വിരൽ പോലും അനക്കാതെ 30 വർഷങ്ങൾ; ഒടുവിൽ യന്ത്രക്കൈ കൊണ്ട് അയാൾ പലഹാരം മുഴുവൻ കഴിച്ചു - VIDEO

30 വർഷങ്ങളായി ഒരു കൈവിരൽ പോലും അനക്കാൻ സാധിക്കാതിരുന്ന മനുഷ്യൻ യന്ത്രക്കൈയുടെ സഹായത്തോടെ 90 സെക്കന്റുകൾ കൊണ്ട് സ്വന്തമായി ഒരു ഡസ്സേർട്ട് മുഴുവൻ കഴിച്ചു. യു.എസിലാണ് സംഭവം. യന്ത്രക്കൈകളെ തലച്ചോറുമായി ബന്ധിപ്പിച്ചുള്ള സാ​ങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്. റോബോട്ടിക് കൈയുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസാണ് ശരീരം ഭാഗികമായി തളർന്നയാളെ പരസഹായമില്ലാതെ ഭക്ഷണം കഴിക്കാൻ സഹായിച്ചത്.

ഭക്ഷണം കഷ്ണങ്ങളാക്കി വായിലേക്ക് കൊണ്ടുവരുന്നതിനായി കത്തിയും ഫോർകും കൈകാര്യം ചെയ്യാൻ അയാളെ അനുവദിച്ച 'രണ്ട് കൈ സംവിധാനം' നിർമ്മിച്ചത് യുഎസിലെ ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്‌സ് ലബോറട്ടറിയിലെ ഗവേഷകരാണ്. രണ്ട് കൃത്രിമ കൈകൾ നിയന്ത്രിക്കാൻ പുരുഷന്റെ മസ്തിഷ്ക സിഗ്നലുകൾ ഉപയോഗിക്കുകയായിരുന്നു ഗവേഷകർ.

"ഞങ്ങളുടെ പരീക്ഷണങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഫലങ്ങൾ അപൂർണ്ണമാണെങ്കിലും, പരിമിതമായ ശാരീരിക ശേഷിയുള്ളവർക്ക് 'ബുദ്ധിശക്തിയുള്ള അസിസ്റ്റീവ് മെഷീനുകളുടെ' യഥാർത്ഥ നിയന്ത്രണം നൽകാൻ കഴിഞ്ഞതിൽ ഞങ്ങൾ ആവേശഭരിതരാണ്," -എപിഎൽ റിസർച്ച് ആൻഡ് എക്‌സ്‌പ്ലോറേറ്ററി ഡവലപ്‌മെന്റ് വിഭാഗത്തിലെ സീനിയർ പ്രോജക്ട് മാനേജർ ഡോ ഫ്രാൻസെസ്കോ ടെനോർ പറഞ്ഞു.

ബ്രെയിൻ-മെഷീൻ ഇന്റർഫേസുകൾ എന്നും അറിയപ്പെടുന്ന ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങളിൽ, സമീപ കാലത്ത് വലിയ പുരോഗതിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. തളർവാതരോഗികളുടെയും ന്യൂറോളജിക്കൽ ഡിസോർഡറുകൾ ബാധിച്ചവരുടെയും ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള സമീപകാല വാഗ്ദാനമാണ് ഈ സാങ്കേതികവിദ്യ. ബ്രെയിൻ ഇംപ്ലാന്റുകളും ബാഹ്യ സെൻസറുകളും പോലെ അവ വിവിധ രൂപങ്ങളിൽ വരുന്നുണ്ട്. എന്നാൽ അടിസ്ഥാനപരമായി ബാഹ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി ന്യൂറൽ സിഗ്നലുകൾ ഡീകോഡ് ചെയ്യുന്ന രീതിയിലാണ് അവ പ്രവർത്തിക്കുന്നത്.

അതേസമയം, ജോൺസ് ഹോപ്കിൻസിലെ ടീം ഇതിനകം തന്നെ ഈ ഗവേഷണത്തിന്റെ അടുത്ത തലത്തിലേക്കും പ്രവേശിച്ചുകഴിഞ്ഞു. കൈകാലുകൾ അറ്റുപോയവരെ റോബോട്ടിക് അവയവങ്ങൾൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ അനുവദിക്കുന്നതായിരിക്കും പുതിയ കണ്ടുപിടുത്തം. 

Full View


Tags:    
News Summary - Paralysed man feeds himself dessert using his mind and smart robotic hands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.