ക്ഷീരപഥത്തിന്റെ തിളക്കമുള്ള കാഴ്ച, അതിനെ ചുറ്റി നക്ഷത്രങ്ങൾ... വിസ്മയിപ്പിക്കുന്ന ആകാശഗംഗയുടെ ചിത്രം പങ്കുവെച്ച് നാസ

വാഷിങ്ടൺ: ആകാശഗംഗയുടെ അതിശയിപ്പിക്കുന്ന ചിത്രം പുറത്തുവിട്ട് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഡോക്ക് ചെയ്ത സ്‍പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽനിന്ന് നാസ ബഹിരാകാശയാത്രികൻ ക്രിസ് വില്യംസ് പകർത്തിയ ക്ഷീരപഥത്തിന്റെ അതിശയിപ്പിക്കുന്ന ദൃശ്യമാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്.

ഭൂമിയിൽനിന്ന് നോക്കുമ്പോൾ, ക്ഷീരപഥം രാത്രി ആകാശത്ത് വ്യാപിച്ചുകിടക്കുന്ന ഒരു മങ്ങിയ പ്രകാശവലയം മാത്രമാണ്. എന്നാൽ ഭ്രമണപഥത്തിൽനിന്ന് അതല്ല കാഴ്ച. ഭൂമിയിലെ ലൈറ്റുകളും മൂടൽമഞ്ഞും പൊടിപടലങ്ങളുമെല്ലാം ക്ഷീരപഥത്തിന്റെ ഭംഗിയുള്ള കാഴ്ച നമ്മളിൽനിന്ന് മറയ്ക്കും. അതേസമയം സ്‍പേസ് സ്റ്റേഷനിൽനിന്ന് ഈ തടസ്സങ്ങളൊന്നുമില്ലാതെ ക്ഷീരപഥം കൂടുതൽ തിളക്കമുള്ളതും വിശാലവുമായി കാണപ്പെടും.

‘ക്ഷീരപഥത്തിന്റെ തിളക്കമുള്ള കാഴ്ച... അതിനെ ചുറ്റി നക്ഷത്രങ്ങൾ. പകുതി ഭൂമി മറച്ചിരിക്കുന്നു.’ ചിത്രത്തെക്കുറിച്ച് നാസ എഴുതി. ലക്ഷക്കണക്കിനുപേരാണ് ഇതിനോടകം നാസ പുറത്തുവിട്ട ഈ വിസ്മയ ചിത്രം കണ്ടത്. നിരവധി പേരാണ് ചിത്രത്തിന് പ്രതികരണങ്ങളുമായി എത്തിയത്. ‘ഈ ചിത്രം എടുത്തതിന് വളരെ നന്ദി, ക്രിസ് വില്യംസ്. ഇത് പോസ്റ്റ് ചെയ്തതിന് വളരെ നന്ദി, നാസ. ബഹിരാകാശത്തുനിന്നുള്ള ക്ഷീരപഥത്തിന്റെ കാഴ്ച കാണാൻ ഞാൻ വളരെക്കാലമായി സ്വപ്നം കാണുന്നു. വളരെ നന്ദി...’ ഒരു ഉപയോക്താവ് കുറിച്ചു.

‘നമ്മുടെ സ്വന്തം ഗാലക്സിയായ ക്ഷീരപഥത്തിൽ കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ട്. നമ്മൾ കാണുന്നത് ക്ഷീരപഥത്തിന്റെ ഒരു അരിക് മാത്രമാണ്. നമ്മൾ അതിനുള്ളിലാണ്. അതിന്റെ കേന്ദ്രത്തിൽ നിന്ന് ഏകദേശം 26,000 പ്രകാശവർഷം അകലെ.’ നാസ കുറിക്കുന്നു.

Tags:    
News Summary - NASA Shares Stunning View Of Milky Way Captured From International Space Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.