പിണറായി വിജയൻ സാഡിസ്റ്റാണെന്ന് കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി സാഡിസ്റ്റാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കേരളം പൊലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണ്. എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ പോലീസിന്റെയും സി.പി.എമ്മിന്റെയും ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മും പൊലീസും നടത്തുന്ന അക്രമങ്ങളെ മുഖ്യമന്ത്രി ആസ്വദിക്കുകയാണ്. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മുഖമാണ്. ഭീകര താണ്ഡവമാടാന്‍ പൊലീസിന് നിര്‍ദേശം കൊടുത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. പൊലീസ് പിടിച്ചുവെച്ച കുട്ടികളെ തല്ലാന്‍ വരുന്ന ഗണ്‍മാന്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ചോദിച്ച അദ്ദേഹം, പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാഷ്ട്രീയ നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.

നവകേരള സദസ് പൊളിഞ്ഞതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്ക്. കോണ്‍ഗ്രസിന്റ ഡി.ജി.പി ഓഫീസ് മാര്‍ച്ചില്‍ കേരളാ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് അസാധാരണ നീക്കമാണ്. കെ.പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ടിയര്‍ ഗ്യാസ് എറിഞ്ഞത് ബോധപൂര്‍വമാണ്. ഇതിന് പിന്നില്‍ ഉന്നത പ്രേരണയുണ്ട്. എഫ്.ഐ.ആറിലുള്ള ഉദ്യോഗസ്ഥനെ സുരക്ഷാ ഡ്യൂട്ടിയില്‍ നിയോഗിക്കാന്‍ പാടില്ല.

നീതിബോധമുള്ള മുഖ്യമന്ത്രിയായിരുന്നെങ്കില്‍ ചട്ടവിരുദ്ധമായി പെരുമാറിയ ഗണ്‍മാനെ സംരക്ഷിക്കാതെ കേസെടുക്കുമായിരുന്നു. സംസ്ഥാന പൊലീസ് മേധാവി എന്ത് ചെയ്യുകയാണ് കേരളത്തില്‍? ഗണ്‍മാന്‍ ഇപ്പോള്‍ വി.ഐ.പിയാണ്. പൂര്‍ണ സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍. പൊലീസ് അക്രമ ഫാസിസ്റ്റ് ഭരണമാണ് കേരളത്തില്‍. ഈ പോക്ക് സി.പി.എമ്മിന്റെ വിനാശത്തിലേക്കാണ്.

പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ വരെ കേസ് എടുത്തിരിക്കുകയാണ്. ദില്ലിയില്‍ മോദി കേസ് എടുക്കുന്നു, കേരളത്തില്‍ പിണറായി കേസ് എടുക്കുന്നു. മോദിയുടെ കേരളാ പതിപ്പാണ് പിണറായി വിജയനെന്നും അക്രമത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.

Tags:    
News Summary - KC Venugopal says that Pinarayi is a sadist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.