കോഴിക്കോട്: സംസ്ഥാന കൗൺസിൽ യോഗം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും ഭാരവാഹികളെ തീരുമാനിക്കാനാവാതെ വനിത ലീഗ്. പ്രശ്നം മുസ്ലിംലീഗ് നേതൃത്വത്തിന് കീറാമുട്ടിയായി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം സംസ്ഥാന വനിത ലീഗിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ഏപ്രിൽ 16ന് കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം ചേർന്നത്.
മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നേരിട്ട് വിളിച്ചുചേർത്ത യോഗത്തിൽ പാർട്ടി നിരീക്ഷകരായി സംസ്ഥാന ഭാരവാഹികളായ പി.എം.എ. സലാമും സി.എച്ച്. റഷീദും പെങ്കടുത്തു. നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ സാരഥികളെ കണ്ടെത്താൻ ഇരുവരും എല്ലാ ജില്ല ഭാരവാഹികളുടെയും അഭിപ്രായം ആരാഞ്ഞു.
മുഖ്യ ഭാരവാഹിത്വത്തിന് കെ.പി. മറിയുമ്മ, അഡ്വ. പി. കുൽസു, സുഹറ മമ്പാട് എന്നിവരുടെ പേരുകളാണ് ഉയർന്നുവന്നത്. മൂന്നുപേർക്കും വേണ്ടി ചരടുവലികളും സമ്മർദവും കടുത്തതിനാൽ സമവായത്തിലെത്തിക്കാൻ നിരീക്ഷകർക്കായില്ല. തുടർന്ന്, തീരുമാനം മുസ്ലിംലീഗ് നേതൃത്വത്തിന് വിടുകയാണെന്ന് അറിയിച്ച് യോഗം പിരിച്ചുവിടുകയായിരുന്നു.
കൗൺസിൽ യോഗത്തിലെ വികാരം നിരീക്ഷകരായ രണ്ടുപേരും ലീഗ് സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുകയും റിപ്പോർട്ട് നൽകുകയും ചെയ്തെങ്കിലും അവർക്കും വനിത ലീഗ് സാരഥികളെ പ്രഖ്യാപിക്കാനായില്ല. ഇതുസംബന്ധിച്ച് ലീഗ് സംസ്ഥാന ഭാരവാഹികൾ രണ്ടുതവണ യോഗം ചേർന്നു. മേയ് രണ്ടിന് ഇതിനുവേണ്ടി മാത്രം േകാഴിക്കോട്ട് ചേർന്ന ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും പ്രശ്നപരിഹാരമുണ്ടായില്ല.
മുസ്ലിംലീഗ് ഭാരവാഹികളിൽ പലരും തങ്ങൾക്ക് താൽപര്യമുള്ളവരെ വനിത ലീഗിെൻറ പ്രധാന സ്ഥാനങ്ങളിൽ െകാണ്ടുവരാൻ കിണഞ്ഞു ശ്രമിക്കുന്നതിനാലാണ് വിഷയം കൂടുതൽ സങ്കീർണമായത്. ഇൗ സാഹചര്യത്തിൽ തീരുമാനം ലീഗ് ഉന്നതാധികാര സമിതിക്ക് വിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.