സൂര്യ നാരായണൻ
നീലേശ്വരം: നാസയുടെ സിറ്റിസണ്‍ സയന്റിസ്റ്റ് പ്രോജക്ടില്‍ രണ്ട് ഛിന്നഗ്രഹങ്ങളെ കണ്ടെത്തി നീലേശ്വരം സ്വദേശിയായ 13കാരന്. ബംഗളൂരു അമരജ്യോതി പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി സൂര്യനാരായണന് അരമനയാണ് ഇന്റർനാഷനൽ അസ്ട്രോണമിക്കൽ സെർച്ച് കൊളാബറേഷൻ (ഐ.എ.എസ്.സി) എന്ന നാസ സിറ്റിസണ്‍ സയന്റിസ്റ്റ് പ്രോജക്ടില്‍ ചൊവ്വക്കും വ്യാഴത്തിനുമിടയിലെ പ്രധാന വലയത്തില്‍ രണ്ട് ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയത്.
ഇവക്ക് നിലവില്‍ 2023 വി.ബി 20, 2023 ഡബ്ല്യൂ.സി 48 എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. ഛിന്നഗ്രഹങ്ങളെ സൂര്യനാരായണന് പ്രാഥമികമായി അടയാളപ്പെടുത്തിയ വര്‍ഷങ്ങളെയാണ് ഈ താല്‍ക്കാലിക പേര് സൂചിപ്പിക്കുന്നത്. ഇവക്ക് സ്വന്തമായി പേര് നല്‍കാനുള്ള അവസരവും സൂര്യക്ക് ലഭിച്ചിട്ടുണ്ട്.
നീലേശ്വരം സ്വദേശി ഉമേശൻ അമരനയുടെയും പിലിക്കോട് സ്വദേശിനി പി.വി. രമ്യ നായരുടെയും മകനാണ്. ഉമേശൻ ബംഗളൂരുവില്‍ കണ്‍സ്ട്രക്ഷന്‍ കോൺട്രാക്ടറും രമ്യ എൻജിനീയറിങ് ബിരുദധാരിയും സൈക്കോളജിസ്റ്റുമാണ്. 10 വയസ്സു മുതല്‍തന്നെ ബഹിരാകാശത്തെ സംബന്ധിക്കുന്ന വിഷയങ്ങളിലും ആസ്ട്രോണമിയിലും അതീവ തല്പരനായിരുന്ന സൂര്യനാരായണന് പാഠപുസ്തകത്തിന് പുറമെ ആസ്ട്രോണമി, ആസ്ട്രോ ഫിസിക്സ് വിഷയങ്ങളിലെ പുസ്തകങ്ങള്‍ വായിക്കുന്നതും ശീലമാക്കി.
അഞ്ചാം ക്ലാസിലെത്തിയപ്പോൾ നാഷനല്‍ ആസ്ട്രോണമി ചലഞ്ചില്‍ പങ്കെടുത്തു. ബഹിരാകാശ വിഷയങ്ങളില്‍ തല്പരരായ വിദ്യാർഥികള്‍ രാജ്യത്തെമ്പാടും നിന്നെത്തി മാറ്റുരക്കുന്ന മത്സരമായിരുന്നു ഇത്. ചലഞ്ചില്‍ ടോപ് റാങ്ക് നേടി.
ആറാം ക്ലാസ് വിദ്യാർഥിയായിരിക്കെ അന്തര്‍ദേശീയ ആസ്ട്രോ റിസര്‍ച് കാമ്പയിനിന്റെ വിജ്ഞാപനം ശ്രദ്ധയില്‍പെട്ടു. ഐ.എ.എസ്.സി കാമ്പയിനുകളിലൂടെ പ്രാഥമിക പരീക്ഷണങ്ങളുടെ ഭാഗമായി 20ലധികം ഛിന്നഗ്രഹങ്ങളെ തിരിച്ചറിഞ്ഞു. ഇതില്‍ രണ്ടെണ്ണമാണ് നിലവില്‍ നാസ അംഗീകരിച്ചത്.
ഹവായിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയിലെ പാന്‍-സ്റ്റാര്‍സ് ടെലിസ്കോപ്പുകളില്നിന്നെടുത്ത ചിത്രങ്ങള്‍ ഉപയോഗിച്ച് ചലിക്കുന്ന വസ്തുക്കളെ കണ്ടെത്തുന്നതിന് ആസ്ട്രോമെട്രിക്ക എന്ന സോഫ്റ്റ് വെയറാണ് ഉപയോഗിച്ചത്.
പ്രാഥമിക കണ്ടെത്തലുകള്‍ സമര്‍പ്പിച്ച് ഒരുവര്‍ഷത്തിന് ശേഷമാണ് നാസ ഇത് സ്ഥിരീകരിച്ചത്. ഇതിനുമുമ്പ് മൂന്നു പ്രോജക്ടുകളിലായി 23 പ്രാഥമിക കണ്ടുപിടിത്തങ്ങള്‍ ചെറുപ്രായത്തിൽത്തന്നെ സൂര്യ നടത്തിയിട്ടുണ്ട്. വിവിധ ഒളിമ്പ്യാഡുകളില്‍ അന്തര്‍ദേശീയ, സോണല്‍ റാങ്കുകള്‍ നേടിയിട്ടുണ്ട്.
ഈ വര്‍ഷത്തെ സയന്‍സ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ അക്കാദമിക് എക്സലന്‍സ് അവാര്‍ഡ് ജേതാവ് കൂടിയാണ്. ബംഗളൂരു അമരജ്യോതി പബ്ലിക് സ്കൂളിൽ എൽ.കെ.ജി വിദ്യാർഥിനിയായ തേജസ്വി നാരായണൻ സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.