ഒമ്പതുമാസം നീണ്ട ബഹിരാകാശവാസത്തിന് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. വൃക്കയിൽ കല്ലുകൾ, കാഴ്ച പ്രശ്നം, ഫ്ലൂയിഡിന്റെ പ്രശ്നം, ശരീരത്തിന്റെ സംതുലനാവസ്ഥ നഷ്ടപ്പെടൽ തുടങ്ങി ഒമ്പത് മാസത്തെ ബഹിരാകാശവാസം ഇരുവർക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സമ്മാനിച്ചിട്ടുണ്ട്. വെറും ഒരാഴ്ച നീളുന്ന ദൗത്യത്തിനായി തിരിച്ചവർ ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക തകരാറുകൾ മൂലം മാസങ്ങളോളം ബഹിരാകാശത്ത് കുടുങ്ങിപ്പോവുകയായിരുന്നു. സുനിത വില്യംസും ബുച്ച് വിൽമോറും ഒമ്പത് മാസം ബഹിരാകാശത്ത് കഴിഞ്ഞത് എങ്ങനെയാണെന്നും എന്താണവർ കഴിച്ചതെന്നും ചോദ്യമുയരുന്നത് സ്വാഭാവികം.
ഭൂമിയിൽ നിന്ന് 254 മൈലുകൾ(409 കിലോമീറ്റർ)അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണ് ഇത്രയും കാലം അവർ താമസിച്ചിരുന്നത്. ഈ ബഹിരാകാശ നിലയത്തിന് 25 വർഷത്തോളം പഴക്കമുണ്ട്. ശാസ്ത്രീയ സഹകരണത്തിനുള്ള പ്രധാന കേന്ദ്രമായി പ്രവർത്തിക്കുന്ന ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പത്തിലുള്ള ഗവേഷണ ലാബ് പ്രധാനമായും യു.എസും റഷ്യയുമാണ് കൈകാര്യം ചെയ്യുന്നത്.
നാസയിൽ ചേരുന്നതിന് മുമ്പ് സുനിതയും വിൽമോറും നേവി ടെസ്റ്റ് പൈലറ്റുമാരായിരുന്നു. ഹൈസ്കൂൾ, കോളജ് കാലങ്ങളിലെ ഫുട്ബോൾ താരമാണ് 62കാരനായ വിൽമോറും. 59കാരിയായ സുനിതയാകട്ടെ നീന്തൽ മത്സരങ്ങളിൽ പലതവണ വിജയിയായിട്ടുണ്ട്. നല്ലൊരു അത്‍ലറ്റുമായിരുന്നു.
ബഹിരാകാശത്ത് കഴിയുമ്പോൾ നിലയത്തിലെ ഇന്റർനെറ്റ് കാൾ സംവിധാനം ഉപയോഗിച്ച് സുനിത ഭർത്താവുമായി അമ്മയുമായും ബന്ധുക്കളുമായും ബന്ധം പുലർത്തിയിരുന്നു.
മാസങ്ങളോളം ബഹിരാകാശത്ത് താമസിച്ചാൽ ഒരുപാട് ശാരീരിക വെല്ലുവിളികൾ നേരിടേണ്ടി വരും. മസിലുകൾക്കും എല്ലുകൾക്കും തേയ്മാനം സംഭവിക്കും. ഭൂമിയിലെ ഗുരുത്വാകർഷണവുമായി ഇണങ്ങിച്ചേരാനും പ്രയാസമുണ്ടാകും.
ബഹിരാകാശത്ത് കഴിയുമ്പോൾ പിസയും പൊരിച്ച കോഴിയിറച്ചിയുമാണ് ഇരുവരും കഴിച്ചിരുന്നത്. ഇടക്കിടെ ചെമ്മീൻ കോക്ടെയ്ൽ കഴിക്കും. ഇവയാണ് സാധാരണ ബഹിരാകാശ നിലയത്തിൽ ശാസ്ത്രജ്ഞർക്ക് ഭക്ഷണമായി നൽകുക. ഇടക്ക് ട്യൂണ മത്സ്യവും കിട്ടും. നാസയിലെ മെഡിക്കൽ സംഘം ഇടക്കിടെ ഇവരുടെ ശരീര ഭാരവും കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറിയും പരിശോധിക്കും.
സെപ്റ്റംബർ ഒമ്പതിന് സുനിത വില്യംസ് നിലയത്തിലിരുന്ന് മീൽസ് കഴിക്കുന്ന ദൃശ്യങ്ങൾ നാസ പുറത്തുവിട്ടിരുന്നു. ബഹിരാകാശ നിലയത്തിൽ പഴവർഗങ്ങളും പച്ചക്കറികളും ലഭിക്കും. എന്നാൽ മൂന്നുമാസത്തേക്ക് മാത്രമേ അത് സൂക്ഷിച്ചുവെക്കാൻ സാധിക്കുകയുള്ളൂ. മൂന്നുമാസം കഴിയുമ്പോഴേക്കും അതെല്ലാം തണുത്ത് മരവിച്ച് കട്ടിയായിപ്പോകും.
മാസവും മുട്ടയുമെല്ലാം ഭൂമിയിൽ നിന്ന് പാചകം ചെയ്ത് കൊണ്ടുപോവുകയാണ് ചെയ്യുക. പിന്നീടത് ആവശ്യത്തിനനുസരിച്ച് ചൂടാക്കിക്കഴിക്കും. സൂപ്പും, സ്റ്റ്യൂവും, വെള്ളവും നിലയത്തിൽ ലഭ്യമായിരിക്കും. ബഹിരാകാശശാസ്ത്രജ്ഞരുടെ മൂത്രവും വിയർപ്പും റീസൈക്കിൾ ചെയ്ത് ശുദ്ധജലമാക്കി മാറ്റി വീണ്ടും ഉപയോഗിക്കും. ഐ.എസ്.എസ് ഒരു ദിവസം ബഹിരാകാശ സഞ്ചാരിക്കായി കരുതിവെക്കുന്നത് 3.8 പൗണ്ട് ഭക്ഷണസാധനങ്ങളാണ്. അത് കൂടാതെ സപ്ലിമെന്റുകളും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.