സംസ്ഥാനം മുമ്പെങ്ങും അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനം മുമ്പെങ്ങും അഭിമുഖീകരിക്കാത്ത വിധമുള്ള സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. പ്രതിസന്ധിക്ക് അതിന് ആധാരമായ ഘടകങ്ങൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ളതാണെന്നും പറഞ്ഞു. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടിയുള്ള "മാധ്യമം" റിപ്പോർട്ട് ശരിവെക്കുകയാണ് നിയമസഭയിലെ മന്ത്രിയുടെ മറുപടി.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് റവന്യൂ കമ്മി ഗ്രാൻറിൽ നടപ്പ് സാമ്പത്തിക വർഷം 6,716 കോടി രൂപയുടെ കുറവുണ്ടായി. മുൻ സാമ്പത്തിക വർഷങ്ങളിലെ അധിക കടമെടുപ്പ്, പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ് എന്നിവ ചൂണ്ടിക്കാട്ടിയും സർക്കാരിന് കീഴിലെ സ്ഥാപനങ്ങൾ എടുത്ത വായ്പകൾ സർക്കാർ കടമായി കണക്കിലെടുത്തും നടപ്പ് വർഷത്തെ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയിൽ 24,638.66 കോടി രൂപ കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കി.

ഇതോടൊപ്പം, ചരക്ക് സേവന നികുതി നടപ്പിലാക്കിയപ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടത്തിനുള്ള നഷ്ടപരിഹാരം തുടരുന്ന കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. അതിനാൽ ഈ ഇനത്തിൽ നടപ്പ് സാമ്പത്തിക വർഷം മാത്രം സംസ്ഥാനത്തിന് ഏതാണ്ട് ഒൻപതിനായിരം കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്.

2022 ജൂൺ വരെയുള്ള കാലയളവിൽ നിയമപ്രകാരം സർക്കാരിന് ലഭിക്കേണ്ട ചരക്ക് സേവന നികുതി നഷ്ടപരിഹാരത്തിലെ കുടിശിക മാത്രം വകുപ്പുതല കണക്കുകൾ പ്രകാരം 750 കോടിക്ക് മുകളിൽ വരും. അതേ സമയം, ചെലവുകളിന്മേൽ മേൽ പ്രതിപാദിച്ച കുറവിന് ആനുപാതികമായി വെട്ടിച്ചുരുക്കൽ വരുത്തുക പ്രായോഗികമല്ല. ഈ കാരണങ്ങളാണ് പ്രധാനമായും പൊടുന്നനെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത്.

പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയും കേന്ദ്ര സർക്കാർ അനുവർത്തിച്ച വികലമായ നയങ്ങളും പ്രതിസന്ധിയുണ്ടാക്കി. ഇതിനു പരിഹാരം കാണുന്നതിനുള്ള വ്യക്തമായ റോഡ് മാപ്പ് തയാറാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നത്.

നികുതി പിരിവ് ഊർജ്ജിതപ്പെടുത്തിയും അനാവശ്യ ചെലവുകൾ ഒഴിവാക്കിയും ചെലവുകളിൽ മിതത്വം പാലിച്ചും സാമ്പത്തിക അച്ചടക്കത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഊന്നിയുളള നടപടികളിലൂടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.വിൻസന്റെ്, ടി.ജെ വിനോദ്, സനീഷ് കുമാർ ജോസഫ് എന്നിവർക്ക് മന്ത്രി മറുപടി നൽകി. 

Tags:    
News Summary - KN Balagopal said that the state is in an unprecedented economic crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.