ചൊവ്വയിൽ സൂക്ഷ്മജീവികളുടെ സൂചനകളോ? നാസ റോവറിന്റെ പുതിയ കണ്ടെത്തൽ നിർണായകമാകുന്നു

ചൊവ്വയിൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സൂക്ഷ്മജീവികൾ ജീവിച്ചിരുന്നതാകാമെന്ന സംശയത്തിന് കൂടുതൽ കരുത്തേകുന്ന കണ്ടെത്തലുമായി നാസയുടെ പെർസിവിയറൻസ് (Perseverance) റോവർ. ചൊവ്വയിലെ പുരാതന നദീതടപ്രദേശത്തുനിന്ന് ശേഖരിച്ച പാറകളിൽ സങ്കീർണമായ കാർബൺ സംയുക്തങ്ങൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. ജീവന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കാവുന്ന പ്രധാന രാസസൂചനകളിലൊന്നായതിനാൽ ഈ കണ്ടെത്തലിന് വലിയ പ്രാധാന്യമുണ്ട്.

ചൊവ്വയിലെ ജെസെറോ ഗർത്തത്തിലെ ഒരുകാലത്ത് നദി ഒഴുകിയിരുന്ന നെരെത്വ വാലിസ് (Neretva Vallis) മേഖലയിലെ ബ്രൈറ്റ് ഏഞ്ചൽ പാറനിരകളിൽനിന്നാണ് ഈ കാർബൺ സംയുക്തങ്ങൾ കണ്ടെത്തിയത്. എന്നാൽ, ഈ കണ്ടെത്തൽ ചൊവ്വയിൽ ഒരിക്കൽ ജീവൻ ഉണ്ടായിരുന്നുവെന്നതിന് അന്തിമ തെളിവല്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഇത്തരം കാർബൺ സംയുക്തങ്ങൾ സൂക്ഷ്മജീവികളുടെ അവശിഷ്ടങ്ങളിൽനിന്ന് രൂപപ്പെടാമെങ്കിലും, പാറകളും ജലവും തമ്മിലുള്ള രാസപ്രവർത്തനങ്ങൾ വഴിയോ ഉൽക്കാപതനങ്ങളിലൂടെയോ ഇവ സ്വാഭാവികമായി രൂപപ്പെടാനും സാധ്യതയുണ്ട്. അതിനാൽ ജീവന്റെ സാന്നിധ്യം ഉറപ്പിക്കാൻ കൂടുതൽ വിശദമായ പരിശോധനകൾ അനിവാര്യമാണെന്ന് അവർ പറയുന്നു.

കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത് കണ്ടെത്തിയ 'ചെയാവ ഫാൾസ്' (Cheyava Falls) എന്ന പാറയിലെ പുള്ളികളും ഖനിജഘടനകളും ഭൂമിയിലെ ഫോസിൽ സൂക്ഷ്മജീവികൾ സൃഷ്ടിക്കുന്ന അടയാളങ്ങളോട് സാമ്യമുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴത്തെ കാർബൺ കണ്ടെത്തൽ ആ നിരീക്ഷണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതായാണ് ഗവേഷകരുടെ വിലയിരുത്തൽ. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ചൊവ്വയുടെ ഇന്നത്തെ വരണ്ട ഭൂപ്രകൃതിയിൽനിന്ന് വ്യത്യസ്തമായി, ശതകോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജെസെറോ ഗർത്തം തടാകങ്ങളും നദികളും നിറഞ്ഞ ജലസമൃദ്ധമായ പ്രദേശമായിരുന്നു. അത്തരം സാഹചര്യങ്ങൾ സൂക്ഷ്മജീവികളുടെ നിലനിൽപ്പിന് അനുകൂലമായിരിക്കാമെന്ന വിലയിരുത്തലും ഇതിനുമുമ്പേ ഉണ്ടായിട്ടുണ്ട്. പുതിയ കണ്ടെത്തൽ ആ സാധ്യതയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്.

എന്നിരുന്നാലും, പെർസിവിയറൻസ് റോവറിലുള്ള ഉപകരണങ്ങൾക്ക് ഈ കാർബൺ സംയുക്തങ്ങളുടെ ഉറവിടം ജീവശാസ്ത്രപരമാണോ അതോ ഭൂമിശാസ്ത്രപരമായ പ്രക്രിയകളുടെ ഫലമാണോ എന്ന് നിർണയിക്കാൻ കഴിയില്ല. അതിനായി ചൊവ്വയിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലെ അത്യാധുനിക ലബോറട്ടറികളിൽ പരിശോധിക്കേണ്ടതുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു ‘സാമ്പ്ൾ-റിട്ടേൺ’ ദൗത്യത്തിന്റെ പുതുക്കിയ പദ്ധതി 2030-കളിൽ നടപ്പാക്കാനാണ് നാസയുടെ ലക്ഷ്യം.


Tags:    
News Summary - Signs of microbes on Mars? NASA rover's new discovery becomes crucial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.