ഗഗൻയാൻ: അപകടം സംഭവിച്ചാൽ ബഹിരാകാശ യാത്രികർ രക്ഷപ്പെടുന്നത് ഈ വാഹനത്തിൽ; ചിത്രം പുറത്തുവിട്ടു

ബംഗളൂരു: ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം നടക്കാനിരിക്കെ ബഹിരാകാശ യാത്രികർക്ക് രക്ഷപ്പെടാനായി (ക്രൂ എസ്കേപ്പിങ് സിസ്റ്റം -സി.ഇ.എസ്) പ്രത്യേകം തയാറാക്കിയ വാഹനത്തിന്‍റെ ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. എക്സിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. 

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമാണ് ഒക്ടോബർ അവസാനത്തിൽ നടക്കുക. ഏതെങ്കിലും രീതിയിൽ അപകടം സംഭവിച്ചാൽ ബഹിരാകാശ യാത്രികർക്ക് രക്ഷപ്പെടാനുള്ള സംവിധാനമായ ക്രൂ എസ്കേപ്പിങ് സിസ്റ്റത്തിന്റെ (സി.ഇ.എസ്) ആളില്ലാ പരീക്ഷണമാണ് ആദ്യം നടക്കുന്നത്. ഇതിനുവേണ്ടി പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് പരീക്ഷണം അരങ്ങേറുക. ഗഗൻയാൻ ദൗത്യത്തിലെ ഏറെ പ്രധാന​പ്പെട്ട ഘടകമാണ് ക്രൂ എസ്കേപ്പിങ് സിസ്റ്റം.

ഗഗൻയാൻ ദൗത്യത്തിനായി നാല് പരീക്ഷണ വിക്ഷേപണങ്ങളാണ് നടക്കുക. ഇതിൽ ആദ്യത്തേതാണ് ഈ മാസം അവസാനം അരങ്ങേറുന്ന ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടി.വി- ഡി 1). തുടർന്ന് ടി.വി- ഡി 2 പരീക്ഷണം നടക്കും. ഈ പരീക്ഷണങ്ങൾക്ക് എൽ.വി.എം ​ത്രീ- ജി 1 റോക്കറ്റാണ് ഉപയോഗിക്കുക. പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിൽ ടി.വി- ഡി 3, ടിവി- ഡി 4 എന്നിവക്കായി റോബോട്ടിക് പേലോഡുകൾ ഉൾപ്പെടുത്തിയ എൽ.വി.എം ​ത്രീ- ജി 2 റോക്കറ്റും ഉപയോഗിക്കും.

ഭൂമിയിൽ നിന്ന് 100 കിലോമീറ്റർ അകലെ മനുഷ്യനെ വഹിച്ച് തിരിച്ചെത്താൻ ശേഷിയുള്ള സിംഗിൾ സ്റ്റേജ് റോക്കറ്റുകളാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നവ. ഇത് ഭാവിയിൽ ബഹിരാകാശ ടൂറിസത്തിനും ഉപയോഗപ്പെടുത്തനാവും. ഈ നാലു പരീക്ഷങ്ങളുടെയും വിജയകരമായ പരിസമാപ്തിക്കു ശേഷമാകും മനുഷ്യനെ വഹിച്ചുള്ള ചരി​ത്രകുതിപ്പിന് ഗഗൻയാൻ ഒരുങ്ങുക.

ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട വ്യോമസേനയിലെ നാല് പൈലറ്റുകളുടെ പരിശീലനം പുരോഗമിക്കുകയാണ്.

Tags:    
News Summary - Gaganyaan Mission: ISRO out Crew Escape System Vehicle Photos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.