അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് വീണ്ടും ചന്ദ്രനിലേക്ക് ഒരു യാത്ര. ആർട്ടെമിസ് II ദൗത്യത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിയെന്ന് നാസ ഔദ്യോഗികമായിത്തന്നെ വ്യക്തമാക്കിയിരിക്കുന്നു. മനുഷ്യനെയും വഹിച്ചുള്ള ചാന്ദ്രയാത്രാ ദൗത്യമായ ആർട്ടെമിസ് II ഏപ്രിൽ മാസം ആദ്യ ആഴ്ചകളിൽതന്നെ വിക്ഷേപിക്കുമെന്നാണ് നാസയുടെ അറിയിപ്പ്. ബഹിരാകാശ യാത്രയിലെ പുതിയ നാഴികക്കല്ലുകൂടിയാവും ഇത്. വർഷങ്ങളുടെ പരീക്ഷണങ്ങൾക്കു ശേഷമാണ് യു.എസ് ബഹിരാകാശ ഏജൻസി ഇപ്പോൾ മനുഷ്യരാശിയുടെ ഭാവിയുടെ ഗതിതന്നെ നിർണയിക്കുന്ന വിക്ഷേപണത്തിന് ഒരുങ്ങുന്നത്. ബഹിരാകാശ യാത്രയിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള യാത്രക്കുള്ള ഒരുക്കംകൂടിയാകും ഈ ദൗത്യമെന്ന് നാസ പറയുന്നു.
2026 ഏപ്രിൽ ഒന്നിനാണ് ലോഞ്ച് വിൻഡോ തുറക്കുക. വിക്ഷേപണത്തിന്റെ കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും കാലാവസ്ഥക്കും മറ്റു ഘടകങ്ങൾക്കുമനുസരിച്ചായിരിക്കും ദൗത്യ വിക്ഷേപണമെന്നും അധികൃതർ വ്യക്തമാക്കി. നാല് ബഹിരാകാശയാത്രികർ ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് ഭൂമിയിലേക്ക് മടങ്ങുന്നതാണ് പദ്ധതി. 1972ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം ചന്ദ്രനിലേക്കുള്ള ആദ്യ സംഘമായിരിക്കും ഇത്. കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39ബിയിലാണ് വിക്ഷേപണം. റീഡ് വൈസ്മാൻ ആണ് ദൗത്യത്തിന്റെ കമാൻഡർ. പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷലിസ്റ്റ് ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരാണ് ദൗത്യത്തിലെ മറ്റംഗങ്ങൾ. നാസയുടെ ഏറ്റവും ശക്തമായ റോക്കറ്റായ എസ്.എൽ.എസ് റോക്കറ്റ് വഹിക്കുന്ന ഓറിയോൺ ബഹിരാകാശ പേടകത്തിലാകും ഈ യാത്ര. ദൗത്യം: ദീർഘകാലത്തേക്ക് മനുഷ്യ ബഹിരാകാശ യാത്രക്ക് ആവശ്യമായ സംവിധാനങ്ങൾ വിലയിരുത്തുക, ജീവൻ രക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള പഠനം, ഡീപ് സ്പേസ് നാവിഗേഷൻ, റേഡിയേഷൻ എക്സ്പോഷർ കൈകാര്യം ചെയ്യൽ എന്നിവയുടെ പഠനം.
ബഹിരാകാശ പര്യവേക്ഷണത്തിൽ ലോകരാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്ന ‘ആർട്ടെമിസ് കരാർ’ വിജയിച്ചത് ഈ ഈ ദൗത്യത്തിന് കരുത്തേകുന്നുണ്ട്. അമേരിക്കക്ക് ബഹിരാകാശ മേധാവിത്വം ഉറപ്പാക്കുക എന്നതിനൊപ്പം ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യ മേഖലയിലെ പങ്കാളിത്തം വർധിപ്പിക്കുക എന്ന നയപരമായ ലക്ഷ്യവും ഈ ദൗത്യത്തിനു പിന്നിലുണ്ട്. ദൗത്യ സംഘം ഇതിനകം േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ വെച്ച് നിരവധി തവണ പരിശീലനം നടത്തിക്കഴിഞ്ഞു. പേടകത്തിന്റെ പരീക്ഷണം കൂടിയായതിനാൽ തകരാറുകൾ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. അതുകൂടി മുന്നിൽക്കണ്ടുകൊണ്ടുള്ള സുരക്ഷാ സംവിധാനങ്ങളോടുകൂടിയാണ് പേടകം തയാറാക്കിയിരിക്കുന്നത്. യാത്രക്കിടെ പ്രതിസന്ധികൾ നേരിട്ടാൽ ദൗത്യമുപേക്ഷിച്ച് പേടകം തിരികെ ഇറക്കുന്ന രീതിയിലാണ് സജ്ജീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.