'സ്വപ്ന സുരേഷിന്‍റെ 164': ഉന്നതതല രാഷ്ട്രീയ കുതിരകച്ചവടങ്ങളുടെ ചരിത്രമാണോ?

കോഴിക്കോട്: സ്വർണക്കടത്തിനപ്പുറം 2016 മുതൽ സർക്കാർ തലത്തിൽ അരങ്ങേറിയ അഴിമതിയുടെയും കുതിരകച്ചവടത്തിന്റെയും ചരിത്രമാണോ സ്വപ്നയുടെ 164 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്. സ്വപ്നയുടെ അഭിപ്രായമനുസരിച്ച് സ്വർണക്കടത്ത് മാത്രമല്ല സർക്കാർ പദ്ധതികളുടെ അഴിമതിയും കമീഷനുമാണ് മൊഴി. പദ്ധതികളുടെ മാസ്റ്റർ ബ്രെയിൻ മുഖ്യമന്ത്രിയുടെ മുൻ സ്പെഷ്യൽ സെക്രട്ടറി എം. ശിവശങ്കറായിരുന്നു. സ്വർണക്കടത്തല്ല ഇപ്പോഴത്തെ പ്രധാന പ്രശ്നം. സ്വർണക്കടത്ത് പിടിച്ചതോടെ പുറത്തവന്ന അഴിമതിയാണ് അന്വേഷിക്കേണ്ടത്. അതിനാലാണ് 164 സ്റ്റേറ്റ്മെൻറ് ചരിത്രത്തിലെ പ്രധാന രേഖയായി മാറുന്നത്.

സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മാത്രമല്ല. ഭരണകൂടത്തിന്റെ അകത്തളത്തിലും മുഖ്യമന്ത്രിയുടെ ഓഫിസിലും വീട്ടിലും ഇടപെട്ടിരുന്നു സ്വപ്ന. കെ. ഫോൺ പദ്ധതി, സ്പ്രിഗ്ളർ, വിമാനത്താവളം അദാനിക്ക് കൈമാറ്റം ചെയ്യൽ, നാഷണൽ ഗെയിംസ് തുടങ്ങിയ അഴിമതികളിലെല്ലാം ശിവശങ്കറിന് പങ്കുണ്ടെന്നാണ് സ്വപ്ന പറയുന്നത്. ഇതിൽ കേൾക്കുന്നത് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ സ്വരമല്ല. മോഡേൺ മാനേജ്മെന്റിൽ വിദഗ്ധയുടേതാണ്. സ്വപ്നയുടെ കഴിവാണ് ശിവശങ്കറും മുഖ്യമന്ത്രിയും ഉപയോഗിച്ചത്. എല്ലാ അഴമിതിക്കും സ്വപ്ന കുടപിടിച്ച് സാക്ഷിയായി.

സ്വപ്നയുടേത് ചരിത്രത്തിലെ അസാധാരണമായ വെളിപ്പെടുത്തലാണ്. ആരോപണങ്ങൾക്ക് കൃത്യമായ തുമ്പില്ല എന്ന് വിമർശിക്കുമ്പോഴും സ്വപ്ന ഭരണകൂട അഴിമതിയുടെ ശൃംഖലയിലെ കണ്ണിയായിരുന്നു. സ്വപ്ന ഇപ്പോൾ ഉന്നയിക്കുന്ന പ്രധാന കാര്യം ജനങ്ങളുടെ ഡാറ്റാ വിറ്റുവെന്നാണ്. നടന്ന സംഭവങ്ങളിൽ പ്രധാന റോൾ സ്വപ്നക്കുണ്ടായിരുന്നു. അതിനാലാണ് ഭരണകൂടത്തിന് സ്വപ്നയുടെ വാക്കുകളിൽ അവഗണിച്ച് തള്ളാൻ കഴിയാത്തത്.

