ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ആർട്ടിമിസ് 2 കുതിച്ചുയരുന്നത് കാമറയിൽ പകർത്തുന്ന മാധ്യമ പ്രവർത്തകർ
54 വർഷത്തിനുശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് കുതിച്ചിരിക്കുകയാണ്. ഈ സന്ദർഭത്തിൽ, അരനൂറ്റാണ്ടുമുമ്പ് മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിലെ അവസാന യാത്രികൻ യുജിൻ കെർമാൻ ഭൂമിയിലേക്ക് മടങ്ങുമ്പോൾ നടത്തിയ പ്രസ്താവന ഓർക്കാം: ‘മാനവരാശിക്ക് പ്രതീക്ഷയും സമാധാനവുമായി നാം ഇനിയും ഇവിടേക്ക് വരും’’. യുജിന്റെ വാഗ്ദാനം അദ്ദേഹത്തിന്റെ പിൻഗാമികൾ യാഥാർഥ്യമാക്കുമ്പോൾ ശാസ്ത്രലോകമാകെ മാറിയിരിക്കുന്നു. ശാസ്ത്ര ഗവേഷണത്തിന്റെ സ്വഭാവവും ദിശയുമെല്ലാം മാറി. അരനൂറ്റാണ്ടിനിടെ ഭൂമിയിൽനിന്ന് തൊടുത്ത ഏതാനും ഉപഗ്രഹങ്ങൾ ചൊവ്വയിലെത്തി; ആകാശത്ത് ബഹിരാകാശ നിലയങ്ങൾ എന്ന പേരിൽ മനുഷ്യൻ ഗവേഷണത്തിനായി കൂടുകൾ കെട്ടി; സൗരയൂഥത്തിലെ വിവിധ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളുമെല്ലാം ലക്ഷ്യമാക്കി നൂറുകണക്കിന് ദൗത്യങ്ങൾ നടത്തി. പ്രപഞ്ചത്തിന്റെ കാണാദിക്കുകളിലേക്ക് ഹബ്ൾ, ജെയിംസ് വെബ് തുടങ്ങിയ ദൂരദർശിനികളിലൂടെ മനുഷ്യന്റെ കണ്ണുകൾ പതിഞ്ഞു. ഇതിനിടയിൽ, പുതുനൂറ്റാണ്ടിന്റെ ആദ്യ പാദത്തിലെപ്പോഴോ ആണ് ഗവേഷക ലോകത്തിന്റെ ശ്രദ്ധ വീണ്ടും ചാന്ദ്രപര്യവേക്ഷണത്തിലേക്ക് തിരിഞ്ഞത്. പിന്നീട് അതൊരു മത്സരമായി. യു.എസിനോട് മത്സരിക്കാൻ ഇന്ത്യയും ചൈനയും ജപ്പാനുമെല്ലാം തയാറായി ഓരോ ദൗത്യങ്ങൾക്ക് തുടക്കമിട്ടു. അവയെല്ലാം വിജയിക്കുകയും ചെയ്തു. ഈ സ്പേസ് റേസിൽ തങ്ങളുടെ അപ്രമാദിത്വം നിലനിർത്താൻകൂടിയായിരുന്നു ആർട്ടിമിസ് ദൗത്യത്തിന് നാസ രൂപം നൽകിയത്.
തുടക്കം 2017ൽ
ആർട്ടിമിസ് ദൗത്യത്തിന് തുടക്കംകുറിച്ചത് 2017ലാണ്. യൂറോപ്യൻ സ്പേസ് ഏജൻസി, ജപ്പാൻ എയ്റോസ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നീ ഗവേഷണ സ്ഥാപനങ്ങളുടെകൂടി സഹകരണത്തോടെയാണ് ആർട്ടിമിസ് പുരോഗമിച്ചത്. അപ്പോളോ 17ന്റെ 50ാം വാർഷികമായിരുന്ന 2022ൽ ആർട്ടിമിസ് 1 എന്ന ആളില്ലാ പേടകം വിക്ഷേപിച്ചു. നവംബർ 16ന് ഒറിയോൺ എന്ന ബഹിരാകാശ പേടകവുമായി കുതിച്ച എസ്.എൽ.എസ് റോക്കറ്റ് നാല് ദിവസത്തിനുശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ചന്ദ്രോപരിതലത്തിൽനിന്ന് ഒമ്പതിനായിരം കിലോമീറ്റർ ഉയരത്തിൽ ചന്ദ്രനെ വലംവെച്ച ഓറിയോണിൽനിന്നുള്ള വിവിധ ചിത്രങ്ങളും നാസ പുറത്തുവിട്ടു. ഡിസംബർ 11ന് ഓറിയോൺ ഭൂമിയിൽ സുരക്ഷിതമായി പതിച്ചതോടെ ആദ്യഘട്ടം വിജയകരമായി. 2024ൽ, ആർട്ടിമിസ് 2 ദൗത്യം യാഥാർഥ്യമാക്കുമെന്നായിരുന്നു നാസയുടെ പ്രഖ്യാപനം. പക്ഷേ, പല കാരണങ്ങളാൽ അത് നീണ്ടുപോയി.
