കാലടി വിദ്യാർഥികളുടെ ഹരജിയിൽ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ ഇല്ല; നാളെ പരിഗണിക്കും
ന്യൂഡൽഹി: കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ഹരജിയിൽ അടിയന്തരമായി ഇടപെടാതെ സുപ്രീം കോടതി. ഹർജി പരിഗണിക്കുന്നത് നാളെത്തേക്ക് മാറ്റി. ഇന്ന് പരീക്ഷ ആരംഭിച്ചിട്ടുണ്ട്. അനുമതി ലഭിക്കാത്തതിനാൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. രണ്ടാം സെമസ്റ്റർ വിദ്യാർഥികൾക്കാണ് പരീക്ഷ നഷ്ടമായത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഇന്നലെ രാത്രിയാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതിനാലാണ് ഹർജി നാളത്തേക്ക് മാറ്റിയത്. വിദ്യാർഥികളുടെ ഭാഗത്താണ് ന്യായമെങ്കിൽ അവർക്ക് വീണ്ടും പരീക്ഷ നടത്താൻ സർവകലാശാലക്ക് നിർദേശം നൽകുമെന്നും സുപ്രീം കോടതി പറഞ്ഞു. അറ്റൻഡൻസ് കുറവും സസ്പെൻഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിദ്യാർഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ നേരത്തെ സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നു. മതിയായ ഹാജരില്ലാതെ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന് കാണിച്ച് സർവകലാശാലയും വൈസ് ചാൻസലർ സിസ തോമസും സമർപ്പിച്ച ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയായിരുന്നു. ചട്ടവിരുദ്ധമായാണ് പരീക്ഷ എഴുതാൻ ബെഞ്ച് അനുമതി നൽകിയതെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ. ഡിവിഷൻ ബെഞ്ച് സ്റ്റേ പിൻവലിച്ച് സിംഗിൾ ബെഞ്ച് ഉത്തരവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.
സസ്പെൻഷനിലായ 16 വിദ്യാർഥികളിൽ 14 പേരെ മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്ന് സിൻഡിക്കേറ്റ് യോഗം അറിയിച്ചിരുന്നു. എന്നാൽ പരീക്ഷ എഴുതാനുള്ള അനുമതി കോടതി വിധി അനുസരിച്ച് മാത്രമായിരിക്കുമെന്നും അറിയിച്ചിരുന്നു. അതേസമയം, ഒരു കാരണവശാലും മാപ്പ് പറയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. വി.സിക്കെതിരെ പ്രതിഷേധിച്ചതിനാണ് എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തത്. അവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് വി.സി നിലപാടെടുക്കുകയായിരുന്നു. ഇവരെ തിരിച്ചെടുക്കാത്തതിൽ കോൺവൊക്കേഷൻ ദിവസം മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെയും സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.