ഫൗസിയ പാര്‍ലിമെന്‍റിലെത്തുമോ?

കണ്ണൂര്‍: ഇ.അഹമ്മദി​​െൻറ ഒഴിവിലേക്ക് പാര്‍ലിമെന്‍റിലേക്ക് മത്സരിക്കാൻ ഇ.അഹമ്മദിന്‍െറ പുത്രി ഫൗസിയ ഷര്‍ശാദ് എത്തുമോയെന്നാണ്​ രാഷ്​ട്രീയ കേരളം ഉറ്റുനോക്കുന്നത്​. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്ന് ഫൗസിയ പ്രതികരിക്കുകയും ചെയ്തു. എന്നാൽ വനിതാ ലീഗി​​െൻറ  പരിപാടികളിലെ ഫൗസിയയുടെ അസാന്നിധ്യം ചൂണ്ടികാട്ടി ലീഗിലെ വനിതാ നേതൃത്വം തന്നെ ഇതിന്​ വിയോജിപ്പു പ്രകടിപ്പിച്ചു കഴിഞ്ഞു. ഇ അഹമ്മദിന്‍െറ അന്ത്യനിമിഷങ്ങളോട് ഡല്‍ഹി കാണിച്ച ക്രൂരമായ സമീപനത്തോട് ശക്തമായി പ്രതികരിച്ച് ശ്രദ്ധപിടിച്ചു പറ്റിയ  ഫൗസിയ പിതാവിന്‍െറ പിന്‍ഗാമിയായി പാര്‍ലിമെന്‍റിലെത്തുന്നത് മുസ്ലിംലീഗിന് ഏറെ ഗുണം ചെയ്യുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം, ഫൗസിയക്ക് അതിനുള്ള രാഷ്ട്രീയ ഇച്ഛാ ശക്തിനേടിയിട്ടുണ്ടോ എന്നകാര്യത്തിൽ ലീഗിന് ആശങ്കയുണ്ടാകാം.

കഴിഞ്ഞ ദിവസം നാട്ടിലത്തെിയ ഫൗസിയയും ഭര്‍ത്താവും പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിൽ പോയി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടിരുന്നു. മത്സരിക്കാൻ താൻ തയാറാണെന്ന ഫൗസിയയുടെ പ്രഖ്യാപനം മുസ്ലിംലീഗില്‍ വെടിക്കെട്ടിനാണ് തീ കൊളുത്തുക.  

പി.കെ.കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത നേതൃത്വമാണ് ശരിക്കും ഞെട്ടിയത്. കുഞ്ഞാലിക്കുട്ടിയെ ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിവിടാന്‍ ആഗ്രഹിച്ചവരെല്ലാം അഹമ്മദിന്‍െറ പാര്‍ലിമെന്‍റിലെ പിന്‍ഗാമി കൂടി അദ്ദേഹമാവണം എന്നാഗ്രഹിച്ചിട്ടുണ്ട്. അല്ലാതെയുള്ള ഒരു ദേശീയ സാരഥ്യം കുഞ്ഞാലിക്കുട്ടിക്ക് തിളക്കമുണ്ടാക്കില്ല. നല്ല നിലയില്‍ ഇ.ടി.മുഹമ്മദ്ബഷീര്‍ ദേശീയ രാഷ്ട്രീയത്തില്‍ അഹമ്മദിനോടൊപ്പം തിളങ്ങിയിട്ടുണ്ട്. പാര്‍ലിമെന്‍റംഗമല്ലാത്ത ദേശീയജനറല്‍ സെക്രട്ടറിയാവുന്നതിനെക്കാള്‍ കുഞ്ഞാലിക്കുട്ടിക്ക് കേരളത്തിലെ നിയമസഭാ പാര്‍ട്ടി ലീഡറായി തുടരുന്നതാണ് ഗുണം.

