രണ്ടില ചിഹ്നം അനുവദിക്കണം; ജോസഫിന് ജോസ് കെ. മാണിയുടെ കത്ത്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ജെ. ജോസഫിന് ജോസ് കെ. മാണി ഇ-മെയിൽ കത്തയച്ചു. പി.ജെ. ജോസഫിനെ കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ എന്ന് അഭിസംബോധന ചെയ്താണ് കത്തയച്ചത്. അതേസമയം, സ്ഥാനാർഥി തർക്കം തുടരുന്നതിനിടയിൽ ജോസ് വിഭാഗത്തിന്‍റെ തന്ത്രമാണ് കത്തെന്ന് ജോസഫ് വിഭാഗം ആരോപിക്കുന്നു.

ബുധനാഴ്ച മൂന്ന് മണിയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയം. ഇതിന് തൊട്ടുമുമ്പാണ് ജോസ് കെ. മാണി ചിഹ്നം ആവശ്യപ്പെട്ട് പി.ജെ. ജോസഫിന് കത്തയച്ചത്. അവസാന നിമിഷം കത്തയച്ചത് യു.ഡി.എഫ് നിർദേശം അനുസരിക്കുന്നുവെന്ന് കാണിക്കാനുള്ള തന്ത്രമാണെന്നാണ് ജോസഫ് വിഭാഗം ആരോപിക്കുന്നത്.

പാലാ ഉപതെരഞ്ഞെടുപ്പിനായി ജോസ് വിഭാഗം ഇതുവരെ രണ്ടില ചിഹ്നം ആവശ്യപ്പെട്ടിട്ടില്ലെന്ന് പി.ജെ ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ജോസ് ടോമിന്‍റെ നാമനിർദേശപത്രികയിൽ ഒപ്പുവെക്കില്ലെന്നും കേരള കോൺഗ്രസിന് പാലായിൽ ഒദ്യോഗിക സ്ഥാനാർഥിയില്ലെന്നും ഇന്നലെ ജോസഫ് തുറന്നടിച്ചിരുന്നു.

നാടകീയ രംഗങ്ങൾ അരങ്ങേറിയ ബുധനാഴ്ച പി.ജെ. ജോസഫ് വിഭാഗത്തിൽ നിന്നും ജോസഫ് കണ്ടത്തിൽ നാമനിർദേശ പത്രിക നൽകിയിരുന്നു. ചിഹ്നം നഷ്ടപ്പെടാതിരിക്കാനാണ് ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ കേരള കോൺഗ്രസിൽ നിന്ന് രണ്ട് സ്ഥാനാർഥിയായി.

കൃത്രിമ മാർഗത്തിലൂടെ രണ്ടില ചിഹ്നം നേടാതിരിക്കാനാണ് സ്ഥാനാർഥിയെ നിർത്തിയതെന്നും സൂക്ഷ്മ പരിശോധനക്ക് ശേഷം ജോസഫ് കണ്ടത്തിൽ പത്രിക പിൻവലിക്കുമെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags:    
News Summary - pala bypoll kerala congress conflict -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.