എക്സ്​പോസാറ്റിന്റെ (എക്സ്റേ പൊളാരീമീറ്റർ സാറ്റലൈറ്റ്) വിജയ വിക്ഷേപണം വഴി പ്രപഞ്ചരഹസ്യങ്ങളിലേക്ക് പുതിയൊരു കിളിവാതിൽ തുറന്നിരിക്കുകയാണ് ഐ.എസ്.ആർ.ഒ. ച​​​​​​ന്ദ്ര​​​​​​യാ​​​​​​ൻ-1 (2008), മം​​​​​​ഗ​​​​​​ൾ​​​​​​യാ​​​​​​ൻ (2014), അ​​​​​​സ്​​​​​​​ട്രോ​​​​​​സാ​​​​​​റ്റ്​ (2015), ചന്ദ്രയാൻ-3 (2023), ആദിത്യ (2023) എന്നിവയുടെ വിജയവിക്ഷേപണത്തിന്റെ തുടർച്ചയായി എക്സ്​പോസാറ്റിനെ കാണാം. അതേസമയം, ഇതര ഗവേഷണ ദൗത്യങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമാണ് ഈ സ്​പേസ് ഒബ്സർവേറ്ററി.

എക്സ്റേ അസ്ട്രോണമി

പ്രപഞ്ചവിജ്ഞാനീയത്തിൽ എക്സ്റേ അസ്ട്രോണമി എന്നൊരു ശാഖയുണ്ട്. മനുഷ്യന്റെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കാത്തതും ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യത്തിൽനിന്ന് ഏറെ വ്യത്യാസപ്പെട്ടുനിൽക്കുന്നതുമായ പ്രപഞ്ചത്തിലെ എക്സ് കിരണങ്ങളുടെ (എക്സ്റേ) സാന്നിധ്യവും സ്രോതസ്സും വർണരാജിയുമെല്ലാം പഠിക്കുന്ന ശാസ്ത്രശാഖയാണിത്. ഉയർന്ന താപനിലയിൽ വർത്തിക്കുന്ന സൂപ്പർനോവ, തമോഗർത്തം, ന്യൂട്രോൺ നക്ഷത്രം, ക്വാസാർ തുടങ്ങിയ പ്രപഞ്ച വസ്തുക്കളെ നിരീക്ഷിക്കാനും അവയിൽ നടക്കുന്ന വിവിധ പ്രക്രിയകളെക്കുറിച്ച് പഠിക്കാനും ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യത്തിലുള്ള ബഹിരാകാശ നിരീക്ഷണ ഉപകരണങ്ങൾ മതിയാകില്ല. ഇവിടെയാണ് എക്സ്​പോസാറ്റിന്റെ പ്രസക്തി.

ദൗത്യം എന്തിന്?

എക്സ്റേ ഉത്സർജിക്കുന്ന പ്രപഞ്ച വസ്തുക്കൾ നിരവധിയാണ്. ഭൂമിയിൽനിന്ന് അവയെ നിരീക്ഷിക്കുക സാധ്യമല്ല. ഭൗമാന്തരീക്ഷത്തിലെ ഓസോൺ പാളിയുടെ സാന്നിധ്യം കാരണം എക്സ് കിരണങ്ങൾ ഭൂമിയിൽ എത്തില്ല എന്നതാണ് അതിന്റെ കാരണം. അതുകൊണ്ടുതന്നെ, അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രതിരോധം ഒഴിവാക്കി പ്രപഞ്ചത്തിലെ വിവിധ എക്സ്റേ സ്രോതസ്സുകളെ നിരീക്ഷിക്കുകയാണ് എക്സ്​പോസാറ്റ് ചെയ്യുക. ഭൂമിയിൽനിന്ന് ഏകദേശം 650 കിലോമീറ്റർ ഉയരത്തിൽവരെ ഭ്രമണം ചെയ്തായിരിക്കും ഈ സ്​പേസ് ഒബ്സർവേറ്ററിയുടെ പ്രവർത്തനം. ബംഗളൂരുവിലെ രാമൻ റിസർച് ഇൻസ്റ്റിറ്റ്യുട്ട്, യു.ആർ റാവു സാറ്റലൈറ്റ് സെന്റർ എന്നിവിടങ്ങളിൽനിന്നായി വികസിപ്പിച്ച രണ്ട് പേ ലോഡുകളാണ്-എക്സ്റേ പൊളാരി മീറ്റർ, എക്സ്​പെക്റ്റ്- ഇതിലുള്ളത്. ഇതുപയോഗിച്ച് വിവിധ തമോഗർത്തങ്ങളെയും പൾസാറുകളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയുമെല്ലാം എക്സ്​പോ സാറ്റ് നിരീക്ഷണവിധേയമാക്കും. വ്യത്യസ്തമായ തരംഗദൈർഘ്യത്തിൽ പ്രപഞ്ചവസ്തുക്കളെ നിരീക്ഷിക്കുന്ന ഈ രീതി ശാസ്ത്രലോകത്ത് അത്ര പരിചിതമല്ല. നേരത്തേതന്നെ, ച​​ന്ദ്ര എക്സ്റേ ഒബ്സർവേറ്ററി പോലുള്ള എക്സ് കിരണ തരംഗദൈർഘ്യത്തിൽ പ്രവർത്തിക്കുന്ന ഒബ്സർവേറ്ററികൾ വിക്ഷേപിച്ചിണ്ട്. പ്രപഞ്ചത്തിലെ വിവിധ എക്സ്റേ സ്രോതസ്സുകളെ അവ തിരിച്ചറിഞ്ഞു. എന്നാൽ, കൂടുതൽ വിശദമായ എക്സ്റേ പോളറൈസേഷൻ പഠനമൊന്നും നടന്നിരുന്നില്ല. 2021ൽ നാസ അതിനുവേണ്ടി മാത്രമായി ഒരു ദൗത്യം ആരംഭിച്ചു. അതിനുശേഷം ഈ ഉദ്യമത്തിലേർപ്പെടുന്ന രാജ്യമാണ് ഇന്ത്യ. 

‘ഇന്ന് 2024 ജനുവരി ഒന്ന്. പി.എസ്.എൽ.വിയിലൂടെ മറ്റൊരു ദൗത്യംകൂടി നാം സാധ്യമാക്കിയിരിക്കുന്നു. ഈ ദൗത്യം സവിശേഷമാണ്. കാരണം, എക്സ്റേ പോളറൈ​സേഷൻ എന്ന പ്രതിഭാസത്തെ തിരിച്ചറിയാനുള്ള ഉപകരണങ്ങൾ നാം സ്വന്തം നിലയിൽ വികസിപ്പിച്ചതാണ്. ഈ വർഷം നമുക്ക് മുന്നിൽ 12 ദൗത്യങ്ങളാണുള്ളത്; അഥവാ, 12 മാസം 12 ബഹിരാകാശ പദ്ധതികൾ’-എസ് സോമനാഥ് (ഐ.എസ്.ആർ.ഒ ചെയർമാൻ)

Tags:    
News Summary - ISRO-Observation will be done at a height of up to 650 km from the earth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.