മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനുള്ള നാസയുടെ ആർട്ടെമിസ് പദ്ധതിക്ക് വേഗം കൂട്ടി, ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കാനാകുന്ന പുതിയ ലൂണർ വാഹനത്തിന്റെ രൂപരേഖ പുറത്തുവന്നു. ഭാവിയിലെ ചാന്ദ്രദൗത്യങ്ങളിൽ ബഹിരാകാശ യാത്രികർ ഉപയോഗിക്കുന്ന വാഹനമായി അമേരിക്കൻ സ്വകാര്യ കമ്പനിയായ അസ്ട്രോലാബ് വികസിപ്പിച്ച സി.എൽ.വി -1 (Crewed Lunar Vehicle) നാസ തിരഞ്ഞെടുത്തു.
ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിലെ കഠിന ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് CLV-1 രൂപകൽപന ചെയ്തിരിക്കുന്നത്. ബഹിരാകാശയാത്രികരെയും അവശ്യസാധനങ്ങളെയും കൊണ്ടുപോകുന്നതിനൊപ്പം ചില ഉപരിതല പ്രവർത്തനങ്ങൾ ദൂരനിയന്ത്രിതമായും നിർവഹിക്കാനാകും. ഏകദേശം 950 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് മണിക്കൂറിൽ 10 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും.
ചന്ദ്രനിൽ സ്ഥിരസാന്നിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നാസ മുന്നോട്ടുവെക്കുന്ന ‘മൂൺ ബേസ്’ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ ചന്ദ്രനിൽ റോവർ, ചരക്കുവാഹനം, ഡ്രോൺ സംവിധാനങ്ങൾ, വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾ എന്നിവ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ചാന്ദ്രപര്യവേക്ഷണത്തിനൊപ്പം ഭാവിയിലെ മനുഷ്യന്റെ ചൊവ്വാദൗത്യങ്ങൾക്കും അടിത്തറയൊരുങ്ങുമെന്ന് നാസ വ്യക്തമാക്കി.
2028ഓടെ മനുഷ്യരെ വീണ്ടും ചന്ദ്രോപരിതലത്തിലെത്തിക്കാനുള്ള ആർട്ടെമിസ് പദ്ധതിയുടെ നിർണായക ഘടകമായിരിക്കും ഈ വാഹനം. ചന്ദ്രനിലെ ദീർഘകാല താമസത്തിനും ശാസ്ത്രീയ പഠനങ്ങൾക്കുമായി ആവശ്യമായ ഗതാഗത സംവിധാനത്തിന്റെ ആദ്യപടിയെന്ന നിലയിലാണ് CLV-1നെ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.