ഐ.വി.എഫ് ചികിത്സക്കും എ. ഐ

ലഖ്നൗ: ഐവിഎഫ് ചികിത്സയിൽ നിർണായക പങ്ക് വഹിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരുങ്ങുന്നു. നിരവധി ഡോക്ടര്‍മാരെ കാണിച്ചിട്ടും മനസ്സിലാകാതിരുന്ന രോഗം നിര്‍ണയിക്കാന്‍ ചാറ്റ്‌ ജി.പി.ടി സഹായിച്ചതിനെപ്പറ്റി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആരോഗ്യപരിചരണ രംഗത്തെ നിര്‍മിത ബുദ്ധിയുടെ സാധ്യതയെ കുറിച്ചുള്ള സൂചന മാത്രമായിരുന്നു ഈ സംഭവം.

ഇപ്പോള്‍ ഐ.വി.എഫ്‌ ചികിത്സ കൂടുതൽ കാര്യക്ഷമമാക്കാനും നിര്‍മിത ബുദ്ധിക്ക്‌ കഴിയുമെന്ന്‌ ചൂണ്ടിക്കാട്ടുകയാണ്‌ ശാസ്‌ത്രലോകം. ഐ.വി.എഫ്‌ ചികിത്സയുടെ കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കാന്‍ നിര്‍മിത ബുദ്ധി സഹായിക്കുമെന്ന്‌ ലഖ്‌നൗവില്‍ നടന്ന ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി സൊസൈറ്റിയുടെ സമ്മേളനത്തിലാണ് അഭിപ്രായമുയർന്നത്. തെരഞ്ഞെടുത്ത അണ്ഡത്തിന്റെയും ബീജകോശത്തിന്റെയും ഗുണനിലവാരം പരിശോധിക്കാൻ നിര്‍മിത ബുദ്ധിക്ക്‌ സാധിക്കുമെന്ന്‌ സമ്മേളനത്തില്‍ വിദഗ്‌ധര്‍ വിലയിരുത്തി.

മികച്ച അണ്ഡ-ബീജ കോംബിനേഷനുകള്‍ തിരഞ്ഞെടുക്കാന്‍ നിര്‍മിത ബുദ്ധി സഹായിക്കുമെന്ന്‌ ഐ.എഫ്.എസ് വൈസ് പ്രസിഡന്റ് ഡോ. ഗീത ഖന്ന വ്യക്തമാക്കി. രോഗികളുടെ ആരോഗ്യസ്ഥിതിയും പ്രത്യുത്‌പാദനക്ഷമതയും അനുസരിച്ചുള്ള ചികിത്സ നല്‍കാനും നിര്‍മിത ബുദ്ധിക്ക്‌ കഴിയുമെന്ന്‌ ഡോ. ഗീത കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന രക്തസമ്മർദം, പ്രമേഹം, തൈറോയ്‌ഡ്‌ പ്രശ്‌നങ്ങള്‍, വൈകിയുള്ള ഗര്‍ഭധാരണം എന്നിവയും വന്ധ്യതയ്‌ക്ക്‌ കാരണമാകുന്നതായി സമ്മേളനം അഭിപ്രായപ്പെട്ടു. രാജ്യത്തെ നാനൂറിലധികം ഐ.വി.എഫ്‌ വിദഗ്‌ധരും ഗൈനക്കോളജിസ്‌റ്റുകളും സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - AI can help in improving the success rate of IVF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.