്. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

ജീവിതം തന്നെ പോരാട്ടമാക്കിയ തന്നെ കുറ്റവാളിയാക്കിയ നിയമത്തിനും കാലത്തിനും മുന്നിൽ നിരപരാധിത്തം തെളിയിച്ച മലയാളി ശാസത്രജ്ഞൻ നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതിന് പിന്നിലും ഒരു മലയാളിയുണ്ട്. ഈ സിനിമ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപെടുമ്പോൾ അതിൽ അഭിമാന നേട്ടം മലയാളിയായ നിർമ്മാതാവ് ഡോ. വർഗീസ് മൂലന് കൂടി അവകാശപ്പെട്ടതാണ്. വ്യവസായി വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചേഴ്സ് ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്. ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റൻ, വെള്ളം സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.

മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആർ. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും നിർമാതാക്കളാണ്. ചിത്രം ജൂലൈ ഒന്നിന് തീയേറ്ററുകളിൽ എത്തും.


Full View


Tags:    
News Summary - R Madhavan, Nambi Narayanan meet Sunita Williams while promoting Rocketry in US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.