കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കരുത്തുകാട്ടിയശേഷം വഴിയിൽ ഇടറിവീണ രാഷ്ട്രീയ പാർട്ടികൾ ഏറെ. കേരളത്തിലടക്കം ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കുകയും കോ ൺഗ്രസ് മേധാവിത്വത്തെ വെല്ലുവിളിക്കുകയും ചെയ്ത കിസാൻ മസ്ദൂർ പ്രജ പാർട്ടി, പ്രജ സോഷ്യലിസ്റ്റ് പാർട്ടിയടക്കമുള്ളവയാണ് ലയിച്ചും മറ്റും ഇല്ലാതായത്.
ആദ്യ ലോ ക്സഭ തെരഞ്ഞെടുപ്പിൽ ഒമ്പതു സീറ്റുകളുമായി രാജ്യത്ത് സാന്നിധ്യമറിയിച്ച പാർട്ടി യായിരുന്നു കിസാൻ മസ്ദൂർ പ്രജ പാർട്ടി (കെ.എം.പി.പി). മദ്രാസ് സംസ്ഥാനത്തിൻെറ ഭാഗമാ യിരുന്ന കോഴിക്കോട്ടും പൊന്നാനിയിലും 1952ലെ തെരഞ്ഞെടുപ്പിൽ ജയിച്ചത് കെ.എം.പി.പി ആയി രുന്നു. കോഴിക്കോട്ട് അച്യുതൻ ദാമോദര മേനാനും പൊന്നാനിയിൽ കെ. കേളപ്പനും ഈ പാർട്ടിയുടെ ബാനറിൽ മികച്ച വിജയം സ്വന്തമാക്കി. കരുത്തരായ കോൺഗ്രസ് സ്ഥാനാർഥികളായ പി.പി. ഉമ്മർ കോയയും കരുണാകര മേനോനുമായിരുന്നു എതിരാളികൾ.
കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞ് ആചാര്യ കൃപലാനി സ്ഥാപിച്ച കിസാൻ മസ്ദൂർ പ്രജ പാർട്ടി മദ്രാസിലും പശ്ചിമ ബംഗാളിലും ഭരണം നടത്തിയ പാർട്ടിയായിരുന്നു. ആദ്യ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾക്കകം സോഷ്യലിസ്റ്റ് പാർട്ടിയായി രൂപാന്തരം പ്രാപിച്ചു. പിന്നാലെ, പ്രജ സോഷ്യലിസ്റ്റ് പാർട്ടിയിൽ (പി.എസ്.പി) ലയിച്ച് സോഷ്യലിസ്റ്റ് പാർട്ടിയും ഇല്ലാതായി.
1957ൽ കേരളത്തിൽനിന്നുള്ള ഒന്നടക്കം രാജ്യത്തെ 19 സീറ്റുകളിൽ പി.എസ്.പി ജയിച്ചുകയറി. അസം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെല്ലാം പി.എസ്.പി വിജയം നേടി. മൺവെട്ടിയും കോരിയുമായിരുന്നു തെരഞ്ഞെടുപ്പ് ചിഹ്നം. വടകരയിൽ കെ.ബി. മേനോൻ പി.എസ്.പി ടിക്കറ്റിൽ ജയിച്ചു. കോൺഗ്രസിൻെറ ഗോപാലൻ കരിപ്പൂരായിരുന്നു എതിർ സ്ഥാനാർഥി.
1962ൽ സംസ്ഥാനത്ത് മത്സരിച്ച മൂന്നിടത്തും തോൽക്കാനായിരുന്നു പി.എസ്.പിയുടെ വിധി. അമ്പലപ്പുഴയിൽ ബേബിജോൺ സി.പി.ഐയുടെ കരുത്തനായ പി.കെ. വാസുദേവനോടും വടകരയിൽ കെ.ബി. മേനോൻ സ്വതന്ത്രനായ എ.വി. രാഘവനോടുമാണ് തോറ്റത്. കാസർകോട്ട് സാക്ഷാൽ എ.കെ. ഗോപാലനോട് കെ.ആർ. കാരന്തും കീഴടങ്ങിയതോടെ മൂന്നാം ലോക്സഭ തെരഞ്ഞെടുപ്പിൽ പി.എസ്.പി കേരളത്തിൽ സം‘പൂജ്യ’ തോൽവിയടഞ്ഞു. എന്നാൽ, ദേശീയതലത്തിൽ 13 സീറ്റുകൾ പാർട്ടി നേടി.
1971ലെ തെരഞ്ഞെുടപ്പിൽ ചിറയിൻകീഴിൽ ഡി. ദാമോദരൻ പോറ്റി പി.എസ്.പി സ്ഥാനാർഥിയായെങ്കിലും വയലാർ രവിയോട് തേറ്റു. ജനത പരിവാറിലേക്കും കോൺഗ്രസിലേക്കുമെല്ലാം ചേക്കേറിയതോടെ പി.എസ്.പി പിന്നീട് ശോഷിച്ചു.
ബി.ജെ.പി നേതൃത്വത്തിൽ കേരളത്തിൽ എൻ.ഡി.എ രൂപവത്കരിച്ചപ്പോൾ പി.എസ്.പിയുടെ പേരും പട്ടികയിലുണ്ടായിരുന്നു. എന്നാൽ, ഇവർക്ക് പ്രവർത്തനമൊന്നുമില്ല. പി.എസ്.പിയിൽനിന്ന് തെറ്റിപ്പിരിഞ്ഞ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയും (എസ്.എസ്.പി) നാമാവശേഷമായി. 1967ൽ മാവേലിക്കരയിലും തിരുവനന്തപുരത്തും ജയിച്ചത് എസ്.എസ്.പി സ്ഥാനാർഥികളാണ്.
1976ൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിൽനിന്ന് വേർപിരിഞ്ഞുണ്ടായ എം.എൽ (ഒ) മുസ്ലിം ലീഗ് (ഓപ്പോസിഷൻ) ’77ലെ ലേക്സഭ തെരഞ്ഞെടുപ്പിൽ മഞ്ചേരിയിലും പൊന്നാനിയിലും തോൽക്കുകയായിരുന്നു. പിന്നീട് അഖിലേന്ത്യ ലീഗായി മാറി. ഒടുവിൽ 1985ൽ മുസ്ലിം ലീഗിൽ ലയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.