'പറഞ്ഞത് നൂറ് ശതമാനം സത്യം'; അന്ന് ഞങ്ങൾ പവാറിന്‍റെ സമ്മതത്തോടെയാണ് സർക്കാറുണ്ടാക്കിയത് -ഫഡ്നാവിസ്

മുംബൈ: 2019ൽ മഹാരാഷ്ട്രയിൽ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി താൻ സർക്കാർ രൂപീകരിച്ചപ്പോൾ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്‍റെ സമ്മതമുണ്ടായിരുന്നെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബി.ജെ.പി നേതാവും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. പറഞ്ഞത് കള്ളമല്ലെന്നും നൂറ് ശതമാനം ശരിയാണെന്നും ഫഡ്നാവിസ് പറഞ്ഞു.

2019ൽ നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാതിരുന്നപ്പോഴാണ് എൻ.സി.പി നേതാവ് അജിത് പവാറുമായി അപ്രതീക്ഷിത സഖ്യമുണ്ടാക്കി ദേവേന്ദ്ര ഫഡ്നാവിസ് അധികാരത്തിലേറിയത്. മറുവശത്ത് ശിവസേന-കോൺഗ്രസ്-എൻ.സി.പി സഖ്യ ചർച്ച നടക്കുമ്പോഴായിരുന്നു ഈ നീക്കം. എന്നാൽ മൂന്ന് ദിവസത്തിനകം സർക്കാർ താഴെവീഴുകയും മഹാ വികാസ് അഗാഡി സഖ്യത്തിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവുകയും ചെയ്തിരുന്നു.

അന്ന് അജിത് പവാറിനൊപ്പം മന്ത്രിസഭ രൂപീകരിക്കാൻ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്‍റെ പിന്തുണയുണ്ടായിരുന്നെന്നാണ് ഫഡ്നാവിസ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 'സ്ഥിരതയുള്ള സർക്കാരാണ് വേണ്ടതെന്നു ചൂണ്ടിക്കാട്ടി എൻ.സി.പിയും ബി.ജെ.പിയും ചേർന്ന് സർക്കാർ രൂപീകരിക്കണമെന്ന് അന്ന് ആവശ്യമുയർന്നു. ആ നീക്കവുമായി മുന്നോട്ടു പോകാനും ചർച്ച നടത്താനും തീരുമാനമായി. ശരദ് പവാറുമായും ഇതുമായി ബന്ധപ്പെട്ട് ചർച്ച നടന്നു. പിന്നീട് സാഹചര്യം മാറി. തുടർന്ന് സംഭവിച്ചത് എല്ലാവർക്കും അറിയാം’ – ഇതായിരുന്നു ഫഡ്‌നാവിസിന്റെ പരാമർശം. ഏറ്റവും സത്യസന്ധമായിത്തന്നെയാണ് അന്ന് അജിത് പവാർ എനിക്കൊപ്പം സത്യപ്രതിജ്ഞ ചൊല്ലിയതെന്ന് ഉറപ്പാണ്. പക്ഷേ, പിന്നീട് എൻ.സി.പി) നിലപാട് മാറിയെന്നും ഫഡ്നാവിസ് വിശദീകരിച്ചിരുന്നു.

എന്നാൽ, ഫഡ്‌നാവിസിന്‍റെ വാദം തള്ളി ശരദ് പവാർ രംഗത്തെത്തിയിരുന്നു. ഫഡ്നാവിസ് സംസ്കാരമുള്ള, മാന്യനായ വ്യക്തിയാണെന്നാണ് ഇതുവരെ കരുതിയിരുന്നതെന്നും ഇത്തരത്തിൽ കള്ളം പറയുമെന്ന് ഒരിക്കലും കരുതിയില്ലെന്നുമാണ് പവാർ പറഞ്ഞത്.

Tags:    
News Summary - What I said is 100 pc true: Fadnavis on claim that his govt with Ajit Pawar had NCP chief's approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.