സന്ദീപ് വാര്യർ
കോഴിക്കോട്: അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്തേതിൽ നിന്ന് വ്യത്യസ്തമായി ബി.ജെ.പി ഇന്നൊരു ഉത്തരേന്ത്യൻ പാർട്ടിയായി ചുരുങ്ങിയെന്ന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ സന്ദീപ് ജി. വാര്യർ. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, ബി.ജെ.പി ഒരു ‘ഗുജറാത്തി പാർട്ടി’ അല്ലെങ്കിൽ ഒരു ‘ഗുജറാത്തി കമ്പനി’ ആയി മാറിയിരിക്കുന്നു എന്നതാണ് യാഥാർഥ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി.ജെ.പിക്കെതിരെ തമിഴ്നാട് മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തിയ തുറന്നുപറച്ചിലുകളെയും വിമർശനങ്ങളെയും പിന്തുണച്ച് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ അഭിപ്രായപ്രകടനം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് അങ്ങേയറ്റത്തെ രാഷ്ട്രീയ വിവേചനമാണ് ബി.ജെ.പി കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് ദക്ഷിണേന്ത്യക്കാരോട് വല്ലാത്തൊരു പുച്ഛമാണ്. കേന്ദ്ര പദ്ധതികളുടെയെല്ലാം പേരുകൾ ശ്രദ്ധിച്ചാൽ തന്നെ ഇതിന്റെ വ്യാപ്തി മനസ്സിലാകും. എല്ലാ പദ്ധതികൾക്കും ഹിന്ദിയിൽ മാത്രം പേരിടുന്നതിലൂടെ ദക്ഷിണേന്ത്യൻ ഭാഷകളെ അവർ പൂർണമായി അവഗണിക്കുകയാണെന്നും സന്ദീപ് വാര്യർ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ത്യ ടുഡേയിലെ അണ്ണാമലൈയുടെ ഇന്റർവ്യൂ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. രാഷ്ട്രീയമായി അദ്ദേഹത്തോട് എല്ലാ കാര്യങ്ങളിലും യോജിപ്പില്ലെങ്കിലും, ബി.ജെ.പിക്കെതിരെ അദ്ദേഹം ഇപ്പോൾ ഉയർത്തുന്ന നിശിതമായ വിമർശനങ്ങൾ തികച്ചും വസ്തുതാപരവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
വാജ്‌പേയിയുടെ കാലത്തെ ബി.ജെ.പിയിൽ നിന്നും വ്യത്യസ്തമായി, ഇന്നതൊരു കേവല ഉത്തരേന്ത്യൻ പാർട്ടിയായി ചുരുങ്ങിയിരിക്കുന്നു. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, ഒരു ഉത്തരേന്ത്യൻ പാർട്ടി എന്നതിലുപരി ബി.ജെ.പി ഇന്നൊരു 'ഗുജറാത്തി പാർട്ടി' അല്ലെങ്കിൽ ഒരു 'ഗുജറാത്തി കമ്പനി' ആയി മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണിത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് അങ്ങേയറ്റത്തെ രാഷ്ട്രീയ വിവേചനമാണ് ബി.ജെ.പി കാണിക്കുന്നത്. പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് ദക്ഷിണേന്ത്യക്കാരോട് വല്ലാത്തൊരു പുച്ഛമാണ്. കേന്ദ്ര പദ്ധതികളുടെയെല്ലാം പേരുകൾ ശ്രദ്ധിച്ചാൽ തന്നെ ഇതിന്റെ വ്യാപ്തി മനസ്സിലാകും. എല്ലാ പദ്ധതികൾക്കും ഹിന്ദിയിൽ മാത്രം പേരിടുന്നതിലൂടെ ദക്ഷിണേന്ത്യൻ ഭാഷകളെ അവർ പൂർണമായി അവഗണിക്കുകയാണ്.
നമ്മുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള വ്യവസ്ഥാപിതമായ ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. ബി.ജെ.പിയുടെ ദേശീയ ഭാരവാഹി ലിസ്റ്റിൽ പോലും ദക്ഷിണേന്ത്യക്കാരോടുള്ള ഈ അവഗണന വളരെ പ്രകടമാണ്.
രാജ്യത്തെ കോടാനുകോടി രൂപയുടെ നികുതിപ്പണം ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളെല്ലാം ഇന്ന് ഗുജറാത്തിനെ മാത്രം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പുതിയതായി വരുന്ന വമ്പൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികൾ, സെമികണ്ടക്ടർ പ്ലാന്റുകൾ എന്നിവയെല്ലാം പോകുന്നത് ഗുജറാത്തിലേക്കാണ്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയും അഹമ്മദാബാദിനെ കേന്ദ്രീകരിച്ചാണ് നടപ്പിലാക്കുന്നത്. 2030-ലെ കോമൺവെൽത്ത് ഗെയിംസ്, പൊലീസ് ഗെയിംസ്, എന്തിന് 2036-ലെ ഒളിമ്പിക്സ് വരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.
രാജ്യത്തിന്റെ മൊത്തം സമ്പത്തും വികസനവും ഒരു സംസ്ഥാനത്തേക്ക് മാത്രം ഒഴുകുകയാണ്. കേന്ദ്ര വികസന പദ്ധതികളുടെ ബഹുഭൂരിപക്ഷവും ഗുജറാത്തിലേക്ക് മാത്രമായി ചുരുങ്ങുന്നു.
നമ്മുടെ നികുതിപ്പണത്തിന് അർഹമായ വിഹിതമോ വികസനമോ തിരികെ ലഭിക്കുന്നില്ലെന്ന ദക്ഷിണേന്ത്യയുടെ കാലങ്ങളായുള്ള പരാതിയെ അടിവരയിട്ട് ഉറപ്പിക്കുകയാണ് മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കൂടിയായ അണ്ണാമലൈയുടെ ഈ തുറന്നുപറച്ചിലുകൾ.
ഫെഡറലിസത്തെയും തുല്യനീതിയെയും കുറിച്ചുള്ള ഈ ചർച്ചകൾ ഇനിയും സജീവമാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.