കണ്ണൂർ: സര്‍ക്കാര്‍ സഹായത്തോടെ ആരംഭിച്ച സംരംഭങ്ങളുടെ പട്ടിക പുറത്ത് വിടാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോവിഡ് കാലത്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ തങ്ങളുടെ കൈയിലുള്ള അവസാന സമ്പാദ്യം ഉപയോഗിച്ച് ആരംഭിച്ച സംരംഭങ്ങളെ വരെ സര്‍ക്കാരിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യം പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയാണ്.
സ്വന്തമായി ബാങ്കില്‍ നിന്നും വായ്പ എടുത്ത് പലചരക്ക് കടയും വര്‍ക് ഷോപ്പും സൈക്കിള്‍ ഷോപ്പും തുടങ്ങിയതൊക്കെ സര്‍ക്കാരിന്റെ സംരംഭക പദ്ധതിയാണെന്ന് പറഞ്ഞ് കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ തുടങ്ങിയെന്നും 2,79,000 പേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ടെന്നും വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും അവകാശപ്പെട്ടത് കാപട്യമാണ്. ഇന്റേണികളെ നിയമിച്ച് ബാങ്കുകളിലെ വായ്പാ പട്ടിക ശേഖരിച്ച് അതിലുള്ള സംരംഭങ്ങളെല്ലാം സര്‍ക്കാരിന്റേതാണെന്നു പറയാന്‍ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നാണമുണ്ടോയെന്നും സതീശൻ ചോദിച്ചു.
മാസാദ്യം തന്നെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം എന്തിനാണ് കൊടുക്കുന്നതെന്നാണ് മന്ത്രി ആന്റണി രാജു ചോദിച്ചത്. വരും നാളുകളില്‍ എല്ലാ ജീവനക്കാരോടും സര്‍ക്കാര്‍ ചോദിക്കാന്‍ പോകുന്ന ചോദ്യമാണിത്. മന്ത്രി ആന്റണി രാജുവിന്റെ ചോദ്യത്തെ അംഗീകരിക്കുന്നുണ്ടോയെന്ന് എല്‍.ഡി.എഫിലെ ഘടകകക്ഷികളും ട്രേഡ് യൂനിയനുകളും വ്യക്തമാക്കണം.
ഭരിക്കാന്‍ മറന്ന് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പങ്കാളികളായതിനെ തുടര്‍ന്നാണ് നികുതി പിരിച്ചെടുക്കുന്നതില്‍ പരാജയപ്പെടുകയും ധൂര്‍ത്തിലേക്ക് വഴുതി വീഴുകയും അതിന്റെ ഭാരം അധിക നികുതിയായി ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയത്. കൊച്ചിയിലെ മാലിന്യ പ്ലാന്റിന് എതിരായ സമരത്തില്‍ വ്യവസായ മന്ത്രി ജനപ്രതിനിധികളെ പരിഹസിക്കേണ്ട ആവശ്യമില്ല. മാലിന്യ പ്ലാന്റുകള്‍ക്കെതിരെ സി.പി.എം എത്രയോ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. മന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ അതെല്ലാം മറന്നു പോയതാണ്.
രാജ്യത്തെ ഭിന്നിപ്പിക്കാനും ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനും ശ്രമിക്കുന്ന ആര്‍.എസ്.എസുമായി കൂടിയാലോചന നടത്തുന്നവരാണ് അതേക്കുറിച്ച് പറയേണ്ടത്. ജമാഅത്ത് ഇസ് ലാമി മാത്രമല്ല, ധാരാളം മുസ് ലീം സംഘടനകള്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. രാജ്യത്തെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്ന ശക്തികളുമായി സന്ധി ചെയ്യുന്ന അവസ്ഥയിലേക്ക് ആരും പോകരുതെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.