കുഞ്ഞാലിക്കുട്ടിയെ ദേശീയ രാഷ്ട്രീയത്തില്‍ പ്രതിഷ്ടിക്കുമ്പോള്‍ ഇവിടെ കുഞ്ഞാലിക്കുട്ടിയുടെ കുപ്പായം കണ്ട് പനിക്കുന്ന ചിലരുണ്ട്. നിയമസാംഗത്വം മുതല്‍ നിയമസഭാ ലീഡര്‍ സ്ഥാനം വരെ സ്വപ്നം കണ്ടവര്‍. അവരും ഫൗസിസയയുടെ താല്‍പര്യം കേട്ട് ഞെട്ടി. കൊടപ്പനക്കല്‍ തറവാടുമായി ബന്ധപ്പെട്ട സമസ്ത നേതൃത്വവും അമ്പരപ്പിലാണെന്നു പറയാം. പഞ്ചായത്തുകളില്‍ നേര്‍പാതി സംവരണം ഏര്‍പ്പെടുത്തിയത് കൊണ്ട് സ്​ത്രീകളെ പൊതുരംഗത്തേക്ക്​ ഇറക്കാതെ നിര്‍വാഹമില്ല എന്നതുകൊണ്ടാണ്​ സമസ്ത മുസ്ലിംലീഗിന് വനിതാ രാഷ്ട്രീയത്തില്‍ പലതിനും പച്ചക്കൊടി കാണിച്ചത്. എന്നാൽ നിയമസഭയില്‍ അത് അനുവദിച്ചിട്ടില്ല. വനിതാ ലീഗില്‍ നിയമസഭയില്‍ ശോഭിക്കാന്‍ കെല്‍പുള്ള കിടയറ്റ നേതാക്കള്‍ ലീഗിനുണ്ട്. എന്നാൽ ഇതുവരെ ഒരു വനിതയെയും മുസ്ലിംലീഗ് നിയമസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല. തങ്ങളില്‍ നിന്ന് ഒരു വനിതയെ എങ്കിലും നിയമസഭയില്‍ കൊണ്ടുവരും മുമ്പ് ഇ. അഹമ്മദി​​െൻറ മകളെ പാര്‍ലിമെന്‍റിലേക്ക് എങ്ങിനെ പരിഗണിക്കും എന്ന ചോദ്യം വനിതാ ലീഗ് നേതൃത്വം ഉന്നയിക്കുന്നത്​ സ്വാഭാവികം. ഈ ചോദ്യത്തിന് മുന്നില്‍ ഉത്തരം മുട്ടുന്നത് മുസ്ലിംലീഗ് നേതൃത്വവും കൊടപ്പനക്കല്‍ തറവാടുമാണ്​.

വനിതാ ലീഗ് നേതൃ രംഗത്ത് ഇത്വരെ കടന്നു വരാത്ത ഒരാളാണ് ഫൗസിയ. അവര്‍ പാര്‍ലിമെന്‍റിലേക്ക് മല്‍സരിച്ചേക്കുമെന്ന വാര്‍ത്തയോട് അഡ്വ.നൂര്‍ബിന റഷീദ് നല്ല സ്വരത്തിലല്ല പ്രതികരിച്ചത്. ഓരോ സ്ത്രീകള്‍ക്കും അങ്ങിനെ ആഗ്രഹിക്കാന്‍ അവകാശമുണ്ടെന്നും, ഫൗസിയ ഇന്നേവരെ വനിത ലീഗിലോ പൊതുരംഗത്തോ ഉണ്ടായിട്ടില്ലെന്നും നൂര്‍ബിന തുറന്ന് പറഞ്ഞിരിക്കുന്നു.

