19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രഗത്ഭരായ ജ്യോതിശ്ശാസ്ത്രജ്ഞരിലൊരാളായിരുന്നു ഇറ്റലിക്കാരനായ ഗിയോവാനി ഷിയാപറേലി. ചൊവ്വയെ ദൂരദർശിനിയിലൂടെ നിരീക്ഷിച്ച് അദ്ദേഹം ചൊവ്വാ ഭൂപടം തയാറാക്കിയിട്ടുണ്ട്. കടലും വൻകരയുമെല്ലാം ഉൾപ്പെടുന്നതായിരുന്നു ആ ഭൂപടം. അതിന്റെ ആമുഖത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘‘അതൊരു ഊഷര ഭൂമിയല്ല, അതിന് ജീവനുണ്ട്’’.
ചൊവ്വയുടെ ഉപരിതലത്തിൽ താൻ കണ്ട ‘തോടുകളെ‘ക്കുറിച്ച് അദ്ദേഹം ഏറെ വാചാലനായി. ‘കനാലെ’ എന്നാണ് അദ്ദേഹം അതിനെ വിളിച്ചത്. അവിടന്നങ്ങോട്ട് ചൊവ്വയിലെ ജലത്തെക്കുറിച്ചും കടലിനെക്കുറിച്ചുമൊക്കെയുള്ള ശാസ്ത്രാന്വേഷണങ്ങൾ ആരംഭിക്കുകയാണ്. ആ അന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് ചൈനയുടെ ഷുറോങ് റോവറിന്റെ കണ്ടെത്തലിലാണ്. പ്രാചീന കാലത്ത് ചൊവ്വയില്‍ സമുദ്രങ്ങളുണ്ടായിരുന്നതിന്റെ തെളിവുകളാണ് ആ വാഹനം കണ്ടെത്തിയിരിക്കുന്നത്. ചൊവ്വയില്‍ ഒരുകാലത്ത് ജലം ഉണ്ടായിരുന്നുവെന്ന നിഗമനത്തെ ഇത് സാധൂകരിക്കുന്നുണ്ട്.
അഗ്നി ദൈവം എന്നർഥമുള്ള ഷുറോങ് എന്ന് പേരിട്ടിരിക്കുന്ന ചൈനയുടെ ഷുറോങ് റോവര്‍ ദൗത്യം 2020ലാണ് വിക്ഷേപിച്ചത്. ജിയോവാനിയുടെ ഭൂപടത്തിൽ ചൊവ്വയിൽ ജലസാന്നിധ്യത്തിന് സാധ്യത കൽപിക്കപ്പെട്ട യുടോപ്യ പ്ലാനിഷ്യ എന്നറിയപ്പെടുന്ന 3300 കി.മീ വ്യാസമുള്ള ഗര്‍ത്ത മേഖലയിലാണ് പേടകം ഇറങ്ങിയത്. റഡാര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചൊവ്വയുടെ ഉപരിതലത്തിന് 100 മീറ്റര്‍ താഴ്ചയില്‍ ഷുറോങ് റോവര്‍ സ്കാന്‍ ചെയ്തു. ഈ പരിശോധനയിലാണ് ഭൂമിയിലെ കടൽതീരത്തിന് സമാനമായ രൂപങ്ങള്‍ ഉപരിതലത്തിന് താഴെയുള്ളതായി കണ്ടെത്തിയത്.
ഇതാദ്യമായല്ല, ചൊവ്വയിൽ ജലസാന്നിധ്യം സംബന്ധിച്ച പഠനങ്ങൾ പുറത്തുവരുന്നത്. 450 കോടി വർഷം മുമ്പുവരെ ചൊവ്വയിൽ ജലം ഉണ്ടായിരുന്നുവെന്നാണിപ്പോൾ ഈ പഠനങ്ങളുടേയെല്ലാം അടിസ്ഥാനത്തിൽ ശാസ്ത്രലോകത്തിന്റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.