ഫ്ലോറിഡ: പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നാസയുടെ 'ആർട്ടെമിസ് II' പരീക്ഷണ പറക്കലിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ഏപ്രിൽ 1 ബുധനാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം പുലർച്ചെയുള്ള വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. നാസയുടെ കരുത്തുറ്റ എസ്.എൽ.എസ് (SLS) റോക്കറ്റും ഓറിയോൺ പേടകവും ഉപയോഗിച്ചുള്ള ആദ്യ മനുഷ്യസഹിത ദൗത്യമാണിത്.
സാങ്കേതിക തകരാറുകൾ കാരണം പലതവണ മാറ്റിവച്ച ദൗത്യം വൈകാതെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽനിന്ന് കുതിച്ചുയരും. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം 53 വർഷത്തെ ഇടവേള പിന്നിട്ടാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് പോകാൻ തയാറെടുക്കുന്നത്. ഓറിയോൺ പേടകത്തിൽ ചന്ദ്രനെ വലംവച്ച ശേഷം ഭൂമിയിലേക്ക് സുരക്ഷിതമായി മടങ്ങുക എന്നതാണ് ഈ ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. വരും വർഷങ്ങളിൽ ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം ഉറപ്പാക്കുന്നതിനും ചൊവ്വാ ദൗത്യങ്ങൾക്കും വേണ്ടിയുള്ള സുപ്രധാന ചുവടുവെയ്പായാണ് നാസ ആർട്ടെമിസ് പദ്ധതിയെ കാണുന്നത്.
ആദ്യ ദൗത്യമായ ആർട്ടെമിസ് ഒന്ന് വിജയകരമായി പൂർത്തിയാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഗവേഷകർ. ഇതിന് ശേഷമാണ് മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ആർട്ടെമിസ് II പ്രഖ്യാപിച്ചത്. ലോഞ്ച് കൺട്രോൾ സെന്ററിൽ വിദഗ്ധ സംഘം നിലയുറപ്പിച്ചു കഴിഞ്ഞു. റോക്കറ്റിലെ കമ്മ്യൂണിക്കേഷൻ ലിങ്കുകൾ പരിശോധിക്കുന്നതിനൊപ്പം, ലക്ഷക്കണക്കിന് ഗാലൻ ദ്രാവക ഹൈഡ്രജനും ഓക്സിജനും നിറക്കുന്നതിനുള്ള ക്രയോജനിക് സംവിധാനങ്ങളുടെ സജ്ജീകരണവും പുരോഗമിക്കുകയാണ്. വിക്ഷേപണ സമയത്ത് എൻജിനുകളുടെ ശബ്ദതരംഗങ്ങളിൽ നിന്ന് റോക്കറ്റിനെ സംരക്ഷിക്കുന്നതിനുള്ള വാട്ടർ ഡെലൂജ് സിസ്റ്റവും സജ്ജമായിട്ടുണ്ട്.
നാസയുടെ ബഹിരാകാശ യാത്രികരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസനുമാണ് ഈ ദൗത്യത്തിലുള്ളത്. ഈ ദൗത്യത്തിൽ മനുഷ്യർ ചന്ദ്രനിൽ ഇറങ്ങുന്നില്ല. പകരം, നാല് ബഹിരാകാശ യാത്രികർ ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. പുതിയ പേടകത്തിന്റെയും റോക്കറ്റിന്റെയും സുരക്ഷ പരിശോധിക്കാനാണ് ഈ പരീക്ഷണ യാത്ര. കർശനമായ ആരോഗ്യ പരിശോധനകൾക്കും ക്വാറന്റൈനും ശേഷം ഇവർ വിക്ഷേപണത്തിനായി തയാറെടുത്തു കഴിഞ്ഞു. കൃത്യമായ ഉറക്കവും ഭക്ഷണക്രമവും പാലിച്ച് കെന്നഡി സ്പേസ് സെന്ററിലെ ക്വാർട്ടേഴ്സിലാണ് നിലവിൽ ഇവർ കഴിയുന്നത്.
വിക്ഷേപണ ദിവസം 80 ശതമാനവും അനുകൂല കാലാവസ്ഥയായിരിക്കുമെന്നാണ് യു.എസ് സ്പേസ് ഫോഴ്സിന്റെ പ്രവചനം. ആകാശം മേഘാവൃതമാകുന്നതും കാറ്റിന്റെ വേഗതയുമാണ് നിലവിൽ ചെറിയ ആശങ്കകൾ ഉയർത്തുന്നത്. എങ്കിലും വിക്ഷേപണത്തിന് തടസ്സമുണ്ടാകില്ലെന്നാണ് പ്രതീക്ഷ. ഏപ്രിൽ 1ന് രാവിലെ മുതൽ നാസയുടെ യൂട്യൂബ് ചാനലിലും നാസ പ്ലസിലും (NASA+) വിക്ഷേപണത്തിന്റെ തത്സമയ ദൃശ്യങ്ങൾ ലഭ്യമാകും. ഇന്ധനം നിറക്കുന്നതുൾപ്പെടെയുള്ള നിർണ്ണായക ഘട്ടങ്ങൾ ലോകമെമ്പാടുമുള്ളവർക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ കാണാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.