ഡല്‍ഹി ആകുമോ പഞ്ചാബ്?

ശഹീദ് ഭഗത് സിങ് അന്തിയുറങ്ങുന്നത്  ഇന്ത്യ- പാക് അതിര്‍ത്തിയില്‍ ഹുസൈന്‍വാലയിലാണ്. രാജ്യം രണ്ടായി പിളര്‍ന്നപ്പോള്‍ വെട്ടിമുറിക്കപ്പെട്ട റെയില്‍പാളത്തിന്‍െറ അവശിഷ്ടം ഇവിടെ ഇപ്പോഴുമുണ്ട്.  റെയില്‍വേ സ്റ്റേഷന്‍െറ പഴകിദ്രവിച്ച കെട്ടിടത്തിന്‍െറ ചുമരില്‍ ആം ആദ്മിയുടെ ചിഹ്നമായ ചൂല്‍ വെട്ടിത്തിളങ്ങുന്നു. അതിര്‍ത്തിഗ്രാമമായ ദിന ദസ്തിയില്‍ കണ്ട സൈക്കിള്‍ റിക്ഷക്കാരില്‍ പലരുടെയും കോട്ടിന് മുകളിലുമുണ്ട് ആം ആദ്മി ചിഹ്നം പതിച്ച ബാഡ്ജ്.  2014ല്‍ ഡല്‍ഹി ചതിച്ചപ്പോള്‍ ലോക്സഭയില്‍ കെജ്രിവാളിന്‍െറ മാനം കാത്തത് പഞ്ചാബാണ്. ലോക്സഭയില്‍ ആം ആദ്മിയുടെ സാന്നിധ്യമറിയിച്ച നാലു എം.പിമാരും പഞ്ചാബില്‍നിന്നാണ്.

2014ലെ വോട്ടുകണക്കില്‍ 38 നിയമസഭാ സീറ്റുകളില്‍ ആം ആദ്മി മുന്നിലാണ്. അതു നല്‍കുന്ന ആത്മവിശ്വാസമാണ് പഞ്ചാബില്‍ കെജ്രിവാളിന്‍െറ കരുത്ത്. കെജ്രിവാളും പാര്‍ട്ടിയുടെ എം.പിയും അറിയപ്പെടുന്ന കൊമേഡിയനുമായ ഭഗവന്ത് മാനുമാണ് പ്രചാരണം നയിക്കുന്നത്.  അകാലി തട്ടകമായ ലംബിയില്‍ വെള്ളിയാഴ്ച കെജ്രിവാളിന്‍െറ റാലികളില്‍ വലിയ ജനക്കൂട്ടം ഒഴുകി. വ്യാഴാഴ്ച ജലന്ധറില്‍ ഭഗവന്ത് മാനിന്‍െറ നര്‍മത്തില്‍ പൊതിഞ്ഞ പ്രസംഗം കേള്‍ക്കാനും നിറയെ ആളുകളുണ്ട്.  റാലികളിലെ ആള്‍ക്കൂട്ടത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്  100 സീറ്റ് നേടി ഭരണം പിടിക്കുമെന്നാണ് കെജ്രിവാളിന്‍െറയും കൂട്ടരുടെയും അവകാശവാദം.

അകാലിദളിന്‍െറ തട്ടകമായ ഭട്ടിന്‍ഡ മേഖലയില്‍  കനത്ത മത്സരം തന്നെയാണ് ആം ആദ്മി നല്‍കുന്നത്.  മന്ത്രിയായിരിക്കെ പി. ചിദംബരത്തിന് നേരെ ഷൂവെറിഞ്ഞതിലൂടെ പ്രശസ്തനായ ഡല്‍ഹിയിലെ എം.എല്‍.എ ജര്‍ണൈല്‍ സിങ്ങാണ് ആം ആദ്മി സ്ഥാനാര്‍ഥി.

ജലാലാബാദില്‍ ഉപമുഖ്യമന്ത്രി സുഖ്വീര്‍ സിങ് ബാദലിനെതിരെ  ലോക്സഭാംഗം ഭഗവന്ത് മാനെയാണ് കെജ്രിവാള്‍ രംഗത്തിറക്കിയത്. ഡല്‍ഹിയില്‍ ആം ആദ്മി നഗരവാസികളുടെ പാര്‍ട്ടിയാണ്. എന്നാല്‍, പഞ്ചാബില്‍ കെജ്രിവാളിന് സ്വീകാര്യത ഗ്രാമങ്ങളിലാണ്. അത് ഭരണംപിടിക്കാന്‍ മാത്രമുള്ള അടിയൊഴുക്കായി മാറുമോയെന്നത് കണ്ടറിയണം. 2014ലെ പ്രതിച്ഛായ ആം ആദ്മിക്ക് ഇപ്പോള്‍ പഞ്ചാബില്‍ ഇല്ല.

പാര്‍ട്ടിയിലെ ചേരിപ്പോരും പിളര്‍പ്പുമാണ് കാരണം.  ‘ഈമാന്‍ ദാരി’ രാഷ്ട്രീയം പറഞ്ഞ് രംഗത്തുവന്ന പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ ഛോട്ടേപുര്‍ സീറ്റ് വിതരണത്തിന് സ്വന്തം പാര്‍ട്ടിക്കാരില്‍നിന്ന് കൈക്കൂലി വാങ്ങിയതിനാണ് പുറത്താക്കപ്പെട്ടത്. കെജ്രിവാളിനെതിരെ ഏകാധിപത്യം ആരോപിച്ച് രണ്ട് എം.പിമാര്‍ പുറത്തുപോയി. ഭരണം പിടിക്കുമെന്ന് പറയുമ്പോഴും  മുഖ്യമന്ത്രി ആരെന്ന് പാര്‍ട്ടി പറയുന്നില്ല. കെജ്രിവാളിന് മോഹമുണ്ടെന്നാണ് എതിരാളികളുടെ പ്രചാരണം.

സിസോദിയയുടെ നാക്കുപിഴ അതിന് വിശ്വാസ്യതയും നല്‍കി.  പുറത്തുനിന്ന് വന്ന് തങ്ങളെ ഭരിക്കേണ്ടെന്ന വികാരം ഇളക്കിവിടുന്നത് കെജ്രിവാളിന് തിരിച്ചടിയാണ്.

ഡല്‍ഹിയില്‍ പരീക്ഷിച്ച് ജയിച്ച തന്ത്രമാണ് പഞ്ചാബിലും കെജ്രിവാള്‍ പയറ്റുന്നത്. കൃത്യമായ ആസൂത്രണത്തോടെ, വീടുകയറിയുള്ള വോട്ടുപിടിത്തമാണ് ആം ആദ്മിയുടേത്. ഓരോ ജില്ലയിലും ഡല്‍ഹിയില്‍ നിന്നുള്ള പ്രഫഷനലുകള്‍ മാസങ്ങളായി ആം ആദ്മിക്കുവേണ്ടി പണിയെടുക്കുന്നു. ഡല്‍ഹിയെ വിസ്മയിപ്പിച്ച കെജ്രിവാള്‍ പഞ്ചാബില്‍ അദ്ഭുതം ആവര്‍ത്തിക്കുമെന്ന് പറയാറായിട്ടില്ല. എങ്കിലും ഒന്നുറപ്പ്. കുറ്റിച്ചൂലിനെ എഴുതിത്തള്ളാനാവില്ല.

Tags:    
News Summary - is punjab be delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.