ഫൗസിയക്ക് ബാപ്പയുടെ രാഷ്ട്രീയത്തോട് ഇഷ്ടമില്ലാതാവുകയോ, വിയോജിപ്പുണ്ടാവുകയോ ചെയ്തിട്ടില്ല എന്നതാണ് ശരി. മെഡിക്കല്‍ പ്രൊഫഷണല്‍ എന്ന നിലയില്‍ ഫൗസിയ ഭര്‍ത്താവിനോടൊപ്പം പ്രവാസം തെരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാവട്ടെ മക്കളെ രാഷ്ട്രീയത്തില്‍ ഇറക്കുന്നതില്‍ വലിയ താല്‍പര്യവും കാണിച്ചില്ല. അത് വേണ്ട എന്നത് കൊണ്ടല്ല. മക്കള്‍ മുസ്ലിംലീഗിനെ സ്നേഹിക്കുന്നവരാണെന്നും എന്നാല്‍, താനവരെ രംഗത്തിറങ്ങാൻ പ്രേരിപ്പിക്കാത്തത്, വേറെ കാരണങ്ങള്‍ കൊണ്ടാണെന്നും അഹമ്മദ് പറയുകയുണ്ടായി. ‘അഹമ്മദ് മക്കള്‍ രാഷ്ട്രീയം തുടങ്ങി എന്നും ഇനി നിനക്ക് കേള്‍ക്കണോ’ എന്നായിരുന്നു വ്യക്തതയോടെ അഹമ്മദ് അന്ന് ചോദിച്ചത്.

മക്കള്‍ രാഷ്ട്രീയം മുസ്ലിംലീഗിലില്ലെന്ന്​ ആര്‍ക്കും പറയാനാവില്ല. കൊടപ്പനക്കലില്‍ നിന്ന് തന്നെയാണ് അതിനും മാതൃകയുള്ളത്. പാണക്കാട് പൂക്കോയതങ്ങള്‍ വേര്‍പിരിഞ്ഞപ്പോള്‍, മുഹമ്മദലി ശിഹാബ്​ തങ്ങളിലേക്ക് അമരത്വം മാറിയത് സയ്യിദ്​ കുടുംബത്തോടുള്ള ആഭിമുഖ്യത്തി​​െൻറ പ്രത്യേകതയിലൂടെയാണ്. എന്നാലും അതൊരു മക്കള്‍ പിന്തുടര്‍ച്ചയായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രന്‍ മുനവ്വിറലി ശിഹാബ് യൂവജനനിരയിലൂടെ ഇപ്പോള്‍ ചുവടെടുത്ത് വെക്കുന്നതും മക്കള്‍ രാഷ്ട്രീയത്തിലേക്കാണ്. സി.എച്ചി​​െൻറ കാല്‍പാടുകളെ എം.കെ.മുനീര്‍ പിന്തുടര്‍ന്നത് അദ്ദേഹത്തി​​െൻറ രാഷ്ട്രീയമായ കഴിവ് കൂടി പരിഗണിക്കുമ്പോള്‍ കേവലമായ മക്കള്‍ രാഷ്ട്രീയ പ്രവേശനമല്ല. സീതിഹാജിയുടെ മകന്‍ ബഷീര്‍ ഇന്ന് വെറുമൊരു എം.എല്‍.എ. മാത്രമല്ല. സംസ്ഥാന ലീഗ് നേതൃത്വത്തിൽ ശക്തമായ അഭിപ്രായം പ്രകടിപ്പിക്കുന്ന മുൻനിര നേതാവ് കൂടിയാണ്.

ഡോ.ഫൗസിയ പാര്‍ലിമെന്‍റിലേക്ക് വരുന്നതില്‍ പിന്നില്‍ കരുനീക്കം നടത്തിയത്​ കുഞ്ഞാലിക്കുട്ടിയെ പാര്‍ലിമെന്‍റിലേക്ക് തടുത്തു നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണെന്ന്​ സൂചനയുണ്ട്​. പാര്‍ലിമെന്‍റ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ മുസ്ലിംലീഗ് നേതൃത്വം നാളെ യോഗം ചേരാനിരിക്കെ ഫൗസിയ പ്രശ്നം കീറാമുട്ടി തന്നെയാണ്.

 

 

Tags:    
News Summary - സി.കെ.എ.ജബ്ബാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.