ഭരണകൂടത്തിനുള്ളിൽ സൈലൻറ് ഓപറേഷൻ നടത്തുന്ന ഉദ്യോഗസ്ഥനാണ് ശിവശങ്കരൻ. സ്പ്രിഗ്ളർ കരാറിനെക്കുറിച്ച് 100 ശതമാനം അറിയാവുന്ന ഉദ്യോഗസ്ഥൻ. അത് വിശദീകരിക്കാൻ ചാനലിലെത്തിയതും എം.എൻ സ്മാരകത്തിൽ എത്തിയതും ശിവശങ്കറാണ്. കേരളത്തിലെ ജനങ്ങളുടെ ഡാറ്റാബേസ് യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിദേശ കമ്പനിക്ക് വിറ്റു. വിറ്റതിന്റെ കമീഷൻ ആർക്കൊക്കെ കിട്ടിയെന്ന ചോദ്യത്തിനും ഉത്തരമില്ല.

വിഷയം വിവാദമായപ്പോൾ രക്ഷപ്പെടാനുള്ള പഴുതുകൾ തേടി വക്കീലന്മാരുമായി ചർച്ച നടത്തിയതും ശിവശങ്കറാണ്. ആ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണ വിജയന്റെ സ്ഥാപനത്തെക്കൂടി സ്വപ്ന പ്രതിക്കൂട്ടിലാക്കുകയാണ്. ഇത് സംബന്ധിച്ച അന്വേഷണം പുരോഗതിയുണ്ടായില്ല. മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ശിവശങ്കറിന്റെ തീരുമാനത്തിനെതിരെ ഓപ്പൺ ഫൈറ്റ് നടത്തി എന്നാണ് സ്വപ്ന വെളിപ്പെടുത്തുന്നത്. അത് സത്യമാണോ എന്ന് വിശദീകരണം നൽകേണ്ടത് ശൈലജയാണ്. അവർക്കതിന്റെ ധാർമികമായ ഉത്തരവാദിത്വമുണ്ട്.

നാഷണൽ ഗെയിംസ് നടത്തിയപ്പോൾ സ്പോർട്സ് കൗൺസിൽ വഴി ശിവശങ്കർ വലിയ അഴിമതി നടത്തി. കെ. ഫോൺ പദ്ധതിയിലും കോടികളുടെ അഴിമതി നടന്നുവെന്നാണ് സ്വപ്നയുടെ അഭിപ്രായം. ശിവശങ്കർ കൃത്യമായ ലക്ഷ്യത്തോടെയാണ് പദ്ധതികൾ അവതരിപ്പിച്ചത്. പാവപ്പെട്ടവർക്ക് ഇൻറർനെറ്റ് നൽകാൻ വേണ്ടി തയാറാക്കിയ ഫോൺ പദ്ധതിയിൽ കോടികൾ കമീഷൻ പറ്റിയെന്ന് ആരോപണമുണ്ട്. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയതിന് ശിവശങ്കറിന് പാരിതോഷികം കിട്ടിയിട്ടുണ്ട്.

എല്ലാ സംഭവങ്ങളിലും ഓരോരുത്തർക്കും റോൾ ഉണ്ടായിരുന്നു. അതിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കറാണ്. എൻ.ഐ.എ ചോദ്യം ചെയ്യുമ്പോൾ ശിവശങ്കറിന്റെ പോക്കറ്റിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. യു.എ.പി.എ കേസ് അന്വേഷിക്കാനാണ് എൻ.ഐ.എ എത്തിയത്. എന്നാൽ, അവിടെ നടന്നത് പൊറാട്ട് നാടകമാണ്. പ്രധാന വില്ലനായ ശിവശങ്കറെ എല്ലാത്തിൽ നിന്നും ഒഴിവാക്കി.

അധികാര ദുർവിനിയോഗം നടത്തിയ ശിവശങ്കറെ ഒഴിവാക്കാൻ ഉന്നതർ ശ്രമിച്ചു. അധികാരം കൈയിലുള്ളവരാണ് കുറ്റകൃത്യത്തിന് പ്രേരണ നൽകിയത്. അഴിമതി പണം ഉപയോഗിച്ച് മിഡിൽ ഈസ്റ്റിൽ ബിസിനസ് തുടങ്ങാനായിരുന്നു ശിവശങ്കറിന്റെ പദ്ധതി. സ്വപ്ന പറഞ്ഞ അഴിമതിയെല്ലാം അവാസ്തമാണെന്ന് ആർക്കാണ് പറയാനാവുക.


Tags:    
News Summary - 'Swapna Suresh's 164': A history of high-level political horse-trading?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.