Representational Image

ഭൂമിക്ക് പുറത്ത് അന്നുണ്ടായിരുന്നത് 20 പേർ; ചരിത്രത്തിലാദ്യം

നുഷ്യനെ എക്കാലവും മോഹിപ്പിക്കുന്ന ഒന്നാണ് ബഹിരാകാശം. നമ്മൾ ജീവിക്കുന്ന ഭൂമിക്ക് പുറത്ത് എന്താണെന്നും, അവിടെ ജീവനുണ്ടെങ്കിൽ അത് എങ്ങിനെയാണെന്നുമെല്ലാം അറിയാനുള്ള കൗതുകം നൂറ്റാണ്ടുകൾക്ക് മുമ്പേ മനുഷ്യനിൽ ഉടലെടുത്തതാണ്. രാജ്യങ്ങൾ കോടിക്കണക്കിന് തുക ചിലവഴിച്ച് ബഹിരാകാശ ദൗത്യങ്ങളും വിക്ഷേപണങ്ങളും നടത്തുന്നതും ഭൂമിക്ക് പുറത്തെ മറ്റൊരു ലോകത്തെ കുറിച്ചറിയാനാണ്.

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ, ജനുവരി 26ന്, ബഹിരാകാശത്ത് അസാധാരണമായൊരു മനുഷ്യ റെക്കോഡ് പിറന്നു. ഏറ്റവും കൂടുതൽ മനുഷ്യർ ഒരേസമയം ബഹിരാകാശത്ത് നിലയുറപ്പിച്ച ദിവസമായിരുന്നു അത്. ആകെ 20 പേരാണ് ജനുവരി 26ന് ഒരേസമയം ബഹിരാകാശത്തുണ്ടായിരുന്നത്. മനുഷ്യന്‍റെ പരിശ്രമങ്ങൾ ബഹിരാകാശ ഗവേഷണത്തിൽ നടത്തുന്ന കുതിച്ചുചാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ദിനമായി മാറി ഇത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഗവേഷകർ

 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 11 പേർ, ചൈനയുടെ ടിയാങ്ങോങ് ബഹിരാകാശ നിലയത്തിൽ മൂന്ന് പേർ, വിർജിൻ ഗാലക്ടിക് കമ്പനിയുടെ സ്പേസ് വിമാനമായ വി.എസ്.എസ് യൂണിറ്റിയിൽ ആറ് പേർ എന്നിങ്ങനെയാണ് ജനുവരി 26ന് ഏതാനും സമയങ്ങൾ ബഹിരാകാശത്ത് ഒരേസമയം ഉണ്ടായിരുന്ന 20 പേർ. വിവിധ സ്പേസ് ഏജൻസികളുടെ സംയുക്ത സംരംഭമായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഏഴ് ക്രൂ മെമ്പർമാരാണുള്ളത്. ഇവർ ദീർഘകാലമായി നിലയത്തിൽ താമസിച്ച് ബഹിരാകാശ ഗവേഷണങ്ങൾ നടത്തുകയാണ്. ഇത് കൂടാതെ, പ്രത്യേക ദൗത്യങ്ങൾക്കായി എത്തിയ നാല് പേർ കൂടി ചേർന്നപ്പോഴാണ് ബഹിരാകാശ നിലയത്തിലെ അംഗങ്ങളുടെ എണ്ണം 11 ആയത്. ചൈനയുടെ ബഹിരാകാശ നിലയത്തിലും മൂന്ന് പേർ സ്ഥിരമായുണ്ട്.

വിർജിൻ ഗാലക്ടിക്കിന്‍റെ യൂനിറ്റി സ്പേസ് ക്രാഫ്റ്റ് 

 

ബഹിരാകാശ വിനോദസഞ്ചാരത്തിന് നേതൃത്വം നൽകുന്ന വിർജിൻ ഗാലക്ടിക് കമ്പനി തങ്ങളുടെ വി.എസ്.എസ് യൂനിറ്റി ബഹിരാകാശ വാഹനത്തിൽ ആറ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചപ്പോഴാണ് ആകെ സഞ്ചാരികളുടെ എണ്ണം റെക്കോഡിൽ തൊട്ടത്.

ബഹിരാകാശ വിനോദ സഞ്ചാരത്തിന്‍റെ കുതിപ്പും ഈ നേട്ടത്തോടൊപ്പം ചേർത്തുവായിക്കണമെന്ന് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു. വിർജിൻ ഗാലക്ടിക്, സ്പേസ് എക്സ് തുടങ്ങി നിരവധി സ്വകാര്യ സ്ഥാപനങ്ങൾ ബഹിരാകാശ യാത്ര വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വകാര്യ ബഹിരാകാശ നിലയങ്ങളും അന്യഗ്രഹങ്ങളിൽ കോളനികളും വിഭാവനം ചെയ്യുന്നവരുമുണ്ട്. അതിനെല്ലാമുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 20 പേർ ഒരേസമയം ബഹിരാകാശത്ത് ചെലവഴിച്ചു എന്നുള്ളത് ഇന്ന് വലിയ കാര്യമാകുമെങ്കിലും വരുംനാളുകളിൽ ഈ സംഖ്യ ഒരു ചെറിയ ചുവടുവെപ്പ് മാത്രമായി മാറുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. 

Tags:    
News Summary - 20 people in space! Humanity quietly tied a record last month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.