ന്യൂയോർക്ക്: ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ല അടങ്ങുന്ന സംഘം ജൂൺ 25 ബുധനാഴ്ച ബഹിരാകാശത്തേക്ക് പോകുമെന്ന് നാസ. നേരത്തെ വിവിധ കാരണങ്ങളാൽ പല തവണ മാറ്റിവച്ച ആക്സിയം -4 ദൗത്യമാണ് നാളെ നടക്കുമെന്ന് നാസ അറിയിച്ചത്. നേരത്തെ ജൂൺ 22 ന് ഇന്ത്യയുടെ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും മറ്റ് 3 പേരുമടങ്ങുന്ന സംഘം ബഹിരാകാശത്തേക്ക് യാത്ര തിരിക്കുമെന്നാണ് നാസ അറിയിച്ചത്. പിന്നീട്, വിക്ഷേപണ തീയതി മാറ്റുകയാണെന്നും പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നാസ വ്യക്തമാക്കി.
ഇതിനുമുമ്പ് ദൗത്യം ജൂൺ 19 ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്നങ്ങളും കാരണം വിക്ഷേപണ തീയതി മാറ്റുകയായിരുന്നു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ നിന്നാണ് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകം യാത്ര തിരിക്കുക. ഇന്ത്യയിൽ നിന്നുള്ള ശുഭാംശു ശുക്ല, നാസയുടെ മുതിർന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം -4ലെ അംഗങ്ങൾ.
ഈ സംഘം 14 ദിവസം പരീക്ഷണനിരീക്ഷണങ്ങളുമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്) കഴിയും. നാസ, ഐ.എസ്.ആർ.ഒ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം 4. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഐഎസ്ആർഒയും ആക്‌സിയവും നാസയും സ്‌പേസ് എക്‌സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ശുഭാംശു. 41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുന്നത്. ദൗത്യം വിജയിച്ചാൽ രാകേഷ് ശർമക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ, ബഹിരാകാശ നിലയം തൊടുന്ന ആദ്യ ഇന്ത്യക്കാരൻ എന്നീ ബഹുമതികളാണ് ശുഭാംശു ശുക്ലയെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.