‘അച്ഛൻ നവോത്ഥാന സമിതി അധ്യക്ഷൻ, മകൻ ബിജെപി സഖ്യ നേതാവ്’; വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി പി. ജയരാജൻ
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറിയായിരുന്ന സി. കേശവനില്‍ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണെന്ന് പി. ജയരാജന്‍ ചോദിച്ചു. കൊച്ചിയിലായിരുന്നു പി. ജയരാജന്റെ പ്രതികരണം.
നായാടി മുതല്‍ നമ്പൂതിരി വരെ എന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇപ്പോള്‍ നായാടി മുതല്‍ നസ്രാണി വരെ എന്നാണ് പറയുന്നത്. അപ്പോഴും മുസ്‌ലിംകളെ മാറ്റി നിര്‍ത്തുകയാണ്. നടേശന്‍ നവോത്ഥാന സമിതി അധ്യക്ഷനാവുകയാണ്. പുനരുജ്ജീവന വാദം നടേശന്‍ ഉയര്‍ത്തിയാലും എതിര്‍ക്കുമെന്നും പി ജയരാജന്‍ പറഞ്ഞു.
അച്ഛൻ വെള്ളാപ്പള്ളി നടേശൻ നവോത്ഥാന സമിതി അധ്യക്ഷനാകുകയും മകൻ തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി സഖ്യത്തിന്റെ നേതാവാകുകയും ചെയ്യുന്ന വൈരുധ്യമാണ് കേരളത്തിൽ സംഭവിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. ‘വെള്ളാപ്പള്ളി നടേശന്‍ നവോത്ഥാന സമിതിയുടെ അധ്യക്ഷനാവുകയാണ്. മകന്‍ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുള്ള ഒരു പാര്‍ട്ടിയുടെ ഭാഗമാകുകയാണ്. അതിന്റെ സംസ്ഥാന അധ്യക്ഷനാവുകയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി ആലപ്പുഴയില്‍ മത്സരിക്കുന്ന സ്ഥാനാർഥി ഈഴവ സ്ഥാനാർഥിയാണെന്ന് ഭാര്യയെക്കൊണ്ട് പ്രഖ്യാപിപ്പിച്ചു’ പി ജയരാജൻ പറഞ്ഞു.
എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറിയായിരുന്ന സി. കേശവനില്‍ നിന്ന് വെള്ളാപ്പള്ളി നടേശനിലേക്കുള്ള ദൂരം എത്രയാണ്. അത് ചെറിയ ദൂരമല്ല. ജന്തു എന്ന് വിളിച്ചത് ഹിന്ദു എന്നാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന കേശവന്റെ 1935 ലെ പ്രസംഗത്തിന് ശേഷം 2025 ആയപ്പോഴേക്കും ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയായിട്ടുള്ള നടേശന്‍ പറയുന്നത് എന്താണ്? നായാടി മുതല്‍ നമ്പൂതിരി മാത്രം പോരാ നായാടി മുതല്‍ നസ്രാണി വരെ യോജിക്കണം എന്നാണ്. മുസ്‌ലിമിനെ ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.