ദേശീയ ശാസ്ത്രദിനമാണ് ഫെബ്രുവരി 28. പ്രശസ്ത ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ സി.വി. രാമൻ തന്റെ ‘രാമൻ പ്രഭാവം’ കണ്ടെത്തിയത് 1928 ഫെബ്രുവരി 28നായിരുന്നു. ആ കണ്ടെത്തലിനാണ് അദ്ദേഹത്തിന് രണ്ടുവർഷം കഴിഞ്ഞ് നൊബേൽ ലഭിച്ചത്. ഇക്കാരണംകൊണ്ടാണ് സി.വി. രാമനോടുള്ള ആദരസൂചകമായി, ഫെബ്രുവരി 28ന് ശാസ്ത്രദിനമായി ആചരിക്കുന്നത്. ശാസ്ത്ര പ്രചാരണത്തിന്റെയും മറ്റും ദിവസമാണ് നമുക്ക് ശാസ്ത്ര ദിനം. പക്ഷേ, ഇക്കുറി അങ്ങനെ മാത്രമല്ല. രാജ്യത്ത് ശാസ്ത്രദിനം ആചരിക്കുമ്പോൾ ആകാശത്ത് സവിശേഷമായൊരു ഗ്രഹപരേഡ് നടക്കുന്നുണ്ട്. സപ്തഗ്രഹ പരേഡ് എന്ന് വിശേഷിപ്പിക്കാം.
സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങളാണുള്ളത്. അതിൽ ഏഴും (ഭൂമിയൊഴികെ) അടുത്ത ദിവസങ്ങളിൽ ഒരേ ദിശയിൽ വരുന്നു. ഫലത്തിൽ, ഭൂമിയിൽനിന്ന് നിരീക്ഷിക്കുന്നവർക്ക്, ആകാശത്ത് ഏഴ് ഗ്രഹങ്ങൾ നിരന്നുനിൽക്കുന്നതായി തോന്നും. അഥവാ, സൗരയൂഥത്തിലെ എല്ലാ ഗ്രഹങ്ങളും ഒരേ സമയം കാണാൻ കഴിയുക. ഇന്ത്യയിൽ ഏറ്റവും തെളിമയോടെ ഈ കാഴ്ച അനുഭവപ്പെടുക ഫെബ്രുവരി 28നാണ്. സൂര്യാസ്തമയം കഴിഞ്ഞ് 45 മിനിറ്റിനുള്ളിൽ ചക്രവാളത്തിന് സമീപത്തായി ഗ്രഹങ്ങൾ പ്രത്യക്ഷപ്പെടും. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങൾ നഗ്നനേത്രങ്ങൾകൊണ്ടുതന്നെ കാണാം; ബാക്കി രണ്ടും ദൂരദർശിനിയുടെ സഹായത്തോടെയും.
പക്ഷേ, സൂര്യാസ്തമയശേഷം ആകാശം മേഘാവൃതമായാൽ ഈ പരേഡ് കാണാനാവില്ല. ഇനി 2040ൽ മാത്രമേ ഗ്രഹങ്ങളുടെ ഈ സംഗമമുണ്ടാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.