പിടിവിട്ട് മസ്കിന്‍റെ സ്പേസ് എക്സ് റോക്കറ്റ്; ചന്ദ്രനിൽ ഇടിച്ചിറങ്ങും

സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കിന്‍റെ നേതൃത്വത്തിൽ വിക്ഷേപിച്ച റോക്കറ്റുകളിലൊന്ന് ചന്ദ്രനിൽ ഇടിച്ചിറങ്ങുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഏഴ് വർഷം മുമ്പ് വിക്ഷേപിച്ച ഫാൽക്കൺ 9 റോക്കറ്റാണ് നിയന്ത്രണംവിട്ട് ചന്ദ്രോപരിതലത്തിൽ കൂട്ടിയിടിക്കുക. മാർച്ച് നാലിന് കൂട്ടിയിടി സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാനായാണ് 2015ൽ ഫ്ലോറിഡയിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്. ഉപഗ്രഹത്തെ 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ വിജയകരമായി എത്തിക്കുകയും ചെയ്തു. ഇതിന് ശേഷം ഇന്ധനം തീർന്ന റോക്കറ്റ് ചന്ദ്രനും ഭൂമിക്കുമിടയിലായി ഏഴ് വർഷമായി ഭ്രമണം ചെയ്യുകയായിരുന്നു.

കഴിഞ്ഞ ജനുവരി അഞ്ചിന് ഫാൽക്കൺ റോക്കറ്റ് ചന്ദ്രന് വളരെയടുത്ത ഭ്രമണപഥത്തിലൂടെയാണ് കടന്നുപോയത്. വീണ്ടും ഭ്രമണപഥത്തിലുണ്ടായ മാറ്റമാണ് കൂട്ടിയിടിക്ക് കാരണമായി വിലയിരുത്തുന്നത്.


നാല് ടൺ ഭാരമുള്ളതാണ് ഫാൽക്കൺ റോക്കറ്റ്. ചന്ദ്രനിലേക്കുള്ള പതനം അപകടകരമല്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. എന്നാൽ, ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാനും നാസയുടെ ലൂണാർ റെക്കണൈസെൻസിനും ഫാൽക്കൺ ഭീഷണിയാകുമെന്ന വിലയിരുത്തലുമുണ്ട്.

സെക്കൻഡിൽ 2.5 കിലോമീറ്റർ വേഗത്തിലാണ് റോക്കറ്റ് ചന്ദ്രനിൽ പതിക്കുക. ഇത് ചന്ദ്രനിൽ ചെറിയ ഒരു ഗർത്തം രൂപപ്പെടുത്തും.

ഇതാദ്യമായല്ല മനുഷ്യനിർമിതമായ ബഹിരാകാശ വസ്തു ചന്ദ്രനിൽ പതിക്കുന്നത്. 2009ൽ നാസയുടെ ലൂണാർ ക്രേറ്റർ ഒബ്സർവേഷൻ ആൻഡ് സെൻസിങ് സാറ്റലൈറ്റ് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ പതിച്ചിരുന്നു. 

Tags:    
News Summary - A SpaceX Rocket is Set to Collide With the Moon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.