ബംഗളൂരു: ബഹിരാകാശ ചരിത്രം തിരുത്തിയ നൂറാം റോക്കറ്റ് വിക്ഷേപണത്തിന്‍റെ ഓൺബോർഡ് വിഡിയോ പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. ജി.എസ്.എൽ.വി എഫ്-15 റോക്കറ്റ് വിക്ഷേപണത്തിന്‍റെയും ബഹിരാകാശത്ത് വച്ച് ഗതിനിർണയ ഉപഗ്രഹമായ എൻ.വി.എസ്-02’ വേർപ്പെടുന്നതിന്‍റെയും ആറ് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ എക്സിൽ പങ്കുവെച്ചത്.
ഇന്ന് രാവിലെയാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ജി.എസ്.എൽ.വി എഫ്-15 റോക്കറ്റിൽ ‘എൻ.വി.എസ്-02’ വിജയകരമായി വിക്ഷേപിച്ചത്. നിലവിലെ ദിശനിർണയ ഉപഗ്രഹത്തിന് പകരമായി വികസിപ്പിക്കുന്ന അഞ്ച് രണ്ടാംതലമുറഉപഗ്രഹങ്ങളിൽ രണ്ടാമത്തേതാണ് എൻ.വി.എസ്-02.
എൽ1, എൽ5, എസ്, സി ബാൻഡുകളിലെ ദിശാനിർണയ പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. യു.ആർ. റാവു സാറ്റലൈറ്റ് സെന്റർ വികസിപ്പിച്ച എൻ.വി.എസ്-02 ഉപഗ്രഹത്തിന് 2,250 കിലോഗ്രാം ആണ് ഭാരം.
2.23 ടൺ ഭാരമുള്ള ആദ്യത്തെ എൻ.വി.എസ്-01 ഉപഗ്രഹം 2023 മേയ് 29ന് വിജയകരമായി വിക്ഷേപിച്ചിരുന്നു. എൽ വൺ, എൽ ഫൈവ്, എസ് ബാൻഡ് എന്നീ പേലോഡുകൾക്കൊപ്പം സമയവും സ്ഥലവും കുറിക്കാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത റുബിഡിയം ആറ്റമിക് ക്ലോക്കും ഉപഗ്രഹത്തിലുണ്ട്.
അഹമ്മദാബാദ് ആസ്ഥാനമായ സ്പേസ് ആപ്ലിക്കേഷൻ സെന്റർ രൂപകൽപന ചെയ്ത റുബിഡിയം ആറ്റമിക് ക്ലോക്ക് ആണ് എൻ.വി.എസ്-01ൽ ഉപയോഗിച്ചത്. 12 വർഷമാണ് എൻ.വി.എസ്-01ന്‍റെ പ്രതീക്ഷിക്കുന്ന കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.