ശബരിമല വിഷയത്തിലെ നിയമനിർമാണം: വീണ്ടും മലക്കംമറിഞ്ഞ്​ ശ്രീധരൻപിള്ള

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിലെ നിയമനിർമാണകാര്യത്തിൽ മലക്കം മറിഞ്ഞ്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ പി.എസ്​. ശ്രീധരൻപിള്ള. കഴിഞ്ഞദിവസം കാസർകോട്​​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കവെയാണ്​ നിയമനിർമാണം കൊണ്ടുവരുന്ന കാര്യം ബി.ജെ.പി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന്​ പിള്ള പറഞ്ഞത്​. എന്നാൽ, ഇത്​ പാർട്ടിക്കുള്ളിലെ ഭിന്നതയെന്നനിലയിൽ ചിത്രീകരിക്കപ്പെട്ടതോടെയാണ്​ പിള്ള വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്​.

കാസർകോടുെവച്ച് ശബരിമല പ്രശ്‌നത്തില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രം നിയമനിർമാണം നടത്തില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ശ്രീധരൻപിള്ള വാർത്താക്കുറിപ്പിൽ വിശദീകരിച്ചു. ഇത് സംബന്ധിച്ച് തെറ്റായ പ്രചാരണം നടന്നുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ ശബരിമല ആചാരസംരക്ഷണത്തിനായി നിയമനിർമാണം വേണമെന്ന് തന്നെയാണ് ബി.ജെ.പി നിലപാട്. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏതുതലം വരെയും ബി.ജെ.പി പോകുമെന്നും ശബരിമല കേസിൽ റിവ്യൂ ഹരജിയിൽ വിധി വന്നശേഷം വിശദമായി കാര്യങ്ങള്‍ വ്യക്തമാക്കാം എന്നുമാണ് താൻ പറഞ്ഞത്.

ഇക്കാര്യത്തില്‍ സംസ്ഥാന നിയമസഭ നിയമം പാസാക്കണമെന്നും അതിനെ ബി.ജെ.പി പിന്തുണക്കും എന്നുമാണ് പറഞ്ഞത്. ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും ആചാരങ്ങളും സമഗ്രമായി സുപ്രീംകോടതിക്ക്​ മുന്നിൽ അവതരിപ്പിക്കാന്‍ തങ്ങൾ പ്രതിജ്ഞാബദ്ധമാണ്. വിശ്വാസസംരക്ഷണത്തിനായി ഭരണഘടന പരിരക്ഷ നേടിയെടുക്കാന്‍ ശ്രമിക്കുമെന്നാണ്​ പ്രകടനപത്രികയിൽ ബി.ജെ.പി വ്യക്തമാക്കിയിരുന്നതും. ശബരിമലയില്‍ വിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ ബി.ജെ.പി നിയമനിർമാണം ഉള്‍പ്പെടെ നിയമനടപടികളും പോരാട്ടവും തുടരുകതന്നെ ചെയ്യുമെന്ന്​​ ശ്രീധരൻപിള്ള വ്യക്തമാക്കി.


Tags:    
News Summary - Sabarimala Sreedharan Pillai -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.