എം.ടി പറഞ്ഞത് കാലത്തിന്റെ ചുവരെഴുത്താണെന്ന് വി.ഡി സതീശൻ

കോഴിക്കോട് : എം.ടി പറഞ്ഞത് കാലത്തിന്റെ ചുവരെഴുത്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എം.ടി. രാജ്യത്തിന്റെ തന്നെ ഔന്നത്യമാണ്. അദ്ദേഹത്തിന്റെ മൂര്‍ച്ചയേറിയ വാക്കുകളും അക്ഷരത്തിന്റെ ശക്തിയും എല്ലാ മലയാളികള്‍ക്കും തിരിച്ചറിവുള്ളതാണ്. അദ്ദേഹം മുഖ്യമന്ത്രിയെ വേദിയില്‍ ഇരുത്തി പറഞ്ഞ മൂര്‍ച്ചയുള്ള വാക്കുകള്‍ ബധിരകർണങ്ങളില്‍ പതിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കാലത്തിന്റെ ചുവരെഴുത്തും കാലം ആവശ്യപ്പെടുന്ന കാര്യങ്ങളുമാണ് എം.ടി പറഞ്ഞത്. നിക്ഷ്പക്ഷത നടിച്ച് സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന ബുദ്ധിജീവികളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും ചില മാധ്യമ പ്രവര്‍ത്തകരും നിക്ഷ്പക്ഷരെന്ന് കരുതി സാമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിന് സ്തുതിഗീതം പാടുന്നവരും എം.ടിയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കണം.

അധികാരം മനുഷ്യനെ ദുഷിപ്പിക്കുന്നു, അധികാരം അഹങ്കാരത്തിലേക്കും ധാഷ്ട്യത്തിലേക്കും എങ്ങനെ പോകുന്നു, പ്രതിഷേധങ്ങളെ ഭയപ്പെടുന്നു, പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ ഹനിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നു, ക്രൂരമായ മര്‍ദ്ദനമുറകള്‍ സംസ്ഥാനത്തെമ്പാടും അഴിച്ചു വിടുന്നു... ഇതൊക്കെ കണ്ട് എം.ടിയെ പോലെ ഒരാള്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അത്രയേറെ മൂര്‍ച്ചയുണ്ട്. അത് മനസിലാക്കാനാണ് ശ്രമിക്കേണ്ടത്, വഴിതിരിച്ചു വിടാനല്ല. വഴി തിരിച്ച് വിടാന്‍ ശ്രമിച്ചാല്‍ വീണ്ടും ആപത്തിലേക്ക് കേരളം പോകും. രാജ്യ വ്യാപകമായി ഫാഷിസത്തിനെതിരെ നമ്മള്‍ നടത്തുന്ന പോരാട്ടം കേരളത്തില്‍ എത്തുമ്പോള്‍ ഫാഷിസത്തിന് ഇരുമുഖമാണെന്ന തിരിച്ചറിവാണ് നിരാശപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്. അത് തിരിച്ചറിഞ്ഞുള്ളതാണ് എം.ടിയുടെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകള്‍ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വലിയ മാറ്റമുണ്ടാക്കട്ടേ.

പണ്ഡിറ്റ് നെഹ്‌റുവിനെ താരതമ്യപ്പെടുത്തിയുള്ള രാജ്യത്തെ രാഷ്ട്രീയ സാഹചര്യമല്ല എം.ടി വിശദീകരിച്ചത്. ഇ.എം.എസിനെ താരതമ്യപ്പെടുത്തി വ്യക്തി പൂജയെ കുറിച്ചാണ് പറഞ്ഞത്. അധികാരം എങ്ങനെ ആധിപത്യം സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതിനെ കുറിച്ചും അധികാരം എങ്ങനെ ദുഷിപ്പിക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്. കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളില്‍ പ്രതികരിക്കാന്‍ മറന്നു പോയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് കൂടിയുള്ള വഴിവിളക്കാണ് അദ്ദേഹം കത്തിച്ചുവച്ചത്.

സാമാന്യബോധമുള്ളതു കൊണ്ട് ആരെ കുറിച്ചാണ് എം.ടി പറഞ്ഞതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ഇ.പി ജയരാജന് മനസിലാകാത്തതിന് എന്തു ചെയ്യാന്‍ പറ്റും. അദ്ദേഹത്തെ മനസിലാക്കിക്കൊടുക്കാന്‍ വലിയ പാടാണ്.

കേരളത്തിലെ സി.പി.എം നേതാക്കള്‍ പറഞ്ഞതു കൊണ്ടാണ് അയോധ്യയുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തതെന്നുള്ള എം.വി ഗോവിന്ദന്റെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്. തുടര്‍ച്ചയായി വിവരക്കേട് പറയുകയെന്നത് ഗോവിന്ദന്‍ ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ്.

ദേശാഭിമാനി തെറ്റായി പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ചായക്കട നടത്തി ജീവിക്കുന്ന ചെറുപ്പക്കാരന്‍ വ്യാജ ഡിഗ്രി നേടിയെന്ന കഥയുണ്ടാക്കി വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതാണ് ദേശാഭിമാനി. വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് അകത്ത് പോകേണ്ട ആളുകളാണ് ദേശാഭിമാനിക്കാരെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan said that MT is the graffiti of time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.