ജാപ്പനീസ് കമ്പനി ഐസ്പേസിന്‍റെ ചാന്ദ്രദൗത്യം പരാജയം; ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങി തകർന്നു

ടോക്കിയോ: ജാപ്പനീസ് സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐസ്പേസിന്‍റെ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ദൗത്യത്തിന്‍റെ ഭാഗമായി റെസിലിയൻസ് ലൂണാർ ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങി തകർന്നതായി കമ്പനി സ്ഥിരീകരിച്ചു. ചന്ദ്രനിൽ ഇറങ്ങുന്നതിന്‌ ഒന്നര മിനിറ്റ്‌ മാത്രം ശേഷിക്കെ ലാൻഡർ നിയന്ത്രണംവിട്ട് ചന്ദ്രോപരിതലത്തിൽ ഇടിച്ച് തകരുകയായിരുന്നു. ഇത് രണ്ടാംതവണയാണ് ഐസ്പേസ് ദൗത്യം പരാജയപ്പെടുന്നത്. രണ്ടുവർഷം മുമ്പും ഇതേ ഫലമായിരുന്നു.

ചന്ദ്രോപരിതലത്തിലേക്കുള്ള ദൂരം അളക്കുന്നതിൽ റെസിലിയൻസ് ലൂണാർ ലാൻഡറിന് സംഭവിച്ച പിഴവാണ് ഇടിച്ചിറങ്ങാൻ കാരണമായത്. ഉപരിതലത്തോടടുത്തപ്പോൾ വേഗത കുറയ്ക്കാൻ സാധിച്ചില്ല. ഹാർഡ് ലാൻഡിങ്ങിന് പിന്നാലെ ലാൻഡറുമായി ആശയവിനിമയം നഷ്ടമാകുകയായിരുന്നു. ഇതോടെയാണ് ലാൻഡർ ഇടിച്ചിറങ്ങി തകർന്നുവെന്ന നിഗമനത്തിലെത്തിയത്.

കഴിഞ്ഞ ജനുവരിയിൽ വിക്ഷേപിച്ച ലാൻഡർ വെള്ളിയാഴ്ച പുലർച്ചെ 1.15 ഓടെ വടക്കുപടിഞ്ഞാറുള്ള മാരി ഫ്രിഗോരിസ്‌ സമതലത്തിൽ സോഫ്റ്റ് ലാൻഡ്‌ ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. ചാന്ദ്രപ്രതലത്തിന്‌ 192 മീറ്റർ ഉയരത്തിൽ വച്ച്‌ അപ്രതീക്ഷിതമായി എന്തോ സംഭവിച്ചതായി ഐസ്‌പേസ് സി.ഇ.ഒ ടാകേഷി ഹകാമാഡ പറഞ്ഞു. പരാജയകാരണം പഠിക്കും. 2027ൽ അടുത്ത ദൗത്യം വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

Tags:    
News Summary - Japan's ispace fails again: Resilience lander crashes on moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT