തിരുവനന്തപുരം:കേരളപ്പിറവി ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ യുവജന സംഗമവും രാജ്ഭവൻ മാർച്ചും നടത്തുമെന്ന് ആൾ ഇന്ത്യ അൺ- എംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റി അറിയിച്ചു. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് വൻതോതിൽ വർധിക്കുന്നുവെന്നാണ് നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ റിപ്പോർട്ട്. 15 വയസിനും 29 വയസിനും ഇടയിലുള്ള യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് 43 ശതമാനം ആയിരിക്കുന്നുവെന്നതാണ് റിപ്പോർട്ടിൽ പറയുന്നത്.
രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുക, എല്ലാ ഒഴിവുകളിലും ഉടൻ നിയമനം നടത്തുക, പ്രതിമാസം തൊഴിലില്ലായ്മ വേതനം 3000 രൂപയായി വർധിപ്പിക്കുക, പ്രിലിമിനറി പരീക്ഷകൾ നിർത്തലാക്കുക, സ്വകാര്യമേഖലയിൽ സേവന- വേതന വ്യവസ്ഥകൾ ഉറപ്പാക്കുംവിധം നിയമനിർമ്മാണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിൽരഹിതർ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ യുവജന സംഗമവും രാജ്ഭവൻ മാർച്ച് നടത്തും.
ആൾ ഇന്ത്യ അൺ- എംപ്ലോയ്ഡ് യൂത്ത് സ്ട്രഗിൾ കമ്മിറ്റി അഖിലേന്ത്യാ പ്രസിഡന്റ് ഇ.വി പ്രകാശ് അധ്യക്ഷത വഹിക്കും. ഫെഡറേഷൻ ഓഫ് വേരിയസ് റാങ്ക് ഹോൾഡേഴ്സ് (ഫെറി) സംസ്ഥാന സെക്രട്ടറി സിജോ വർഗീസ് സെക്രട്ടേറിയറ്റ് സംഗമം ഉദ്ഘാടനം ചെയ്യും. കായിക അധ്യാപകൻ പ്രമോദ് കുന്നുംപുറത്ത് രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യും.പി.എസ്.സി മുൻ ജോയിൻ്റ് സെക്രട്ടറി സാദിഖലി മുഖ്യ പ്രസംഗം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.