ബീച്ചിൽ കണ്ടെത്തിയ നിഗൂഢ വസ്തു തിരിച്ചറിഞ്ഞെന്ന് ആസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി

ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ആസ്‌ട്രേലിയയിലെ ഒരു കടൽത്തീരത്ത് നിഗൂഢ വസ്തു കണ്ടെത്തിയത്. തീരത്തടിഞ്ഞ രീതിയിലുണ്ടായിരുന്ന വസ്തുവിന് വെങ്കല നിറത്തിലുള്ള സിലിണ്ടറിന്റെ ആകൃതിയായിരുന്നു. 10 അടി നീളവും എട്ട് അടി വീതിയുമുണ്ടായിരുന്നു. പല ഊഹാപോഹങ്ങളും വസ്തുവുമായി ബന്ധപ്പെട്ട പ്രചരിക്കപ്പെട്ടു. 2014-ൽ അപ്രത്യക്ഷമായ MH370 വിമാനത്തിന്റെ ഭാഗമായിരിക്കുമെന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു. അന്യഗ്രഹത്തിൽ നിന്ന് ഭൂമിയിലേക്ക് പതിച്ചതാണെന്ന രീതിയിലുള്ള പ്രചാരണങ്ങൾ പോലും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയുണ്ടായി.


എന്നാൽ, വ്യോമയാന വിദഗ്ധൻ ജെഫ്രി തോമസ് അത് തള്ളിക്കളയുകയും ബീച്ചിൽ കണ്ട വസ്തു കഴിഞ്ഞ വർഷം വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗമാകാൻ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു. എന്നാലിപ്പോൾ അജ്ഞാത വസ്തുവുമായി ബന്ധപ്പെട്ട സുപ്രധാന വിവരം പുറത്തുവിട്ടിരിക്കുകയാണ് ആസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി. വസ്തു പി.എസ്.എൽ.വിയുടെ (PSLV) അവശിഷ്ടമാണെന്നാണ് അവരുടെ സ്ഥിരീകരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഐ.എസ്.ആർ.ഒ (ISRO)യുമായി ബന്ധപെട്ടു വരുന്നതായും അവർ അറിയിച്ചു.

‘‘വെസ്റ്റേൺ ആസ്‌ട്രേലിയയിലെ ജൂരിയൻ ബേയ്‌ക്കടുത്തുള്ള ഒരു കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന വസ്തു ഒരു പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ (പി‌.എസ്‌.എൽ.വി) നിന്ന് വേർപ്പെട്ട അവശിഷ്ടമാണെന്ന് ഞങ്ങൾ സ്ഥിരീകരിച്ചു’’. - ആസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി ട്വീറ്റ് ചെയ്തു.

വസ്തുവിന്റെ ശരിയായ രീതിയിലുള്ള നിര്‍മാര്‍ജനത്തേക്കുറിച്ച് അറിയാനായി ഐ.എസ്.ആർ.ഒയുമായി ബന്ധപ്പെടുന്നുണ്ടെന്നും സമാന രീതിയിലുള്ള മറ്റെന്തെങ്കിലും വസ്തുക്കള്‍ കണ്ടെത്തിയാല്‍ തങ്ങളെ അറിയിക്കണമെന്നും സ്പേസ് ഏജന്‍സി ട്വീറ്റിൽ വ്യക്തമാക്കി.

പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ ഗ്രീൻ ഹെഡിന് സമീപത്തുള്ള ബീച്ചിലായിരുന്നു വസ്തു കണ്ടെത്തിയത്. പരിഭ്രാന്തരായ നാട്ടുകാർ അധികൃതരുടെ ​ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്ന് വെസ്റ്റേൺ ആസ്‌ട്രേലിയ പോലീസ്, ആസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സ്, മാരിടൈം പാർട്ണേർസ് എന്നിവർ സംയുക്തമായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. 

Tags:    
News Summary - Australian Space Agency Identifies Mysterious Object Found On Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.