വാഷിങ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ചൈന ഉയർത്തുന്ന കടുത്ത വെല്ലുവിളികൾക്കിടയിൽ, തങ്ങളുടെ ചന്ദ്ര-ചൊവ്വ ദൗത്യങ്ങളിൽ പുതിയ മാറ്റങ്ങളുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിഭാവനം ചെയ്തിരുന്ന ലൂണാർ ഗേറ്റ്‌വേ സ്റ്റേഷൻ പദ്ധതി താത്കാലികമായി നിർത്തിവെച്ച്, ചന്ദ്രോപരിതലത്തിൽ നേരിട്ട് സ്ഥിരതാവളം നിർമിക്കാനാണ് നാസയുടെ പുതിയ തീരുമാനം. ഇതിനായി അടുത്ത ഏഴ് വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളർ ചിലവിടുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ പ്രഖ്യാപിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇദ്ദേഹത്തെ ഈ പദവിയിലേക്ക് നിയോഗിച്ചത്.
ചന്ദ്രനിൽ താവളം ഉറപ്പിക്കുന്നതിനൊപ്പം തന്നെ ചൊവ്വ ദൗത്യത്തിലും വിപ്ലവകരമായ മാറ്റങ്ങളാണ് നാസ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 'സ്പേസ് റിയാക്ടർ 1 ഫ്രീഡം' എന്ന പേടകത്തെ 2028ഓടെ വിക്ഷേപിക്കും. ആണവ ഊർജമുപയോഗിച്ച് പ്രവർത്തിക്കുന്ന ഈ പേടകം ആഴമേറിയ ബഹിരാകാശ യാത്രകളുടെ വേഗത വർധിപ്പിക്കാൻ സഹായിക്കും. ചൊവ്വയിൽ ഹെലികോപ്റ്ററുകൾ ഇറക്കി പര്യവേക്ഷണം നടത്താനും നാസക്ക് പദ്ധതിയുണ്ട്. മുമ്പ് ചൊവ്വയിൽ വിജയകരമായി പറന്ന 'ഇൻജെന്യൂയിറ്റി' ഹെലികോപ്റ്ററിന്റെ പരിഷ്കരിച്ച രൂപമായിരിക്കും ഇത്.
2030ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ചൈനയുടെ നീക്കങ്ങളാണ് നാസയെ അതിവേഗത്തിലുള്ള തീരുമാനങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിലയുറപ്പിക്കുന്നതിനേക്കാൾ ഗുണകരമാകുക ഉപരിതലത്തിൽ നേരിട്ട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതാണെന്ന് നാസ വിലയിരുത്തുന്നു. ഇതോടെ ലൂണാർ ഗേറ്റ്‌വേ പദ്ധതിയിൽ നാസയുടെ പങ്കാളികളായിരുന്ന ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവരുടെ ഭാവി പങ്കാളിത്തം സംബന്ധിച്ച് ഊഹാപോഹങ്ങൾക്കും വഴിതെളിക്കുന്നുണ്ട്.
2017-ൽ ട്രംപിന്റെ ആദ്യ ഭരണകാലത്ത് ആരംഭിച്ച അർത്തെമിസ് പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റങ്ങൾ. 1972ൽ അവസാനിച്ച അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള അമേരിക്കയുടെ അഭിമാന പദ്ധതിയാണിത്. റോബോട്ടിക് മിഷനുകൾ വഴി ചന്ദ്രോപരിതലത്തിൽ ആണവ നിലയങ്ങൾ സ്ഥാപിക്കാനും മനുഷ്യവാസം സാധ്യമാക്കാനുമുള്ള തയാറെടുപ്പുകൾ ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ പൂർത്തിയാകുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.