ചന്ദ്രനെ ചുറ്റി മനുഷ്യൻ... ‘ബ്ലാക്ക്ഔട്ട്’ ഘട്ടത്തെയും മറികടന്ന് ആർട്ടെമിസ് II: ഇനി ഭൂമിയിലേക്ക്

വാഷിങ്ടൺ: നീണ്ട നിശബ്ദതക്ക് ശേഷം ആർട്ടെമിസ് II ചാന്ദ്രദൗത്യത്തിലെ ഓറിയോൺ ബഹിരാകാശ പേടകം ഭൂമിയുമായുള്ള ബന്ധം പുനസ്ഥാപിച്ച് അതിന്റെ ദൗത്യം തുടരുന്നു. നാലംഗ ബഹിരാകാശ സംഘം സഞ്ചരിച്ച ഓറിയോൺ പേടകം ചന്ദ്രനെ വിജയകരമായി ചുറ്റുകയും ഭൂമിയുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതോടെ, അരനൂറ്റാണ്ടിലേറെക്കാലം നിലനിന്ന ‘ഭൂമിയിൽനിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച മനുഷ്യരെന്ന’ റെക്കോർഡുകൾ തകർത്ത് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.

​ഏപ്രിൽ 7ന് ഇന്ത്യൻ സമയം പുലർച്ചെ 5.12ന് ചന്ദ്രന്റെ വിദൂരവശത്തുനിന്ന് ഉയർന്നുവന്ന ആർട്ടെമിസ് II വിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ഡീപ് സ്പേസ് നെറ്റ്‌വർക്ക് സ്വീകരിച്ചു. ചന്ദ്രന്റെ വിദൂരവശത്തായതിനാൽ പേടകത്തിനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ മറഞ്ഞിരുന്നതിനാൽ 40 മിനിറ്റോളം പേടകവുമായുള്ള ആശയവിനിമയം തടസപ്പെട്ടിരുന്നു. റേഡിയോ തരംഗങ്ങൾ ഭൂമിയിൽ എത്തുന്നത് തടഞ്ഞതിനാലാണ് ഇത്. ചന്ദ്രന്റെ ഉപരിതലത്തിൽനിന്ന് ഏകദേശം 4,070 ​മൈൽ അടുത്തുകൂടിയാണ് ഓറിയോൺ പറന്നത്. ഭൂമിയുമായുള്ള ബന്ധം പേടകം വീണ്ടും പുനസ്ഥാപിച്ചപ്പോൾ ബഹിരാകാശ യാത്രികർ അവരുടെ ആവേശവും പങ്കുവെച്ചു. ‘ഭൂമിയെ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ  സന്തോഷ’മുണ്ടെന്ന് ആർട്ടെമിസ് II സംഘാംഗങ്ങളിലൊരാൾ പറഞ്ഞു. നാസ ബഹിരാകാശ യാത്രികരായ റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കനേഡിയൻ ബഹിരാകാശ യാത്രികനായ ജെറെമി ഹാൻസനുമാണ് സംഘത്തിലുള്ളത്.


ഏതൊരു ചാന്ദ്ര ദൗത്യത്തിന്റെയും ഏറ്റവും നിർണായക ഘട്ടങ്ങളിലൊന്നാണ് ഈ ‘ബ്ലാക്ക്ഔട്ട്’. ഈ സമയത്ത് ഭൂമിയിൽനിന്നുള്ള എൻജിനീയർമാരുടെ തത്സമയ മാർഗ്ഗനിർദ്ദേശം ഇല്ലാതെ പര്യവേഷകർ തന്നെ ബഹിരാകാശ പേടകത്തിന്റെ എല്ലാ പ്രവർത്തനങ്ങളും സ്വതന്ത്രമായി കൈകാര്യം ചെയ്യണം. ആശയവിനിമയം തടസപ്പെട്ടെങ്കിലും നാല് ബഹിരാകാശയാത്രികരും അവരുടെ പരീക്ഷണ നിരീക്ഷണങ്ങളിൽ സജീവമായിരുന്നു. കൂടാതെ ച​ന്ദ്രന്റെ വിദൂരവശത്തെ ചിത്രങ്ങൾ പര്യവേഷകർ ഭൂമിയിലേക്ക് അയക്കുകയും ചെയ്യുന്നുണ്ട്. പിന്നീട്, ഓറിയോൺ പേടകം ഭൂമിയിലേക്ക് മടങ്ങുന്നതിന് ആവശ്യമായ വേഗത കൈവരിച്ച്, മടക്കയാത്ര ആരംഭിച്ചു.

പത്തുദിവസം നീളുന്ന ദൗത്യത്തിന്റെ ഏറ്റവും നിർണായക ഘട്ടം പിന്നിട്ടുകഴിഞ്ഞു. ഏപ്രിൽ 10ന് പസഫിക് സമുദ്രത്തിൽ സാൻ ഡീഗോ തീരത്തിന് സമീപം പേടകം പാരച്യൂട്ടുകളുടെ സഹായത്തോടെ ഇറങ്ങും. ആർട്ടെമിസ് IIന്റെ വിജയം 2027ൽ നടക്കാനിരിക്കുന്ന ആർട്ടെമിസ് III ദൗത്യത്തിന് അടിത്തറ പാകും. ഈ ഘട്ടത്തിൽ മനുഷ്യനെ ചന്ദ്രന്റെ ഉപരിതലത്തിൽ പ്രത്യേകിച്ച് ദക്ഷിണധ്രുവത്തിൽ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Artemis II astronauts regain connection with Nasa after Moon flyby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.