Image: NASA/Victor Zelentsov
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) കുടുങ്ങിയ മൂന്ന് ബഹിരാകാശയാത്രികർ ഈ വർഷം സെപ്തംബറിൽ ഭൂമിയിൽ തിരിച്ചെത്തുമെന്ന് റഷ്യ. റിട്ടേൺ ക്യാപ്‌സ്യൂളിലെ ചോർച്ചയെത്തുടർന്നായിരുന്നു റഷ്യൻ ബഹിരാകാശയാത്രികരായ സെർജി പ്രോകോപിയേവ്, ദിമിത്രി പെറ്റെലിൻ, യു.എസ് ബഹിരാകാശയാത്രികൻ ഫ്രാൻസിസ്കോ റൂബിയോ എന്നിവർ കഴിഞ്ഞ വർഷം ഐ.എസ്.എസിൽ കുടുങ്ങിയത്.
അവരെ റീപ്ലേസ്മെന്റ് കാപ്‌സ്യൂളായ സോയൂസ് എംഎസ് -23 ഭൂമിയിൽ തിരിച്ചെത്തിക്കുമെന്നാണ് റഷ്യ ചൊവ്വാഴ്ച അറിയിച്ചത്. മാർച്ചിൽ തങ്ങളുടെ ദൗത്യം അവസാനിപ്പിക്കാനിരുന്നതായിരുന്നു മൂവർ സംഘം. എന്നാൽ, രണ്ട് മാസം മുമ്പ് അവരുടെ സോയൂസ് എം.എസ് -22 ക്യാപ്‌സ്യൂളിന്റെ കൂളിങ് സിസ്റ്റത്തിൽ ചോർച്ചയുണ്ടായതോടെ ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു.
Image: Mark Garcia/NASA
സ്പേസ് റോക്ക് അല്ലെങ്കിൽ ബഹിരാകാശ പാറയുടെ (മൈക്രോമെറ്റിറോയിഡ്) ചെറിയ കണിക ഉയർന്ന വേഗതയിൽ കാപ്‌സ്യൂളിൽ പതിച്ചതാണ് എം.എസ്-22 ബഹിരാകാശ പേടകത്തിന് ചോർച്ചയുണ്ടാക്കിയതെന്നാണ് നാസയുടെയും റഷ്യയുടെ റോസ്‌കോസ്‌മോസിന്റെയും നിഗമനം. മുമ്പും ബഹിരാകാശ പേടകങ്ങൾക്കും സ്പേസ് സ്റ്റേഷനും മൈക്രോമെറ്റിറോയിഡുകൾ ചെറിയ തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര വലിയ ആഘാതമുണ്ടാക്കുന്നതെന്ന് റോസ്കോസ്മോസ് അറിയിച്ചു.
റീപ്ലേസ്‌മെന്റ് ക്യാപ്‌സ്യൂളായ സോയൂസ് എംഎസ്-23 ഫെബ്രുവരി 24-ന് വിക്ഷേപിക്കുകയും ഫെബ്രുവരി 26-ന് ഐ.എസ്.എസിൽ ഡോക്ക് ചെയ്യുകയും ചെയ്യും. അതേസമയം കേടായ എം.എസ്-22 ബഹിരാകാശ പേടകം മാർച്ചിൽ ക്രൂവില്ലാതെ ഇറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.