'ഡൊണാൾഡ് ജൊഹാൻസൺ' എന്ന ഉപഗ്രഹം
വാഷിങ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ കണ്ടെത്തലുകളുമായി നാസയുടെ 'ലൂസി' പേടകം. ചൊവ്വക്കും വ്യാഴത്തിനും ഇടയിലുള്ള പ്രധാന ഉപഗ്രഹ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന 'ഡൊണാൾഡ് ജൊഹാൻസൺ' എന്ന ഉപഗ്രഹത്തിന്റെ വിചിത്രമായ പ്രത്യേകതകളാണ് ശാസ്ത്രജ്ഞർ പുറത്തുവിട്ടിരിക്കുന്നത്. ബഹിരാകാശത്ത് സാധാരണ കാണാറുള്ള ഉപഗ്രഹങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രൂപവും ഭ്രമണ രീതിയുമാണ് ഇതിനുള്ളത്.
ഭൂമിയുൾപ്പെടെയുള്ള ഭൂരിഭാഗം ഗ്രഹങ്ങളും ഉപഗ്രഹങ്ങളും കൃത്യമായ ഒരൊറ്റ അച്ചുതണ്ടിൽ ശാന്തമായി കറങ്ങുമ്പോൾ, 'ഡൊണാൾഡ് ജൊഹാൻസൺ' രണ്ട് അച്ചുതണ്ടുകളിലായി ചരിഞ്ഞാണ് ഭ്രമണം ചെയ്യുന്നത്. ബഹിരാകാശത്ത് ഒരു വമ്പൻ കുലുക്കത്തോടെയോ ആടിയാടിയോ ആണ് ഇതിന്റെ സഞ്ചാരം. ലൂസി പേടകം ഉപഗ്രഹത്തിന് വെറും 960 കിലോമീറ്റർ അടുത്തെത്തി ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് ഈ 'ടു-ആക്സിസ്' കറക്കം ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്.
പേടകം പകർത്തിയ ക്ലോസ്-അപ് ചിത്രങ്ങളിലാണ് ഈ ഉപഗ്രഹത്തിന്റെ വിചിത്രമായ കശുവണ്ടി രൂപം വ്യക്തമായത്. ഉപരിതലമാകെ വൻ ഗർത്തങ്ങളും പാറയിടുക്കുകളും നിറഞ്ഞതാണ്. കൂടുതൽ പഠനങ്ങളിൽ, ഈ ഉപഗ്രഹത്തിന്റെ ഉപരിതലത്തിൽ ഇരുമ്പിന്റെ അംശമുള്ള പ്രത്യേക കളിമൺ ധാതുക്കൾ കണ്ടെത്തി. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ ഉപഗ്രഹത്തിൽ ദ്രവരൂപത്തിലുള്ള ജലം ഉണ്ടായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിത്.
മുമ്പ് ശാസ്ത്രലോകം പഠനവിധേയമാക്കിയ ബെന്നു, റ്യൂഗു എന്നീ ഉപഗ്രഹങ്ങളിലും സമാനമായ മഗ്നീഷ്യം അടങ്ങിയ കളിമണ്ണുകൾ കണ്ടെത്തിയിരുന്നു. ഇവയെല്ലാം പണ്ട് വലിയൊരു ഗ്രഹത്തിന്റെയോ പാറക്കൂട്ടത്തിന്റെയോ ഭാഗമായിരുന്നപ്പോഴാണ് ദശലക്ഷക്കണക്കിന് വർഷങ്ങൾ നീണ്ടുനിന്ന ജലസാന്നിധ്യം ഉണ്ടായതെന്നാണ് നാസയുടെ നിഗമനം.
സൂര്യപ്രകാശമേറ്റ് ഉപഗ്രഹം ചൂടാകുന്നതുമായി ബന്ധപ്പെട്ട യോർപ് പ്രഭാവം ആണ് ഈ വിചിത്ര ഭ്രമണത്തിന് കാരണം. ഉപഗ്രഹം കൃത്യമായ ഒരു വട്ടരൂപത്തിൽ അല്ലാത്തതിനാൽ, സൂര്യപ്രകാശമേറ്റ് തിരിച്ചു പുറന്തള്ളുന്ന ഇൻഫ്രാറെഡ് രശ്മികളുടെ ബലം എല്ലാ ഭാഗത്തും ഒരുപോലെയല്ല അനുഭവപ്പെടുന്നത്. ഈ അസമമായ മർദം ഉപഗ്രഹത്തിൽ ഒരു പ്രത്യേക തിരിവ് ഉണ്ടാക്കുകയും അതിന്റെ സ്വാഭാവിക ഭ്രമണ വേഗതയെയും അച്ചിനെയും ബാധിക്കുകയും ചെയ്യുന്നു.
'ലൂസി' എന്ന വിഖ്യാത മനുഷ്യ ഫോസിൽ കണ്ടെത്തിയ നരവംശശാസ്ത്രജ്ഞൻ ഡൊണാൾഡ് ജോഹാൻസന്റെ ബഹുമാനാർത്ഥമാണ് ഈ ഉപഗ്രഹത്തിന് പേര് നൽകിയിരിക്കുന്നത്. ഏകദേശം 15.5 കോടി വർഷങ്ങൾക്ക് മുൻപ് നടന്ന അതിശക്തമായ ഒരു ബഹിരാകാശ ഇടിയുടെ ഫലമായാണ് ഈ ഉപഗ്രഹം രൂപപ്പെടുന്നത്.
വ്യാഴത്തിന് സമീപമുള്ള ട്രോജൻ ഉപഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിനായി പോകുംവഴിയാണ് ലൂസി പേടകം ഡൊണാൾഡ് ജൊഹാൻസനെ നിരീക്ഷിച്ചത്. ലോക്ഹീഡ് മാർട്ടിൻ സ്പേസ് നിർമിച്ച ഈ പേടകം നാസയുടെ ഡിസ്കവറി പ്രോഗ്രാമിന്റെ ഭാഗമാണ്. സൗരയൂഥത്തിന്റെ ഉത്ഭവ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പുതിയ വിവരങ്ങൾ എന്ന് നാസയുടെ സയൻസ് മിഷൻ ഡയറക്ടറേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.