മുംബൈ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന മരുന്ന് ഏതെന്ന ചോദ്യത്തിന് പുതിയ ഉത്തരമായി. യു.എസ് ഫാർമസ്യൂട്ടിക്കൽസ് കമ്പനിയായ എലി ലില്ലിയുടെ മൗൻജാരോയാണ് ഇന്ത്യൻ വിപണിയിലെ രാജാവ്. അമിതവണ്ണം കുറക്കാനും ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനുമുള്ള മരുന്നാണ് മൗൻജാരോ. പുറത്തിറക്കി ആറ് മാസങ്ങൾക്ക് ശേഷമാണ് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ വിപണി കീഴടക്കിയത്.
നൂറു കോടി രൂപയുടെ വിൽപനയാണ് ഒക്ടോബറിൽ മൗൻജാരോ നേടിയത്. ലണ്ടൻ ആസ്ഥാനമായ ജി.എസ്.കെയുടെ ആൻറിബയോട്ടിക്കായ ഓഗ്മെന്റിനെ കടത്തിവെട്ടിയാണ് ഈ മുന്നേറ്റം. ഓഗ്മെന്റിൻ 80 കോടി രൂപയുടെ വിൽപന നേടി. 333 കോടി രൂപയുടെ മൗൻജാരോ മരുന്നുകളാണ് രാജ്യത്ത് ഇതുവരെ വിറ്റുപോയത്. സെപ്റ്റംബറിൽ വിൽപനയിൽ രണ്ടാം സ്ഥാനത്തായിരുന്നു മൗൻജാരോ. അതേസമയം, 12 മാസത്തെ വിൽപനയിൽ 863 കോടിയുമായി ഓഗ്മെന്റിൻ തന്നെയാണ് ഒന്നാം സ്ഥാനത്ത്.
ശരീര ഭാരം കുറക്കുന്നതിനുള്ള ചികിത്സ രാജ്യത്ത് വർധിച്ചതോടെയാണ് മൗൻജാരോ വിപണിയിലെ താരമായത്. നോവോ നോർഡിസ്കായിരുന്നു വിപണിയിൽ മൗൻജാരോയുടെ ഏറ്റവും വലിയ വെല്ലുവിളി. മരുന്നു വിതരണ കമ്പനിയായ ഫാർമറാക്ക് ടെക്നോളജീസാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയത്.
രാജ്യത്തെ സമ്പന്നരാണ് മൗൻജാരോയുടെ പ്രധാന ഉപഭോക്താക്കൾ. മുംബൈയിലെ സെലിബ്രിറ്റികളും സമ്പന്നരും കഴിയുന്ന വേർലി, ദാദർ, വാഡല തുടങ്ങിയ മേഖലകളിലാണ് മൗൻജാരോ ഏറ്റവും കൂടുതൽ വിറ്റുപോകുന്നതെന്നും ഫാർമറാക്ക് റിപ്പോർട്ടിൽ പറയുന്നു. ഈ മേഖലയിലാണ് ശരീര ഭാരം കുറക്കാനുള്ള ക്ലിനിക്കുകൾ കൂടുതൽ പ്രവർത്തിക്കുന്നത്. വൻ വില നൽകി ജീവിതശൈലി മരുന്നുകൾ വാങ്ങാൻ ഉപഭോക്താക്കൾ തയാറാണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. വരുന്ന മാസങ്ങളിലും മൗൻജാരോ വിൽപനയിൽ ഒന്നാം സ്ഥാനത്ത് തുടരുമെന്നാണ് സൂചന. അമിത വണ്ണം കുറക്കുന്ന ചികിത്സക്ക് അടുത്ത വർഷം പുതിയ മരുന്നുകൾ വരുന്നതോടെ വിലയിൽ വൻ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ട്.
യുർപീക്ക് എന്ന ബ്രാൻഡിൽ സമാന മരുന്ന് ആഭ്യന്തര വിപണിയിൽ വിതരണം ചെയ്യാൻ സിപ്ലയുമായി കഴിഞ്ഞ മാസം എലി ലില്ലി കരാറിൽ ഏർപ്പെട്ടിരുന്നു. ശരീരഭാരം കുറക്കാനുള്ള മരുന്ന് വിപണിയിലേക്കുള്ള സിപ്ലയുടെ പ്രവേശനത്തിനും ഈ കരാർ തുടക്കമിട്ടു. ശരീര ഭാരം കുറക്കുന്നതിനുള്ള മരുന്ന് വിപണി ഇന്ത്യയിൽ അതിവേഗമാണ് വളരുന്നത്. കാരണം, രാജ്യത്ത് 25.4 കോടിയിലധികം പേർ പൊണ്ണത്തടിയുള്ളവരും 10 കോടിയിലധികം മുതിർന്നവർ പ്രമേഹ ബാധിതരുമാണെന്നാണ് കണക്ക്.
സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് എലി ലില്ലി മൗൻജാരോ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം ആഴ്ചയിലൊരിക്കലാണ് മൗൻജാരോ ഇൻജക്ഷൻ എടുക്കേണ്ടത്. അഞ്ച് മില്ലിഗ്രാമിന് 4,375 രൂപയാണ് വില. 2.5 മില്ലിഗ്രാമിന് 3,500 രൂപയും. അമിത വണ്ണം കുറക്കാൻ ചികിത്സ തേടുന്നവർ മൗൻജാരോ ഉപയോഗിക്കണമെങ്കിൽ പ്രതിമാസം 14,000 രൂപ മുടക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.