‘ബ്ലൂ ഗോസ്റ്റി’ന് പിന്നാലെ നാസയുടെ ‘അഥീന’യും; ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ഇന്ന് ലാൻഡിങ്

ടെക്സാസ്: ബ്ലൂ ഗോസ്റ്റ് പേടകത്തിന് പിന്നാലെ നാസയുടെ മറ്റൊരു പേടകമായ അഥീന ഇന്ന് ചന്ദ്രനിൽ ലാൻഡ് ചെയ്യും. നാസയുടെ സഹകരണത്തോടെ സ്വകാര്യ സ്ഥാപനമായ ഇന്റ്യൂറ്റീവ് മെഷീൻസ് വിക്ഷേപിച്ച ലാൻഡർ ആണ് ചന്ദ്രോപരിതലത്തിൽ ഇന്ന് ഇറങ്ങുക. 

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് 160 കിലോമീറ്റർ മാറി മോൺസ് മൗട്ടൺ പ്ലേറ്റിന് സമീപമാണ് അഥീന ലാൻഡർ സോഫ്റ്റ് ലാൻഡിങ് നടത്തുക. ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ മാർച്ച് മൂന്നിന് പ്രവേശിച്ച അഥീന ലോ ലൂണാർ ഓർബിറ്റിലാണ് നിലവിൽ വലം വെക്കുന്നത്. ഫെബ്രുവരി 26ന് സ്​പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് അഥീന വിക്ഷേപിച്ചത്.

ലാൻഡർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായും ലാൻഡിങ്ങിനുള്ള ഉചിത സമയത്തിനായി കാത്തിരിക്കുകയാണെന്നും ഇന്റ്യൂറ്റീവ് മെഷീൻസ് അറിയിച്ചു. അമേരിക്കൻ സമയം ഉച്ചക്ക് 12:3നാണ് സോഫ്റ്റ് ലാൻഡിങ് ക്രമീകരിച്ചിട്ടുള്ളത്.

ഒരാഴ്ചക്കിടെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ സഹകരണത്തോടെ നടത്തുന്ന രണ്ടാമത്തെ ചാന്ദ്രദൗത്യമാണ് അഥിനയുടേത്. 2024 ഫെബ്രുവരിയിൽ യു.എസ് എയ്റോസ്​പേസ് കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീൻസ് ഒരു പേടകം ചന്ദ്രനിലിറക്കിയിരുന്നു.

മാർച്ച് രണ്ടിന് നാസയുടെ സഹകരണത്തോടെ സ്വകാര്യ സ്ഥാപനമായ ഫയർഫ്ലൈ എയ്റോസ്​പേസ് വിക്ഷേപിച്ച ബ്ലൂ ഗോസ്റ്റ് പേടകം ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്തിരുന്നു. ചന്ദ്രനിൽ വിജയകരമായി പേടകം ഇറക്കിയ രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് ഫയർഫ്ലൈ എയ്റോസ്​പേസ്.


2025 ജനുവരി 15നാണ് സ്​പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിച്ച ബ്ലൂ ഗോസ്റ്റ് പേടകം മാർച്ച് രണ്ടിന് ചന്ദ്രനിൽ ഇറങ്ങി. മാർച്ച് നാലിന് ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രനിലെ ആദ്യ സുര്യോദയം പകർത്തി ഭൂമിയിലേക്ക് അയച്ചിരുന്നു.

2023 ആഗസ്റ്റ് 23നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രയാൻ മൂന്നിന്‍റെ റോവർ ഉൾപ്പെടുന്ന ലാൻഡർ ച​ന്ദ്ര​ന്റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡി​ങ് (മൃ​ദു ഇ​റ​ക്കം) ന​ട​ത്തിയത്. 2023 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും എൽ.വി.എം 3 റോക്കറ്റിലാണ് ചന്ദ്രയാൻ മൂന്ന് വിക്ഷേപിച്ചത്.

ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ സഞ്ചരിച്ച് ആഗസ്റ്റ് 23ന് ലാൻഡർ ച​ന്ദ്ര​നിൽ ഇറങ്ങി. തുടർന്ന് ശാസ്ത്രീയ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ലാൻഡറും റോവറും ചന്ദ്രനിൽ രാത്രിയായതോടെ സെപ്റ്റംബർ രണ്ടിന് സ്ലീപ്പിങ് മോഡിലേക്ക് മാറി. എന്നാൽ, 14 ദിവസത്തിന് ശേഷം ചന്ദ്രനിൽ സൂര്യൻ ഉദിച്ചെങ്കിലും ലാൻഡറും റോവറും ഉണർന്നില്ല.

Tags:    
News Summary - Nasa's second private Moon mission Athena to land today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT