വിക്രം ലാൻഡർ നിദ്രയിലാണ്ടു; 14 ദിവസത്തിന് ശേഷം ഉണരാൻ...

ബംഗളൂരു: ബഹിരാകാശ ചരിത്രം തിരുത്തിയ 14 ദിവസത്തെ ചാന്ദ്ര പര്യവേക്ഷണത്തിന് ശേഷം ചന്ദ്രയാൻ മൂന്നിലെ വിക്രം ലാൻഡർ നിദ്രയിലായി. ചന്ദ്രനിൽ രാത്രി ആരംഭിച്ചതോടെ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ലാൻഡർ നിദ്രയിലേക്ക് (സ്ലീപ്പിങ് മോഡ്) മാറിയത്.

ലാൻഡറിലെ ലേസർ റെട്രോറിഫ്ലക്ടർ അറേ (എൽ.ആർ.എ) ഒഴികെയുള്ള മുഴുവൻ ഉപകരണങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചതായും ലേസർ റെട്രോറിഫ്ലക്ടർ അറേയുടെ പ്രവർത്തനം ആരംഭിച്ചതായും ഐ.എസ്.ആർ.ഒ അറിയിച്ചു. സെപ്റ്റംബർ 22ന് ലാൻഡറും റോവറും ഉണരുമെന്നാണ് പ്രതീക്ഷ. 

ചന്ദ്രനിലെ ഒരു പകൽക്കാലമാണ് (ഭൂമിയിലെ 14 ദിവസം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറും റോബോട്ടിക് വാഹനമായ റോവറും പര്യവേക്ഷണം നടത്തിയത്. സൗരോർജ പാനലുകൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിച്ചിരുന്നത്. അതിനാൽ ഊർജം ലാഭിക്കാനും ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കാനുമാണ് ലാൻഡറിനെയും റോവറിനെയും സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയത്.

അതേസമയം, ലാൻഡറിലെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ലേസർ റെട്രോറിഫ്ലക്ടർ അറേ (എൽ.ആർ.എ) എന്ന ഉപകരണമാണ് ഉണർന്നിരിക്കുന്നത്. ലാൻഡറും റോവറും നിദ്രയിലായതോടെ എൽ.ആർ.എ പ്രവർത്തനം ആരംഭിക്കും.

Full View

ചാന്ദ്രരാത്രികളിൽ ലാൻഡറിന്റെ സ്ഥാനം കണ്ടെത്താൻ എൽ.ആർ.എ സഹായിക്കും. ലാൻഡറിലെ കാമറകളുടെയും സ്പെക്ട്രോമീറ്ററുകളുടെയും പ്രവർത്തനത്തിൽ തടസം വരാതിരിക്കാനാണ് ചാന്ദ്രയാൻ- മൂന്നിന്റെ ദൗത്യം പൂർത്തിയാവുന്നതുവരെ എൽ.ആർ.എ പ്രവർത്തിക്കാതിരുന്നത്.

ചാന്ദ്രരാത്രികളിൽ മൈനസ് 200 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് താപനില. ചന്ദ്രനിലെ ഒരു രാത്രി (ഭൂമിയിലെ 14-15 ദിവസം) കഴിഞ്ഞ് സൂര്യപ്രകാശം വീണ്ടും ചന്ദ്രനിൽ പതിക്കുമ്പോൾ ലാൻഡറും റോവറും ഉണർന്നാൽ ഐ.എസ്.ആർ.ഒക്ക് അത് വൻ നേട്ടമാകും. വീണ്ടും 14 ദിവസം കൂടി പര്യവേക്ഷണത്തിനായി ലഭിക്കും.

Tags:    
News Summary - Chandrayaan-3's Vikram Lander is set into sleep mode around 08:00 Hrs. IST today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.