കാര്യങ്ങൾ വിചാരിച്ചപോലെ നടന്നാൽ ആർട്ടിമിസ് 2ലെ യാത്രികർ ഏപ്രിൽ ആറിന് ചന്ദ്രന്റെ അരികിലെത്തും. ഏതാണ്ട് 5000 മൈൽ അടുത്തുനിന്ന് അവർക്ക് ചന്ദ്രനെ കാണാം. പക്ഷേ, അവിടെ ഇറങ്ങാനാകില്ല. 1968ൽ വിക്ഷേപിച്ച അപ്പോളോ 8ന് തുല്യമായ ദൗത്യമാണിത്. ആ ദൗത്യത്തിൽ മൂന്ന് യാത്രികർ ചന്ദ്രനരികെ എത്തി മടങ്ങി. എന്നാൽ, ആ യാത്രയാണ് തൊട്ടടുത്ത വർഷം നീൽ ആംസ്ട്രോങ്ങിനെയും എഡ്വിൻ ആൽഡ്രിനെയും ചന്ദ്രനിൽ കാലുകുത്താൻ സഹായിച്ചത്. സമാനമായി ആർട്ടിമിസ് 2, ആർട്ടിമിസ് 3 എന്നിവ ആർട്ടിമിസ്-4ലെ യാത്രികർക്ക് ചന്ദ്രനിൽ കാലുകുത്താൻ വഴിയൊരുക്കും. 2028ൽ അത് സംഭവിക്കുമെന്നാണ് നാസയുടെ അവകാശവാദം.
അരനൂറ്റാണ്ടിന്റെ ഇടവേള
രണ്ട് ചാന്ദ്രയാത്രകൾക്കിടയിൽ അരനൂറ്റാണ്ടിന്റെ ഇടവേള വരാൻ കാരണമെന്തായിരിക്കും? പല കാരണങ്ങളുണ്ട്. തുടക്കത്തിൽ സൂചിപ്പിച്ച ഗവേഷണത്തിന്റെ ഫോക്കസ് പ്രപഞ്ചത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിച്ചുവെന്നതാണ് ഒരു കാരണം. അതിനപ്പുറം, സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങളും ഈ നീണ്ട ഇടവേളക്ക് കാരണമായി. ‘അപ്പോളോ’ക്കുശേഷം, ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ പര്യവേക്ഷണങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിഞ്ഞു. അക്കാലത്ത്, യു.എസുമായി ബഹിരാകാശ യുദ്ധം നടത്തിയിരുന്നത് സോവിയറ്റ് ആയിരുന്നുവല്ലൊ. അപ്പോളോയിലൂടെ നാസ വിജയിക്കുകയും സോവിയറ്റ് യൂനിയൻ ശിഥിലമാവുകയും ചെയ്തതോടെ ആ ‘മത്സര’വും പതിയെ അവസാനിക്കുകയായിരുന്നു. ചാന്ദ്ര ദൗത്യത്തിനുള്ള ഭീമമായ ചെലവും യാത്ര താൽക്കാലികമായി മാറ്റിവെക്കാൻ മറ്റൊരു കാരണമാണ്. ഇപ്പോൾ ലോകസാഹചര്യം മാറി.
‘മത്സര’വും പുനരാരംഭിച്ചു. ഇക്കുറി അപ്പുറത്തുള്ളത് ചൈനയാണ്. ബഹിരാകാശത്ത് മറ്റൊരു സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണവർ. തിയാങ്ഗോങ് എന്ന പേരിൽ സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിച്ച ചൈന 2021ൽതന്നെ അവിടേക്ക് മൂന്നു യാത്രികരെ എത്തിച്ചു. അതിനുശേഷവും അവിടെ ആളുകൾ സന്ദർശിച്ചു മടങ്ങി. ചൈനയുടെ ചാന്ദ്രപദ്ധതിയാണ് ഷാങ്ങെ. 2021ൽ ഷാങ്ങെ-5 എന്ന പേടകം ചന്ദ്രനിൽനിന്ന് കല്ലും മണ്ണും ഭൂമിയിലെത്തിക്കുകയുമുണ്ടായി. 2030ന് മുമ്പായി ഈ പദ്ധതിയിലൂടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കുമെന്ന് ചൈനയും അവകാശപ്പെടുന്നു.
പത്ത് ദിവസം; 12 ഘട്ടങ്ങൾ
പത്ത് ദിവസത്തെ ആർട്ടിമിസ് -2 ദൗത്യത്തിന് പ്രധാനമായും 12 ഘട്ടങ്ങളാണുള്ളത്. അവ ഇങ്ങനെ:
1.ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഒറിറോയൺ പേടകം കുതിച്ചുയരുന്നു
2.100 മൈൽ ഉയരത്തിൽ
3.ഭ്രമണ പഥം ഉയർത്തുന്നു
4.വിക്ഷേപണം നടന്ന് രണ്ട് മണിക്കുറിനുശേഷം ഒറിയോൺ പേടകം വേർപ്പെടുന്നു.
5.യാത്രയുടെ ഒന്നാം നാൾ അവസാനിക്കുന്നു.
6.ട്രാൻസ് ലൂണാർ ഇൻജെക്ഷൻ
7.ചന്ദ്രനിലേക്ക് കുതിക്കുന്നു
8.ചന്ദ്രനരികെ (ഫ്ലൈ ബൈ)
9.ട്രാൻസ് എർത് റിട്ടേൺ
10.സർവിസ് മൊഡ്യൂളിൽനിന്ന് യാത്രികരുൾകൊള്ളുന്ന
11.മൊഡ്യൂൾ വേർപ്പെടുന്നു
12.സ്പ്ലാഷ് ഡൗൺ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.