രാജഭരണ കാലത്ത് രാജ്ഞിമാരുടെ പ്രസവത്തെ, പ്രസവം എന്നല്ല, ‘തിരുവയറൊഴിയൽ’ എന്നാണ് വ ിശേഷിപ്പിച്ചിരുന്നത്. അത്തരത്തിൽ ഇന്ത്യയിലെ ‘പ്രഥമ കുടുംബ’ത്തിലെ ഇളമുറ തമ്പുരാ െൻറ സ്ഥാനാർഥി പ്രഖ്യാപനത്തെ അങ്ങനെ പറയാമോ എന്നറിയില്ല. ഏതായാലും കാത്തുകാത്തിരുന് ന ‘അത്’ ഒടുവിൽ ഇന്നലെ സംഭവിച്ചു.
ഇതോടെ വയനാട്ടുകാരും കോൺഗ്രസുകാരുമല്ല, വിഷു ബമ്പ ർ അടിച്ച അവസ്ഥയിലായത് സി.പി.ഐക്കാരാണ്. ഇങ്ങനെ ഒന്ന് ഉണ്ടെന്നുതന്നെ, കേരളത്തിന് പുറ ത്തുള്ളവർ മറന്നുതുടങ്ങിയതാണ്. എന്തിന്, ദേശീയ പാർട്ടി പദവിതന്നെ കൈയാലപ്പുറത്താണ്. അപ്പോഴാണ് ഇങ്ങനെ ഒരു മഹാഭാഗ്യം വന്നുചേർന്നത്.
ഇങ്ങനെ ഒന്ന് വരാനിരിക്കുന്നുവെന്നും അതുകണ്ട് ആരും -പ്രത്യേകിച്ച് സി.പി.എമ്മുകാർ- അസൂയപ്പെടരുതെന്നും കരുതിയാണ്, കോൺഗ്രസുമായി ചേർന്ന് ദേശീയ ബദൽ വേണമെന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ പ്രമേയം വരെ പാസാക്കിയത്. എന്നാൽ, ബുദ്ധി വൈകുന്ന അസുഖമുള്ളതുകൊണ്ട് സി.പി.എമ്മുകാർ അപ്പോഴും വലിയ ജാടയും പടവും കൊണ്ടുനടന്നു.
ഇപ്പോൾ എന്തായി, കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷനെ നേരിടുന്നത് സി.പി.ഐ മുൻ ജില്ല സെക്രട്ടറി. ഇനി ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ വരെ നിറഞ്ഞുനിൽക്കാൻ പോവുകയാണ് സി.പി.ഐ. രാഹുൽ vs സുനീർ എന്നല്ല, കോൺഗ്രസ് vs കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നാവും അതിലെല്ലാം വരുക. ഇന്ത്യൻ കമ്യൂണിസത്തിെൻറ മുഖമായി മാറുകയാണ് അവർ. ഇനി തോറ്റാൽത്തന്നെയെന്ത്, സൈക്കിൾ ഇടിച്ചു വീഴുന്നതിനെക്കാൾ നല്ലത് െബൻസ് ഇടിക്കുന്നതാണല്ലോ?
രാഹുലിെൻറ വയനാട് വരവ് പ്രഖ്യാപിക്കാനുള്ള ഭാഗ്യമുണ്ടായത് എ.കെ. ആൻറണിക്കാണ്. വർഷങ്ങൾക്കു മുമ്പ്, ഇന്ദിര ഗാന്ധി എന്ന രാഹുലിെൻറ മുത്തശ്ശി അയൽസംസ്ഥാനമായ കർണാടകയിലെ ചിക്കമംഗളൂരിൽ മത്സരിക്കാനെത്തിയിരുന്നു. അതിെൻറ പേരിൽ മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞയാളാണ് അന്നത്തെ ആദർശധീരനായിരുന്ന ഈ ആൻറണി.
ഇപ്പോൾ കൊച്ചുമോനെ കേരളത്തിലേക്ക് വരവേൽക്കുന്നതും അദ്ദേഹംതന്നെ. ഇതിനാണ് കാവ്യനീതി എന്നു പറയുന്നത്. മുത്തശ്ശിയുടെ പേരിൽ ആൻറണിക്ക് മുഖ്യമന്ത്രി സ്ഥാനം പോയെങ്കിൽ കൊച്ചുമോൻ വരുന്നതോടെ വഴിയാധാരമായത് ആൻറണിയുടെ ശിഷ്യനായ ഉമ്മൻ ചാണ്ടിയുടെ ശിഷ്യൻ ടി. സിദ്ദീഖിനും. അവിടെയും വന്നു ഒരു തലമുറമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.