ബെർമുഡ ട്രയാംഗിൾ രഹസ്യം ചുരുളഴിയുന്നു? ആ അത്ഭുത ദ്വീപ് താഴ്ന്നുപോകാത്തതിന് പിന്നിലെ കാരണം ഇതാണ്!

ലണ്ടൻ: ദശാബ്ദങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന അറ്റ്ലാന്റിക്കിലെ ഏറ്റവും വലിയൊരു രഹസ്യത്തിന് ഒടുവിൽ ശാസ്ത്രലോകം ഉത്തരം കണ്ടെത്തി. ബെർമുഡ ദ്വീപിലെ അഗ്നിപർവ്വതങ്ങൾ നിശ്ചലമായിട്ട് 3 കോടിയിലധികം വർഷങ്ങൾ കഴിഞ്ഞിട്ടും, ചുറ്റുമുള്ള സമുദ്രനിരപ്പിൽ നിന്ന് ഈ ദ്വീപ് എങ്ങനെ ഇത്രയും ഉയർന്നുനിൽക്കുന്നു എന്നതായിരുന്നു ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തിയിരുന്നത്. എന്നാൽ ദ്വീപിന് തൊട്ടുതാഴെ ഒളിഞ്ഞിരിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു ഭൂഗർഭ ഘടനയാണ് ഇതിന് കാരണമെന്ന് അമേരിക്കൻ ശാസ്ത്രജ്ഞരുടെ പുതിയ പഠനം വ്യക്തമാക്കുന്നു.

യേൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജെഫ്രി പാർക്ക്, കാർണഗി സയൻസിലെ ഭൂകമ്പ ശാസ്ത്രജ്ഞനായ വില്യം ഫ്രേസർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങളെ കുറിച്ചുള്ളത്. ഭൂമിയിൽ മറ്റെവിടെയും കാണാത്ത വിധത്തിലുള്ള അപൂർവ്വമായ ഘടനയാണ് ബെർമുഡയെ താങ്ങിനിർത്തുന്നത് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂരിഭാഗം അഗ്നിപർവ്വത ദ്വീപസമൂഹങ്ങളും രൂപപ്പെടുന്നത് ഭൂമിയുടെ ഉൾക്കാമ്പിൽ നിന്നുള്ള ചൂടുള്ള പാറകളുടെ നിരന്തരമായ ഒഴുക്ക് കാരണമാണ്.

ഈ ചൂടുള്ള ദ്രാവകം മുകളിലേക്ക് തള്ളുമ്പോൾ സമുദ്രത്തിന്റെ അടിത്തട്ട് ഉയരുകയും അഗ്നിപർവ്വതങ്ങൾ ഉണ്ടാവുകയും ചെയ്യും. എന്നാൽ കാലക്രമേണ ടെക്റ്റോണിക് പ്ലേറ്റുകൾ നീങ്ങുകയും അഗ്നിപർവ്വത പ്രവർത്തനം നിൽക്കുകയും ചെയ്യുമ്പോൾ ഈ ഭാഗം വീണ്ടും താഴേക്ക് താഴ്ന്നുപോകുകയാണ് പതിവ്. എന്നാൽ ബെർമുഡയിൽ ഇത് സംഭവിച്ചില്ല. അഗ്നിപർവ്വതങ്ങൾ എന്നെന്നേക്കുമായി നിലച്ചിട്ടും ബെർമുഡ ഇന്നും ചുറ്റുമുള്ള സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,600 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ഈ രഹസ്യം ചുരുളഴിക്കാൻ ഗവേഷകർ ലോകമെമ്പാടുമുള്ള ശക്തമായ ഭൂകമ്പങ്ങളിൽ നിന്നുണ്ടാകുന്ന തരംഗങ്ങളെയാണ് ആശ്രയിച്ചത്. ശബ്ദ തരംഗങ്ങൾ വ്യത്യസ്ത വസ്തുക്കളിലൂടെ കടന്നുപോകുമ്പോൾ അവയുടെ വേഗതയിൽ മാറ്റമുണ്ടാകുന്നതുപോലെ, ഭൂകമ്പ തരംഗങ്ങളും ഭൂമിയുടെ ഉള്ളിലെ പാറകളുടെ സാന്ദ്രതക്കനുസരിച്ച് വേഗത കൂട്ടുകയോ കുറക്കുകയോ ചെയ്യും. ബെർമുഡയിലെ സീസ്മിക് സ്റ്റേഷനിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത ശാസ്ത്രജ്ഞർക്ക് ദ്വീപിന് താഴെ 20 മൈൽ വരെയുള്ള ഭാഗത്തിന്റെ കൃത്യമായ ചിത്രം ലഭിച്ചിട്ടുണ്ട്.

സമുദ്രത്തിന്റെ ഉപരിതല പാളിക്ക് തൊട്ടുതാഴെയായി ഏകദേശം 12 മൈലിലധികം (20 കിലോമീറ്റർ) കനമുള്ള ഒരു ഭീമൻ പാറയുടെ പാളിയുണ്ട്! ചുറ്റുമുള്ള മറ്റ് പാറകളെ അപേക്ഷിച്ച് ഇതിന് സാന്ദ്രത വളരെ കുറവാണ്. അതുകൊണ്ടുതന്നെ അടിയിൽ നിന്ന് ചൂടുപാറകൾ മുകളിലേക്ക് തള്ളുന്നതിന് പകരം, ഈ ഭാരം കുറഞ്ഞ പാറപ്പാളി ഒരു 'ഭീമൻ ചങ്ങാടം' പോലെ ബെർമുഡ ദ്വീപിനെ സമുദ്രത്തിന് മുകളിൽ പൊങ്ങിനിൽക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്.

ഭൂമിശാസ്ത്രത്തിൽ 'അണ്ടർപ്ലേറ്റിംഗ്'എന്നറിയപ്പെടുന്ന ഈ പ്രതിഭാസം കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളും ഒന്നിച്ചുചേർന്ന് 'പാൻജിയ' എന്ന ഒറ്റ വൻകരയായിരുന്ന കാലത്ത് രൂപപ്പെട്ടതാകാമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. പിന്നീട് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ അഗ്നിപർവ്വത സ്ഫോടനങ്ങളുടെ ഫലമായി കാർബൺ അടങ്ങിയ ഉരുകിയ പാറകൾ മുകളിലേക്ക് വന്ന് തണുത്തുറഞ്ഞ് ഈ പാളി രൂപപ്പെടുകയായിരുന്നു.

ലോകത്തിലെ മറ്റ് ദ്വീപുകൾക്ക് താഴെയും സമാനമായ ഘടനകളുണ്ടോ എന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ഇപ്പോൾ ശാസ്ത്രസംഘം. ഭൂമിയുടെ ഉൾഭാഗത്തെ ചലനങ്ങളെക്കുറിച്ച് ഇതുവരെ ശാസ്ത്രലോകം പൂർണ്ണമായി മനസ്സിലാക്കാത്ത മറ്റ് ചില പ്രക്രിയകൾ കൂടിയുണ്ടെന്നാണ് ഈ കണ്ടെത്തൽ വിരൽ ചൂണ്ടുന്നത്. 'ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ്' (എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags:    
News Summary - Bermuda Triangle Mystery 'Solved'? Scientists Reveal Structure Found Beneath Island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.