ഈ പ്രപഞ്ചത്തിൽ ഭൂമിയിലല്ലാതെ വേറെ എവിടെയെങ്കിലൂം ജീവൻ നിലനിൽക്കുന്നുണ്ടാകുമോ? ശാസ്ത്രലോകം കാലങ്ങളായി ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. ഭൂമിക്ക് പുറത്ത് ജീവനുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന നിഗമനത്തിൽ അറുപത് വർഷമായിട്ടെങ്കിലും ഈ മേഖലയിൽ അന്വേഷണം നടക്കുന്നുണ്ട്.
സൗരയൂഥത്തിലെ ഇതര ഗ്രഹങ്ങളിൽ എവിടെയെല്ലാം ജീവനുണ്ടാകാമെന്ന അന്വേഷണമാണ് ഇതിലൊന്ന്. വ്യാഴത്തിന്റെയും ശനിയുടെയുമെല്ലാം ചില ഉപഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ളതായി ഇതിനകം തെളിഞ്ഞിട്ടുണ്ട്.
സൗരയൂഥത്തിന് പുറത്ത്, ഭൗമസമാന ഗ്രഹങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളും 20 വർഷമായി നടക്കുന്നുണ്ട്. ഇതിനായി ‘കെപ്ലർ’ എന്ന പേരിൽ നാസക്ക് പ്രത്യേക ദൗത്യം തന്നെയുണ്ട്. കെപ്ലർ നിരവധി ഭൗമേതര ഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. എന്നാലിപ്പോൾ, 2021ൽ, നാസ വിക്ഷേപിച്ച ജെയിംസ് വെബ്ബ് ടെലിസ്കോപ് ഒരു ഭൗമസമാന ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നു.
ഭൂമിയിൽനിന്ന് 110 പ്രകാശവർഷം അകലെ ഏതാണ്ട് ശനി ഗ്രഹത്തോളം വലിപ്പമുള്ള ഗ്രഹത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടെത്തലിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. നേരത്തേ കണ്ടെത്തിയ ആറായിരത്തോളം ഭൗമസമാന ഗ്രഹങ്ങളെയെല്ലാം തിരിച്ചറിഞ്ഞത് നേരിട്ടുള്ള കാഴ്ചയിലൂടെയായിരുന്നില്ല.
പ്രസ്തുത, ഗ്രഹം അതിന്റെ മാതൃനക്ഷത്രത്തെ ചുറ്റുമ്പോഴുണ്ടാകുന്ന പ്രകാശമാനത്തിന്റെ വ്യതിയാനവും മറ്റും നിരീക്ഷിച്ചായിരുന്നു ആ ‘കണ്ടെത്തലുകളി’ൽ അധികവും. എന്നാൽ, ജെയിംസ് വെബ്ബിന്റെ കണ്ടെത്തൽ നേരിട്ടുള്ളതാണ്. അതിന്റെ ചിത്രം നേരിട്ട് പകർത്തുകയും ചെയ്തു.
പ്രപഞ്ചത്തിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്ന അന്വേഷണമാണ് പ്രധാനമായും ജെയിംസ് വെബ്ബ് നടത്തുന്നത്. അതിന്റെ കൂടെയാണിപ്പോൾ ഗ്രഹവേട്ടയും ആരംഭിച്ചിരിക്കുന്നത്. ഭാവിയിൽ ഒട്ടേറെ ഭൂസമാന ഗ്രഹങ്ങളെ കണ്ടെത്താൻ ഇത് സഹായകരമാകും. അതുവഴി, ഭൗമേതര ജീവലോകത്തെപ്പറ്റിയും അറിയാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.