തിരുവനന്തപുരം: കേരളത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെയുള്ള പ്രതിരോധ മുന്നേറ്റത്തിന് ഇന്ന് കാസർകോട്ട് തുടക്കം. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ വൈകീട്ട് 4.30ന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.
അഞ്ചിന് കാസർകോട് മണ്ഡലത്തിൽ സ്വീകരണം. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ ബിജു മാനേജരായ ജാഥയിൽ കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.സ്വരാജ്, ജെയ്‌ക് സി.തോമസ്, കെ.ടി ജലീൽ എം.എൽ.എ എന്നിവർ സ്ഥിരാംഗങ്ങളാണ്.
കാസർകോട് ജില്ലയിൽ തിങ്കളും ചൊവ്വയുമായി അഞ്ചിടത്ത് പര്യടനമുണ്ട്. ഓരോ കേന്ദ്രത്തിലും പതിനായിരംപേർ ജാഥയെ സ്വീകരിക്കാനെത്തും. ചുവപ്പു വളന്റിയർമാർ ഗാർഡ് ഓഫ് ഓണർ നൽകും. കലാപരിപാടികളും അരങ്ങേറും. ചൊവ്വ രാവിലെ എട്ടിന് കാസർകോട് ഗസ്‌റ്റ് ഹൗസിൽ ജാഥാ ലീഡർ എം.വി ഗോവിന്ദൻ പ്രമുഖരുമായി സംവദിക്കും. സംഘടനാ നേതാക്കൾ, വ്യവസായികൾ, സംരംഭകർ, എഴുത്തുകാർ, കലാകാരന്മാർ, വിവിധ മേഖലയിലെ വിദഗ്‌ധർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ അടുത്ത മാസം 18 ന് തിരുവനന്തപുരത്ത് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.