ഫ്ലോറിഡ: ഒട്ടേറെ തവണ മാറ്റിവെച്ച, ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തിന്‍റെ ബഹിരാകാശ യാത്ര ആക്സിയം 4 ഇന്ന് യാഥാർഥ്യമാകും. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഉച്ചയ്ക്ക് 12.01നാണ് ശുഭാംശുവിനെയും മൂന്ന് സഹയാത്രികരെയും വഹിച്ചുള്ള ഡ്രാഗൺ ക്രൂ മൊഡ്യൂൾ, സ്പേസ് എക്സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിൽ കുതിച്ചുയരുക. ശുഭാംശു ശുക്ലയ്ക്ക് പുറമേ, യു.എസിൽ നിന്നുള്ള പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള സ്ലാവസ് ഉസ്നാൻസ്കി വിസ്നിയേവിസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപ്പു എന്നിവരാണ് യാത്രികർ‌. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 ദിവസത്തെ ദൗത്യമാണ് സംഘത്തിനുള്ളത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ശുഭാംശു. 41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേക്ക് പോകുന്നത്. ദൗത്യം വിജയിച്ചാൽ രാകേഷ് ശർമക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ, ബഹിരാകാശ നിലയം തൊടുന്ന ആദ്യ ഇന്ത്യക്കാരൻ എന്നീ ബഹുമതികളാണ് ശുഭാംശു ശുക്ലയെ കാത്തിരിക്കുന്നത്.

നാസ, ഐ.എസ്.ആർ.ഒ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നില‌യത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം 4. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്‌സിയം സ്‌പേസാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഐഎസ്ആർഒയും ആക്‌സിയവും നാസയും സ്‌പേസ് എക്‌സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.

നേരത്തെ പലതവണ മാറ്റിവെച്ചതാണ് ആക്സിയം ദൗത്യം. ഇതിനുമുമ്പ് ദൗത്യം ജൂൺ 19 ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്നങ്ങളും കാരണം വിക്ഷേപണ തീയതി വീണ്ടും മാറ്റുകയായിരുന്നു.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01ന് കെന്നഡി സ്പേസ് സെന്ററിലെ 39 എ ലോഞ്ചിങ് സെന്ററിൽ നിന്ന് വിക്ഷേപിക്കുന്ന പേടകം നാളെ വൈകിട്ട് നാലരയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. മൈക്രോ ഗ്രാവിറ്റിയിൽ പേശികളുടെ പുനരുജ്ജീവനത്തെ കുറിച്ചുള്ള പഠനമാണ് പ്രധാനമായും ശുഭാംശു ശുക്ല നടത്തുക. കൂടാതെ ഇന്ത്യയിൽ നിന്ന് ഐഎസ്ആർഒ തെരഞ്ഞെടുത്ത ഏഴ് ഗവേഷണങ്ങളും അദ്ദേഹം നടത്തും.

Tags:    
News Summary - India's Shubhanshu Shukla to launch on space voyage today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-04 02:02 GMT